പീഡനാരോപണം: സ്ലോവേനിയൻ പുരോഹിതനെ സഭയിൽ നിന്ന് പുറത്താക്കി

ലൈംഗികാരോപണങ്ങളെത്തുടർന്ന് പ്രമുഖ സ്ലൊവേനിയൻ പുരോഹിതനെ സഭയിൽ നിന്ന് പുറത്താക്കിയതായി റോമൻ കത്തോലിക്കാ സഭയിലെ പുരുഷ സന്യാസസമൂഹമായ ജെസ്യൂട്ട്. റവ. മാർക്കോ ഇവാൻ രൂപ്നിക്കിനെതിരെയാണ് നടപടി. 30 വർഷത്തിനിടെ നിരവധി സ്ത്രീകളെ ലൈംഗികമായും ആത്മീയമായും മാനസികമായും മർക്കോ ഇവാൻ പീഡിപ്പിച്ചുവെന്നാണ് ആരോപണം.
കത്തോലിക്കാ സഭയിലെ ഏറ്റവും പ്രശസ്തരായ വൈദികരിൽ ഒരാളാണ് രൂപ്നിക്. പുറത്താക്കൽ ഉത്തരവിനെതിരെ അപ്പീൽ നൽകാൻ രൂപ്‌നിക്കിന് 30 ദിവസത്തെ സമയമുണ്ടെന്ന് ജെസ്യൂട്ട് പ്രസ്താവനയിൽ പറയുന്നു. പുറത്താക്കപ്പെട്ടെങ്കിലും രൂപ്നിക് ഒരു വൈദികനായി തുടരും. ഒരു ജെസ്യൂട്ട് പുരോഹിതനായിരിക്കില്ലെന്ന് മാത്രം. അദ്ദേഹത്തിന് ഒരു രൂപതയിൽ ചേരാൻ കഴിയും, എന്നാൽ അത്തരമൊരു പ്രക്രിയയ്ക്ക് വർഷങ്ങളെടുക്കും. മാത്രമല്ല അദ്ദേഹത്തെ സ്വീകരിക്കാൻ ഒരു ബിഷപ്പ് കൂടി സമ്മതിക്കേണ്ടതുണ്ട്.
നേരത്തെ പീഡനാരോപണങ്ങൾ ഉയർന്നപ്പോൾ സഭയിലും വത്തിക്കാനിലുമുള്ള ഉയർന്ന പദവി കാരണം അദ്ദേഹം ശിക്ഷയിൽ നിന്ന് ഏറെക്കുറെ രക്ഷപ്പെടുകയായിരുന്നു. ഫ്രാൻസിസ് മാർപാപ്പയുടെ പങ്ക് പോലും ചോദ്യം ചെയ്യപ്പെട്ടിരുന്ന സമയമായിരുന്നു അത്. കഴിഞ്ഞ വർഷം ഡിസംബറിൽ ഇറ്റാലിയൻ ബ്ലോഗുകളും വെബ്‌സൈറ്റുകളും രൂപ്‌നിക്കിനെതിരെ പീഡന ആരോപണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പീഡനത്തിനിരയായ സ്ത്രീകൾ വർഷങ്ങളായി ഇയാളുടെ ദുരുപയോഗത്തെക്കുറിച്ച് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും പരാതികൾ മൂടിവയ്ക്കപ്പെടുകയാണ് ഉണ്ടായതെന്നും ആക്ഷേപമുയർന്നു.
Story Highlights: Jesuits expel prominent priest Rupnik after allegations of abuse against adult women
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here