2 വർഷം ഹോട്ടലിൽ താമസം; 58 ലക്ഷം രൂപ ബില്ലടയ്ക്കാതെ ചെക്ക് ഔട്ട്

രണ്ടുവര്‍ഷത്തോളം പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ച ശേഷം ബില്ല് അടയ്ക്കാതെ അതിഥി മുങ്ങി. 58 ലക്ഷം രൂപയാണ് ബില്ലായി നല്കാനുണ്ടായിരുന്നത്. എയറോസിറ്റിയില്‍ ഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവള(ഐ.ജി.ഐ.)ത്തിന് സമീപം റോസീറ്റ് ഹൗസ് എന്ന ഹോട്ടലിലാണ് സംഭവം നടക്കുന്നത്. അങ്കുശ് ദത്ത് എന്നയാളാണ് ബില്ല് അടക്കാതെ ഹോട്ടലിൽ നിന്ന് മുങ്ങിയത്. റോസീറ്റ് ഹോട്ടല്‍ നടത്തിപ്പുകാരായ ബേഡ് എയര്‍പോര്‍ട്‌സ് ഹോട്ടല്‍ പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധി വിനോദ് മല്‍ഹോത്ര, പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.
ഹോട്ടലിലെ ചില ജീവനക്കാരുടെ സഹായത്തോടെയാണ് അങ്കുശ് തട്ടിപ്പു നടത്തിയതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. 603 ദിവസം അങ്കുശ് ഹോട്ടലില്‍ താമസിക്കുകയും ഒരു രൂപ പോലും നല്‍കാതെ കടന്നുകളയുകയും ചെയ്തു. ഹോട്ടലിന്റെ ഫ്രണ്ട് ഓഫീസ് ഡിപ്പാര്‍ട്‌മെന്റ് മേധാവി പ്രേം പ്രകാശിനെതിരേയും പരാതി നൽകിയിട്ടുണ്ട്. മുറികളുടെ നിരക്ക് നിശ്ചയിക്കാനും അതിഥികളുടെ വാടക ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സൂക്ഷിച്ചിട്ടുള്ള ഹോട്ടല്‍ കമ്പ്യൂട്ടര്‍ സിസ്റ്റം പരിശോധിക്കാനും അനുമതിയുള്ള ആളുമാണ് പ്രേം പ്രകാശ്.
ഹോട്ടല്‍ ചട്ടങ്ങള്‍ ലംഘിച്ച് അങ്കുശിന് ദീര്‍ഘകാലം താമസിക്കാനുള്ള സൗകര്യം ഒരുക്കിയെന്നാണ് പ്രേം പ്രകാശിനെതിരെ പരാതി നൽകിയിരുന്നത്. പ്രേം പ്രകാശ് ഇയാളിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നും ഹോട്ടൽ അധികൃതർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. 2019 മേയ് മുപ്പതിനാണ് അങ്കുശ് ഹോട്ടലിൽ മുറി എടുത്തത്. ഒരു ദിവസത്തേക്കാണ് മുറി എടുത്തത്. എന്നാല്‍ 2021 ജനുവരി 22 വരെ അങ്കുശ് ഹോട്ടലില്‍ താമസിക്കുകയായിരുന്നു. താമസക്കാർ ആരെങ്കിലും വാടക അടയ്ക്കാൻ 72 മണിക്കൂർ വൈകിയാൽ ഹോട്ടൽ അധികൃതരെ അറിയിക്കണമെന്നാണ് നിയമം. എന്നാൽ ഈ വിവരം പ്രേം പ്രകാശ് ആരെയും അറിയിച്ചിട്ടില്ല.
പകരം അങ്കുശ് വാടക കൊടുക്കാത്തത് പുറത്തറിയാതിരിക്കാൻ ബില്ലിൽ കൃത്രിമം കാണിക്കുകയും ചെയ്തു. അങ്കുശിന്റെ ബില്‍, മറ്റ് അതിഥികളുടെ ബില്ലിനൊപ്പം ചേര്‍ക്കുക, മറ്റ് അതിഥികള്‍ അടച്ച ബില്ലില്‍ അങ്കുശിന്റെ പേര് ചേര്‍ക്കുക തുടങ്ങിയ കള്ളത്തരങ്ങളും ചെയ്തിരുന്നു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here