Advertisement

കോട്ടയം ആദ്യ സമ്പൂര്‍ണ സാക്ഷര നഗരമാകുന്നതിന് പിന്നില്‍ വിസ്മൃതിയിലായവരുടേയും കഥ; നെഞ്ചില്‍ തറയ്ക്കുന്ന ആഖ്യാനം; കെ പി ജയകുമാറിന്റെ ‘ആ’ നോവല്‍ റിവ്യൂ

June 17, 2023
Google News 6 minutes Read
K P jayakumar aaa novel review

1989ലാണ് കോട്ടയം കേരളത്തിലെ ആദ്യ സമ്പൂര്‍ണ സാക്ഷര നഗരമാകുന്നത്. നൂറ് ദിവസം കൊണ്ട് നൂറ് ശതമാനം സാക്ഷരത എന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിച്ച സാക്ഷരതാ പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തിലാണ് കെ പി ജയകുമാറിന്റെ ആ എന്ന നോവല്‍ എഴുതപ്പെട്ടിരിക്കുന്നത്. നൂറ് ശതമാനം സാക്ഷരത എന്ന ലക്ഷ്യ പൂര്‍ത്തീകരണത്തിന്റെ തൊണ്ണൂറാം ദിവസം വന്നുചേരുന്ന കളക്ടര്‍ മുതല്‍ നിരക്ഷരനായി തുടരാന്‍ ആഗ്രഹിച്ച കുട്ടപ്പന്‍ എന്ന മനുഷ്യന്റെ വരെ കഥ തൊട്ടുപോകുന്ന നോവല്‍ ചരിത്രവും കഥകളും നീതിയും അനീതിയും ഗ്രാമീണതയും നാഗരികതയും ഓര്‍മയും വിസ്മൃതിയും കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു വിശാല ഭൂമിയിലേക്ക് പടരുന്നു. കെ പി ജയകുമാറിന്റെ ആ എന്ന നോവലിനെക്കുറിച്ച് മിഥുന്‍ മോഹന്‍ എഴുതിയ കുറിപ്പ് വായിക്കാം… (K P jayakumar aaa novel review)

‘ആ’ ഒരു കുറ്റാനേവേഷണ നോവലാണ്. എന്താണ് കുറ്റം? ദുരൂഹ മരണമോ കൊലപാതകമോ അല്ല. നോവലില്‍ തന്നെ പറയുന്നതുപോലെ ‘ചോരപൊടിയാത്ത ഹിംസയുടെ” ചരിത്രമാണ്. 1989ലാണ് കോട്ടയം നഗരം സമ്പൂര്‍ണ്ണ സാക്ഷരമാകുന്നത്. നൂറ് ദിവസംകൊണ്ട് നൂറ് ശതമാനം സാക്ഷരത അതായിരുന്നു പദ്ധതി. ആ സാക്ഷരതാ പ്രസ്ഥാനത്തിലേയ്ക്ക് തൊണ്ണൂറാം ദിവസം മാത്രം വന്നുചേരുന്ന ഒരാള്‍ (കളക്ടര്‍) ആ മുന്നേറ്റത്തിന്റെ പിതാവാകുന്നു. കളക്ടറെ ലോകം വാഴ്ത്തുന്നു. അതിനായി പണിയെടുത്തവരും വിയര്‍ത്തവരും ചരിത്രത്തില്‍നിന്ന് മാഞ്ഞുപോകുന്നു. ഈ സംഭവങ്ങള്‍ക്കെല്ലാം സാക്ഷിയായിരുന്ന സദാനന്ദന്‍ എന്ന പഴയ ഉദ്യോഗസ്ഥന്റെ ഡയറി കയ്യില്‍ കിട്ടുന്നിടത്താണ് ‘ആ’ നോവല്‍ ആരംഭിക്കുന്നത്. സുഹൃത്ത് ഡോ. വിനോദാണ് മറവി രോഗിയായി മാറിക്കൊണ്ടിരിക്കുന്ന സദാനന്ദന്റെ ഡയറിക്കുറിപ്പുകള്‍ എഴുത്തുകാരനെ കാണിക്കുന്നത്. ഓര്‍മ്മകള്‍ നഷ്ടപ്പെടുകയും ചിലപ്പോള്‍ തിരിച്ചുകിട്ടുകയും ചെയ്യാറുള്ള സദാനന്ദന്‍ ഓര്‍മ്മകള്‍ തിരിച്ചുകിട്ടുന്ന സമയങ്ങളില്‍ എഴുതാറുള്ള പല ഡയറികളില്‍ ഒന്നായിരുന്നു അത്. ആ ഡയറി വായിക്കുന്നതോടെയാണ് ‘ആ’ ഒരു കുറ്റാന്വേഷണ കഥയായി മാറുന്നത്.

