‘ഇന്ന് ഡൽഹിയിൽ നടക്കുന്നത് നാളെ എവിടെയും സംഭവിക്കാം’; പ്രതിപക്ഷ പാർട്ടികൾക്ക് കത്തുമായി കെജ്രിവാൾ

ജൂൺ 23 ന് പട്‌നയിൽ നടക്കുന്ന ബിജെപി ഇതര പാർട്ടികളുടെ യോഗത്തിൽ ഡൽഹി ഓർഡിനൻസ് ചർച്ച ചെയ്യണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികൾക്ക് കത്തയച്ചു. ഇന്ന് ഡൽഹിയിൽ നടക്കുന്നത് നാളെ മറ്റ് സംസ്ഥാനങ്ങളിലും സംഭവിക്കുമെന്ന് കെജ്രിവാൾ ഉന്നയിക്കുന്നു.
2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാനുള്ള സംയുക്ത തന്ത്രം രൂപീകരിക്കാൻ വെള്ളിയാഴ്ചയാണ് പ്രതിപക്ഷ പാർട്ടികൾ യോഗം ചേരുന്നത്. കേന്ദ്രസർക്കാരിന്റെ ഓർഡിനൻസുമായി ബന്ധപ്പെട്ട ബിൽ രാജ്യസഭയിൽ പരാജയപ്പെടുത്തുന്നതിനെക്കുറിച്ചാണ് ഈ യോഗത്തിൽ ആദ്യം ചർച്ച ചെയ്യേണ്ടതെന്ന് എഎപി ദേശീയ കൺവീനർ കൂടിയായ കെജ്രിവാൾ ആവശ്യപ്പെട്ടു.
ഈ ഓർഡിനൻസ് കൊണ്ടുവന്ന് കേന്ദ്രം ഡൽഹിയിൽ ഒരു പരീക്ഷണം നടത്തിയിരിക്കുകയാണ്. ഇത് വിജയിച്ചാൽ മറ്റ് പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലും സമാനമായ ഓർഡിനൻസ് കൊണ്ടുവരും…സംസ്ഥാനങ്ങളുടെ അധികാരം എടുത്തുകളയും. ലഫ്റ്റനന്റ് ഗവർണർമാരെയും ഗവർണർമാരെയും ഉപയോഗിച്ച് പ്രധാനമന്ത്രി 33 സംസ്ഥാനങ്ങളെ നിയന്ത്രിക്കുന്ന ദിവസം വിദൂരമല്ലെന്നും കത്തിൽ കെജ്രിവാൾ പറയുന്നു.
Story Highlights: Arvind Kejriwal Requests Leaders To Discuss Centre’s Ordinance At Opposition Meet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here