Advertisement

‘തോറ്റ നേതാവിന് എംകോമിന് പ്രവേശനം’; ആലപ്പുഴ എസ്എഫ്ഐയിൽ വ്യാജ ഡിഗ്രി വിവാദം

June 17, 2023
Google News 1 minute Read

ആലപ്പുഴ എസ്എഫ്ഐയിലും വ്യാജഡിഗ്രി വിവാദം. എസ്എഫ്ഐ കായംകുളം ഏരിയാ സെക്രട്ടറി നിഖിൽ തോമസിനെതിരെ സിപിഐഎം നേതൃത്വം ഇടപെട്ട് നടപടി എടുത്തു. എംകോം പ്രവേശനത്തിന് സമർപ്പിച്ച സർട്ടിഫിക്കറ്റിനെ ചൊല്ലിയാണ് വിവാദം. ആരോപണവുമായി ബന്ധപ്പെട്ട് ഇന്നലെ ചേർന്ന സിപിഎം ഫ്രാക്ഷൻ യോഗം നിഖിലിനെ വിളിച്ചുവരുത്തി വിശദീകരണം തേടിയ ശേഷം എസ്എഫ്ഐ ജില്ലാ കമ്മിറ്റിയിൽ നിന്നും നീക്കാൻ നിർദേശം നൽകി.

നിലവിൽ കായംകുളം എംഎസ്എം കോളജ് രണ്ടാം വർഷ എംകോം വിദ്യാർത്ഥിയാണ് നിഖിൽ. എംകോം പ്രവേശനത്തിന് നിഖില്‍ തോമസ് എം കോം പ്രവേശനത്തിന് സമര്‍പ്പിച്ച ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് പരാതി. 2018 – 2020 കാലഘട്ടത്തിലാണ് നിഖിൽ തോമസ് കായംകുളം എംഎസ്എം കോളേജില്‍ ബികോം ചെയ്തത്. എന്നാല്‍ ഡിഗ്രി പാസാകാൻ എസ്എഫ്ഐ നേതാവിന് സാധിച്ചില്ല. ഈ കാലത്ത് 2019 ൽ കായംകുളം എംഎസ്എം കോളേജിൽ യുയുസിയും 2020ല്‍ സര്‍വകലാശാല യൂണിയന്‍ ജോയിന്‍റ് സെക്രട്ടറിയുമായിരുന്നു ഇദ്ദേഹം. ഡിഗ്രി തോറ്റ നിഖിൽ പക്ഷെ 2021 ല്‍ കായംകുളം എംഎസ്എം കോളേജിൽ തന്നെ എം കോമിന് ചേര്‍ന്നു. പ്രവേശനത്തിനായി 2019 – 2021 കാലത്തെ കലിംഗ സര്‍വകലാശാലയിലെ ഡിഗ്രി സര്‍ട്ടിഫിക്കറ്റാണ് ഇയാൾ ഹാജരാക്കിയത്.

മൂന്ന് മാസം മുൻപാണ് നിഖിലിനെതിരെ പരാതി ഉയർന്നത്. പരാതിക്കാരി എംഎസ്എം കോളേജിൽ നിഖിലിന്റെ ജൂനിയർ വിദ്യാർത്ഥിയുമാണ്. എസ്എഫ്ഐ ആലപ്പുഴ ജില്ലാ സമ്മേളനം ഇപ്പോൾ നടക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ആലപ്പുഴയിൽ ഇന്നലെ ചേർന്ന സിപിഎം ഫ്രാക്ഷൻ നിഖിലിനെ വിളിച്ചു വരുത്തി പരാതി ചർച്ച ചെയ്തത്. യഥാർത്ഥ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നിഖിലിനോട് പാർട്ടി ആവശ്യപ്പെട്ടു. എന്നാൽ സർവകലാശാലയിൽ നിന്ന് സർട്ടിഫിക്കറ്റ് കിട്ടിയിട്ടില്ലെന്ന വാദമാണ് നിഖിൽ ഉന്നയിച്ചത്. തുടര്‍ന്നാണ് പാർട്ടി നേതൃത്വം ഇടപെട്ട് നിഖിലിനെ എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗത്വത്തില്‍ നിന്നും നീക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here