Advertisement

ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധത്തിന് ആയുഷ് യോഗ ക്ലബ്ബുകള്‍ സഹായിക്കും: ആരോഗ്യ മന്ത്രി

June 21, 2023
Google News 2 minutes Read
Ayush yoga clubs will help prevent lifestyle diseases_ Health Minister

ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധത്തിന് ആയുഷ് യോഗ ക്ലബ്ബുകള്‍ സഹായിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ സംരക്ഷണം പിന്നീടാകാമെന്ന് മാറ്റിവയ്ക്കുന്നവരാണ് പലരും. രോഗത്തിന്റെ പിടിയില്‍ അകപ്പെട്ടു കഴിഞ്ഞ ശേഷമായിരിക്കും പലരും ഇതിനെപ്പറ്റി ചിന്തിക്കുതെന്നും മന്ത്രി വ്യക്തമാക്കി. അന്താരാഷ്ട്ര യോഗ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനവും ആയുഷ് യോഗ ക്ലബ്ബിന്റെ ഉദ്ഘാടനവും സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

യോഗ അഭ്യസിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും യോഗ നിത്യജീവിതത്തിന്റെ ഭാഗമാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നതുമായ ദിനമാണ് യോഗ ദിനം. രാജ്യാന്തര തലത്തില്‍ യോഗ ആദരിക്കപ്പെടുന്നതും പ്രചരിക്കപ്പെടുന്നതും ലോകരാഷ്ട്രങ്ങള്‍ ഏറ്റെടുക്കുന്നു എന്നുള്ളത് രാജ്യത്തെ സംബന്ധിച്ചിടത്തോളം വളരെ അഭിമാനകരമായിട്ടുള്ള ഒരു കാര്യമാണ്. ഈ യോഗ ദിനത്തിന് വളരെയേറെ പ്രത്യേകതകളുണ്ട്.

കേരളത്തില്‍ യോഗയുടെ പ്രചാരം വര്‍ദ്ധിപ്പിക്കുന്നതിന് ഓരോ വ്യക്തിയിലേക്കും ഓരോ കുടുംബത്തിലേക്കും യോഗ അഭ്യാസത്തിന്റെ പ്രാധാന്യം എത്തിക്കുന്നതിന് വേണ്ടി വിവിധങ്ങളായ പരിപാടികളാണ് സംസ്ഥാന ആരോഗ്യ വകുപ്പും ആയുഷ് വകുപ്പും ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്. അതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ആയുഷ് യോഗ ക്ലബ്ബുകള്‍ ആരംഭിച്ചത്. യോഗ എല്ലായിടത്തും പ്രചരിപ്പിക്കുക എന്ന നിലയിലാണ് കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ 1000 യോഗ ക്ലബ്ബുകള്‍ ആരംഭിച്ചത്. ചുരുങ്ങിയത് 20 പേര്‍ക്കെങ്കിലും യോഗ പരിശീലിക്കാനുള്ള വേദി ഉറപ്പാക്കുകയും അതുവഴി ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാനും സാധിക്കുന്നു. ഇതു കൂടാതെ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 590 വനിതാ യോഗ ക്ലബ്ബുകള്‍ കൂടി ആരംഭിക്കുന്നു.

ബ്ലോക്ക് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ ജീവിതശൈലീ പ്രചരണത്തിനായി ആയുഷ് ഗ്രാമം പദ്ധതിയും ആരംഭിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തും, കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ ബ്ലോക്ക് പഞ്ചായത്തുമാണ് സമ്പൂര്‍ണ യോഗ ഗ്രാമം പദ്ധതിക്ക് തുടക്കം കുറിക്കുന്നതിന് തെരഞ്ഞെടുത്തിട്ടുള്ളത്. ആരോഗ്യ രംഗത്ത് കേരളം രാജ്യത്തിന് മാതൃകയാണെങ്കിലും ജീവിത ശൈലീ രോഗങ്ങള്‍ വെല്ലുവിളിയാണ്. ഇത് മുന്നില്‍ കണ്ടാണ് സംസ്ഥാനത്ത് ആര്‍ദ്രം ജീവിത ശൈലീ സ്‌ക്രീനിംഗ് ആരംഭിച്ചത്. ഇതുവരെ 30 വയസിന് മുകളിലുള്ള 1.41 കോടി ജനങ്ങളുടെ സ്‌ക്രീനിംഗ് നടത്തി. ഇത് രാജ്യത്തിന് തന്നെ മാതൃകയായ കാര്യമാണെന്നും മന്ത്രി വ്യക്തമാക്കി.

Story Highlights: Ayush yoga clubs will help prevent lifestyle diseases: Health Minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here