അക്ഷരനഗരത്തിന്റെയും സാക്ഷരതാ മുന്നേറ്റത്തിന്റെയും പിതാവായി കളക്ടര്‍ എങ്ങനെ മാറി? പ്രൊഫ. ജോണ്‍ പറഞ്ഞുകൊടുത്ത് സദാനന്ദന്‍ കേട്ടെഴുതിയ കോട്ടയം സാക്ഷരതയെക്കുറിച്ചുള്ള പുസ്തകം എങ്ങനെ കളക്ടറുടെ പേരില്‍ പ്രസിദ്ധീകരിച്ചു? കോട്ടയം സാക്ഷരതയ്ക്കുവേണ്ടി പണിയെടുത്ത പ്രൊഫ. ജോണും എന്‍ എസ് എസ് വാളണ്ടിയര്‍മാരും മറ്റ് സാമൂഹിക പ്രവര്‍ത്തകരും എന്തുകൊണ്ട് ചരിത്രത്തില്‍ ഇല്ല? ‘ മറ്റേതു ചരിത്രവും പോലെ ഇവിടെയും അലഞ്ഞവരും വിയര്‍ത്തവരും പുറംതള്ളപ്പെട്ടു. ഇടയിലെപ്പോഴോ കാഴ്ചക്കരായി കടന്നു കൂടിയവര്‍ ചരിത്രത്തിന്റെ അവകാശികളായി ‘ കളക്ടറുടെ പ്രവര്‍ത്തിയുടെ പിന്നാമ്പുറം തേടി പോകുന്ന അന്വേഷകനായ കഥാകാരന്‍ തന്റെ വഴിയില്‍ പരിചയപ്പെടുന്ന പേരുകളാണ് കുട്ടപ്പനും രാജുവും ജസീന്തയും ജെസിയും…

അവര്‍ ആരാണ്? കോട്ടയം പട്ടണവും ആ മനുഷ്യരും തമ്മിലുള്ള ബന്ധമെന്താണ്? സാക്ഷരതാ പ്രസ്ഥാനത്തില്‍ അവരുടെ പങ്കെന്ത്? അന്വേഷണം ആ വഴിക്ക് നീങ്ങി. ആ യാത്ര കോട്ടയത്തെ നാഗമ്പടം റയില്‍വേ കോളനിയില്‍ നിന്ന് അതിരമ്പുഴയിലേയ്ക്കും നാല്പാത്തി മലയിലേയ്ക്കും മൂന്നാറിലേയ്ക്കും നെടുങ്കണ്ടത്തേയ്ക്കും കമ്പത്തേയ്ക്കും തേവാരത്തേയ്ക്കും മധുരയിലേയ്ക്കും നീണ്ടു. ആകാംക്ഷ നിറഞ്ഞ ആ യാത്രയില്‍ വായനക്കാരും കൂടെ സഞ്ചരിക്കും. ഓരോ പോക്കും പുറത്തുകടക്കാനാവാത്ത കുരുക്കുകളാണ്.

നോവല്‍ ഒരേസമയം രണ്ട് കഥകള്‍ പറയുന്നു. നിരക്ഷരനായതിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ട കുട്ടപ്പന്‍ എന്ന മനുഷ്യന്റെ ജീവിതമാണ് ഒന്ന്. അക്ഷരം പഠിച്ചാലും നീതി കിട്ടത്തില്ലെന്ന് കുട്ടപ്പന്‍ വിശ്വസിച്ചു. നോവല്‍ അവസാനിക്കുമ്പോള്‍ നീതി കിട്ടാത്ത കുട്ടപ്പന്റെ ജീവിതം വായനക്കാരുടെ നെഞ്ചില്‍ കുത്തും. അക്ഷരം അറിയാമായിരുന്നെങ്കില്‍ ഒരു നോവല്‍ എഴുതാമിയിരുന്നു എന്നഗ്രഹിച്ച രാജുവാണ് രണ്ടാനത്തെ മനുഷ്യന്‍. രാജുവിനെ കണ്ടെത്താനാകുന്നില്ല. രാജു ആരായിരുന്നു? എവിടെയാണയാള്‍? ഈ ചോദ്യം നമ്മളെ അലട്ടിക്കൊണ്ടിരിക്കും.

