രേഖകൾ പ്രവേശന സമിതി പരിശോധിച്ചിരുന്നു; നിഖിൽ തോമസിനെ ന്യായീകരിച്ച് എം.എസ്.എം കോളജ്

വ്യാജ സർട്ടിഫിക്കറ്റ് കേസിൽ നിഖിൽ തോമസിനെ ന്യായീകരിച്ച് എംഎസ്എം കോളജ്.പ്രിൻസിപ്പലും എച്ച്ഒഡിയും മാറിയതാണ് നിഖിലിന് പ്രവേശനം നൽകാൻ കാരണമെന്നാണ് വിശദീകരണം.പ്രവേശന സമിതി രേഖകൾ പരിശോധിച്ചിരുന്നു, മാനേജ്മെൻറ് സീറ്റെന്ന പരിഗണനയും നൽകി.അധ്യാപകർക്ക് വീഴ്ച്ചയുണ്ടായി എന്ന് സമ്മതിക്കാതെയാണ് കോളജിൻറെ വിശദീകരണം.വിശദീകരണത്തിൽ കേരള സർവകലാശാലയ്ക്ക് കടുത്ത അതൃപ്തിയുണ്ട്. കോളജിനെതിരെയുള്ള നടപടികൾ അടുത്ത സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനിക്കും.
കെ വിദ്യക്ക് പിന്നാലെ എസ്എഫ്ഐയ്ക്ക് തലവേദനയുണ്ടാക്കിയ മറ്റൊന്നാണ് നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദം. ഇതേതുടർന്ന്, കായംകുളം മുന്‍ ഏരിയാ സെക്രട്ടറി നിഖില്‍ തോമസിനെ എസ്എഫ്‌ഐ പുറത്താക്കിയിരുന്നു. നിഖിലിന്റെ ബികോം സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന ആരോപണവുമായി എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ വിദ്യാര്‍ഥിനിയായിരുന്നു രംഗത്തെത്തിയത്. 2017 ൽ എംഎസ്എം കോളേജിൽ ബികോമിന് ചേർന്നെങ്കിലും നിഖിൽ പരീക്ഷ ജയിച്ചില്ല. എന്നാൽ, അതേ കോളേജിൽ ഛത്തീസ്ഗഡിലെ കലിംഗ സർവകലാശാലയിൽനിന്നുള്ള ബിരുദ സർട്ടിഫിക്കറ്റ് നൽകി എംകോമിന് ചേരുകയായിരുന്നു.
നിഖിൽ ഒളിവിലെന്നാണ് പൊലീസ് പറയുന്നത്. നിഖിലിനെ കണ്ടെത്താനും പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണിപ്പോൾ. കായംകുളം സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരയുന്നത്. നിഖിലിന്‍റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. തിങ്കളാഴ്ച തിരുവനന്തപുരത്താണ് അവസാനം ലൊക്കേഷന്‍ കാണിക്കുന്നത്.
Story Highlights: MSM College justified Nikhil Thomas in fake experience certificate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here