Advertisement

വിവ കേരളം ലക്ഷ്യം കൈവരിച്ച ആദ്യ പഞ്ചായത്തായി മൈലപ്ര

June 22, 2023
Google News 2 minutes Read
Mylapra became the first panchayat to achieve Viva Kerala target

വിളര്‍ച്ച മുക്ത കേരളത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ ‘വിവ (വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക്) കേരളം’ കാമ്പയിനിലൂടെ ലക്ഷ്യം കൈവരിച്ച ആദ്യ പഞ്ചായത്തായി പത്തനംതിട്ട മൈലപ്ര പഞ്ചായത്ത് മാറി. മൈലപ്ര പ്രാഥമികാരോഗ്യ കേന്ദ്രം വഴിയാണ് പരിശോധനയും ചികിത്സയും ഉറപ്പാക്കിയത്. പഞ്ചായത്തിലെ 15 മുതല്‍ 59 വയസുവരെയുള്ള മുഴുവന്‍ പെണ്‍കുട്ടികളിലും സ്ത്രീകളിലും അനീമിയ പരിശോധന നടത്തുകയും ആവശ്യമായവര്‍ക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്തു. മികച്ച പ്രവര്‍ത്തനം നടത്തി ലക്ഷ്യം കൈവരിച്ച ആദ്യ പഞ്ചായത്തായ മൈലപ്രയിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

ഈ കാമ്പയിനിലൂടെ സംസ്ഥാന വ്യാപകമായി 7.5 ലക്ഷം പേരെ അനീമിയ പരിശോധ നടത്തി ആവശ്യമായവര്‍ക്ക് തുടര്‍ചികിത്സ ഉറപ്പാക്കി. 15 മുതല്‍ 59 വയസുവരെയുള്ള പെണ്‍കുട്ടികളിലും സ്ത്രീകളിലും അനീമിയ കണ്ടെത്തുകയും ആവശ്യമായവര്‍ക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഈ കാമ്പയിന്റെ പ്രധാന ലക്ഷ്യം. ഇതിലൂടെ മറഞ്ഞിരുന്ന അനേകം പേരുടെ അനീമിയ കണ്ടെത്താനും ചികിത്സ നല്‍കാനും സാധിച്ചിട്ടുണ്ട്.

ഗ്രാമീണ, നഗര, ട്രൈബല്‍, തീരദേശ മേഖലകള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കിയാണ് വിവ കേരളം കാമ്പയിന്‍ സംഘടിപ്പിച്ച് വരുന്നത്. വിവിധ സ്ഥാപനങ്ങള്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ആശവര്‍ക്കര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി പ്രത്യേക കാമ്പയിനും നടത്തി വരുന്നു. നേരിയ അനീമിയ ബാധിച്ചവര്‍ക്ക് ആഹാരത്തിലും ജീവിതശൈലിയിലും മാറ്റം വരുത്താനുള്ള അവബോധം നല്‍കുന്നു. സാരമായ അനീമിയ ബാധിച്ചവര്‍ക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വഴി ചികിത്സ നല്‍കുന്നു. ഗുരുതര അനീമിയ ബാധിച്ചവര്‍ക്ക് താലൂക്ക്, ജില്ലാതല ആശുപത്രികള്‍ വഴി ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ ഉള്‍പ്പെടെയുള്ള ചികിത്സ നല്‍കിവരുന്നു. അനീമിയയ്ക്ക് പ്രധാന കാരണമായ പോഷകാഹാര കുറവ് പരിഹരിക്കുന്നതിന് നടപടികളും സ്വീകരിച്ചു വരുന്നു.

Story Highlights: Mylapra became the first panchayat to achieve Viva Kerala target

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here