രാജുവിനെ തേടിപ്പോകുന്ന യാത്രയിലാണ് എഴുത്തുകാരന്‍ ശിവകാമിയെക്കുറിച്ച് ഓര്‍ക്കുന്നത്. ഈ നോവലില്‍ എന്നെ ഏറ്റവും സ്പര്‍ശിച്ച കഥാപാത്രം ആയിരുന്നു ശിവകാമി. ജനിച്ചുജീവിച്ച നാട്ടില്‍ അവളുടെ പേരിന് പോലും പ്രസക്തി ഇല്ല. ‘തൂങ്ങി മരിച്ച സമാധാനരാജിന്റെ മകള്‍’ അങ്ങയാണ് അവള്‍ അറിയപ്പെട്ടത്. ആത്മഹത്യചെയ്ത അച്ഛന്റെ സ്മാരകങ്ങളായി ശിവകാമിയും അവളുടെ അമ്മയും മുന്നാറില്‍ ജീവിച്ചു. പിന്നെ മലയിറങ്ങി തമിഴ്‌നാട്ടിലേയ്ക്ക് പോയി. അവളുടെ അച്ഛന്റ മരണവും അതിനുശേഷം കാണാതായ അരുണാചലം പാട്ടിയെയും മറക്കാനാകുന്നില്ല. കണ്ണുനിറയാതെ ആര്‍ക്കും ശിവാകാമിയുടെ ജീവിതം വായിക്കാനാവില്ല. നോവല്‍ വായിച്ചു തീര്‍ത്താലും അവര്‍ നമ്മളെ വിട്ടുപോകില്ല.

ജീവിതത്തില്‍ പല വേഷങ്ങള്‍ കെട്ടി ആടേണ്ടിവന്ന സ്ത്രീയാണ് വിജയാക്ക, നോവലിന്റെ ഒടുവില്‍ അവര്‍ ഇങ്ങനെ പറയുന്നു. ‘അങ്ങനെ പറയാമോ എന്നെനിക്ക് അറിയില്ല. അപര ജന്മം, അതാണ് കൂടുതല്‍ ശരി. ഒറ്റ ജീവിതത്തില്‍ പലതവണ ജനിക്കേണ്ടിവരുന്ന മനുഷ്യരുണ്ട്. മരിക്കുന്നില്ലന്ന് മാത്രം. മരണത്തെക്കാള്‍ ദാരുണമായ വേര്‍പാടുകളോ, പുനര്‍ജന്മങ്ങളോ ഉണ്ടാകും. ഒന്ന് അവസാനിക്കുന്നതും മറ്റൊന്ന് പിറക്കുന്നതും അവരുടെ ഇച്ഛയ്ക്ക് അനുസരിച്ചായിരിക്കില്ല. മടങ്ങിവരാനാവത്തവിധം ജന്മങ്ങള്‍ വേര്‍പെട്ട് പോകും അത്രേ പറയാനുള്ളൂ… ‘ ജീവിതം കൈവിട്ടുപോയി എന്നൊക്കെ സാധാരണ പറയാറില്ലേ, അതാണ് വിജയാക്ക. അങ്ങനെ ജീവിച്ച ഒരു സ്ത്രീയുണ്ടാകുമോ?

ഒരുപാട് മനുഷ്യരുടെ ഓര്‍മ്മകളിലൂടെയാണ് ‘ആ” എന്ന നോവല്‍ സഞ്ചരിക്കുന്നത്. കഥാകരന്‍ പറയുന്നതു പോലെ ‘ഓര്‍മ്മകളുടെ ഫിക്‌സഡ് ഡെപ്പോസിറ്റിന്റെ പലിശ കൊണ്ടാണ് മനുഷ്യര്‍ ജീവിക്കുന്നത്.’ ശരിയല്ലേ? സത്യത്തില്‍ ഓര്‍മ്മയാണ് ഈ നോവല്‍ വായിക്കാന്‍ തന്നെ കാരണം.

2019 ന് ശേഷം ഒരു നോവല്‍ പൂര്‍ണമായി വായിക്കുന്നത് ഇപ്പോഴാണ്. അതിനു മുന്നേയും ഞാന്‍ വായനയുടെ ലോകത്ത് ആയിരുന്നില്ല. ബി എ മലയാളം വിദ്യാര്‍ത്ഥിയായി പഠനം ആരംഭിച്ചപ്പോളാണ് ഗതികേടിന് പുസ്തകങ്ങള്‍ വായിക്കുന്നത്. പ്ലസ് ടു പഠനകാലത്ത് എല്ലാവരും തുടങ്ങും പോലെ ബഷീറിന്റെ രസമുള്ള കഥകളില്‍ തുടങ്ങി. ആട് ജീവിതം, ഖസാക്കിന്റെ ഇതിഹാസം, രണ്ടാമൂഴം മുതലായ കൃതികള്‍ വായിച്ചു. പിന്നെയും നിന്നുപോയ വായന മൂന്നു കൊല്ലത്തിനു ശേഷം ബി എ പഠന കാലത്താണ് ആരംഭിച്ചത്. പഠനം കഴിഞ്ഞിറങ്ങിയപ്പോള്‍ വായനയും നിന്നു. എന്നെ പഠിപ്പിച്ച അധ്യാപകന്റെ നോവലായതുകൊണ്ട് മാത്രമാണ് ഞാന്‍ ഈ പുസ്തകം വാങ്ങിയത്. പഠനകാലത്തിന്റെ ഓര്‍മ്മ, കോളേജിനെക്കുറിച്ചുള്ള ഓര്‍മ്മ അതെല്ലാം പുസ്തകം വാങ്ങാന്‍ കാരണമായിരുന്നു. നോവലില്‍ പറഞ്ഞതുപോലെ ‘ഒരു പ്രായം കഴിഞ്ഞാല്‍ എന്തും എവിടെയും പ്രതീക്ഷിക്കണം.’ അങ്ങനെ ഞാന്‍ വായന തുടങ്ങി.

