കോടികളുടെ തട്ടിപ്പ്: 21 ബിഎസ്എൻഎൽ ഉദ്യോഗസ്ഥർക്കെതിരെ കേസ്, 25 സ്ഥലങ്ങളിൽ സിബിഐ റെയ്ഡ്

ബിഎസ്എൻഎൽ മുൻ ജനറൽ മാനേജർ ഉൾപ്പെടെ 21 ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ. ബിഎസ്എൻഎല്ലിനെ കബളിപ്പിക്കാൻ ഒരു കരാറുകാരനുമായി ചേർന്ന് കുറ്റാരോപിതരായ ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. പ്രതികളുമായി ബന്ധപ്പെട്ട 25 സ്ഥലങ്ങളിൽ സിബിഐ സംഘം വെള്ളിയാഴ്ച പരിശോധന നടത്തി.
ബിഎസ്എൻഎൽ അസം സർക്കിളിലെ മുൻ ജനറൽ മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ, അസിസ്റ്റന്റ് ജനറൽ മാനേജർ, ജോർഹട്ട്, സിബ്സാഗർ, ഗുവാഹത്തി തുടങ്ങിയ സ്ഥലങ്ങളിലെ ചീഫ് അക്കൗണ്ട്സ് ഓഫീസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എഫ്‌ഐആറിൽ ഒരു സ്വകാര്യ വ്യക്തിയുടെ പേരും പരാമർശിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
നാഷണൽ ഒപ്റ്റിക്കൽ ഫൈബർ നെറ്റ്‌വർക്ക് കേബിളുകൾ സ്ഥാപിക്കുന്നതിന് കിലോമീറ്ററിന് 90,000 രൂപ നിരക്കിൽ ഓപ്പൺ ട്രെഞ്ചിംഗ് രീതിയിലൂടെ കരാറുകാരന് വർക്ക് ഓർഡർ നൽകിയെന്ന് സിബിഐ വക്താവ് പ്രസ്താവനയിൽ പറഞ്ഞു. കരാർ വ്യവസ്ഥകളിൽ കൃത്രിമം കാണിച്ച് ബിഎസ്എൻഎല്ലിന് 22 കോടിയോളം രൂപ നഷ്ടമുണ്ടായതായും അദ്ദേഹം പറഞ്ഞു.
എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് ശേഷം, അസം, ബീഹാർ, പശ്ചിമ ബംഗാൾ, ഒഡീഷ, ഹരിയാന എന്നിവിടങ്ങളിലെ പ്രതികളുടെ ഓഫീസുകളും വസതികളും ഉൾപ്പെടെ 25 സ്ഥലങ്ങളിൽ സിബിഐ വെള്ളിയാഴ്ച റെയ്ഡ് നടത്തിയിരുന്നു.
Story Highlights: Case Against 21 BSNL Officials Over Corruption, CBI Raids At 25 Locations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here