ഓര്‍മ്മകള്‍ നഷ്ടപ്പെടുന്ന മനുഷ്യര്‍, പേരുകള്‍ നഷ്ടപ്പെടുന്നവര്‍, പേരുകള്‍ തന്നെ ഭാരമാകുന്നതവര്‍, ജീവിതത്തില്‍ ഒരിക്കലും വിജയിക്കാത്തവര്‍, കാണാതെ പോകുന്നവര്‍… പേരാണ് എല്ലാവരുടെയും ഐഡന്റിറ്റി. അതുപോലും നഷ്ടപ്പെടുന്നവരാണ് നോവലിലെ കഥാപാത്രങ്ങള്‍. സ്‌കൂളില്‍ മകനെ ചേര്‍ക്കാന്‍ ചെന്ന അച്ഛനമ്മമാര്‍ മകന് കൃഷ്ണന്‍ എന്നാണ് പേര് പറഞ്ഞത്. സ്‌കൂള്‍ അധികൃതര്‍ അത് ‘കിട്ടന്‍’ എന്നാക്കി. വില്ലേജ് ഓഫീസില്‍ മകളുടെ ജാതി സര്‍ട്ടിഫിക്കറ്റിന് ചെന്നപ്പോള്‍ ‘മലവേടന്റെ മകള്‍ക്കാരാ സീമേന്ന് പേരിട്ടത്…’ എന്ന പരിഹാസമാണ് കുട്ടപ്പന് കിട്ടിയത്. കുട്ടപ്പന്റെ അച്ഛന് സ്വന്തം പേര് അറിയില്ലായിരുന്നു. ഏറ്റവും ഒടുവില്‍ മകളുടെ വിവാഹത്തിന് സാമ്പത്തിക സഹായം ലഭിക്കാന്‍ അപേക്ഷയുമായി ചെല്ലുന്ന കുട്ടപ്പനോട് ഇങ്ങനെയൊരാള്‍ ജീവിച്ചിരിക്കുന്നതിന് തെളിവില്ല എന്നാണ് തഹസീല്‍ദാര്‍ പറയുന്നത്. അധികാരി വര്‍ഗ്ഗത്തിന്റ പച്ച മഷിക്ക് കീഴിലാണ് സാധാരണക്കാരുടെ ജീവിതവും അസ്തിത്വവും.

‘ആ’ എന്നാ നോവലിലെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഒരു വാക്യം കൂടി പറയാം: ‘അഞ്ചപ്പവും അയ്യായിരം പേരും ഒരു രൂപകമാണ്. ഭൂരഹിതര്‍ക്കും ദരിദ്രര്‍ക്കും അഭയാര്‍ത്ഥികള്‍ക്കുമായി രചിച്ച രൂപകം. ‘രചിച്ച’ എന്ന വാക്ക് മനഃപൂര്‍വം ഉപയോഗിക്കുന്നതാണ്. രചനകളാണ് ചരിത്രം നിര്‍മ്മിക്കുന്നത് അഞ്ചപ്പം അയ്യായിരം പേര് അത്രമേല്‍ അസാധ്യമായ കല്പനയാണ്? മിത്തുകള്‍ ഭക്ഷിച്ച് ഇനി എത്രനാള്‍ മനുഷ്യര്‍ക്ക് ജീവിക്കാന്‍ ആകും?” നെഞ്ചില്‍തറച്ച നോവലാണ് ‘ആ” ഇതിലൂടെ എനിക്കെന്റെ വായന തിരിച്ചുകിട്ടി.

പുസ്തകം വാങ്ങുന്നതിനായി https://www.mbibooks.com/product/aa/ സന്ദര്‍ശിക്കുക

Story Highlights: K P jayakumar aaa novel review

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here