Advertisement

സാമ്പത്തിക തട്ടിപ്പുകേസ്, ആവശ്യമെങ്കിൽ കെപിസിസി പ്രസിഡന്റ്‌ സ്ഥാനം ഒഴിയാം; കെ. സുധാകരൻ

June 24, 2023
2 minutes Read
Monson Mavunkal fraud case K Sudhakaran reaction

മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ പ്രതിയായതിന്റെ പശ്ചാത്തലത്തിൽ, ആവശ്യമെങ്കിൽ കെപിസിസി പ്രസിഡന്റ്‌ സ്ഥാനം ഒഴിയാമെന്ന് കെ. സുധാകരൻ. കെപിസിസി പ്രസിഡന്റ്‌ സ്ഥാനത്ത് നിന്നും മാറി നിൽക്കുന്നതിനെ കുറിച്ച് ചർച്ച ചെയുന്നുണ്ട്. പാർട്ടിക്ക് ഹാനികരമാക്കുന്ന ഒന്നിനും താൻ തയ്യാറല്ല. അന്വേഷണം നേരിടുമെന്നും കോടതിയിൽ പൂർണ വിശ്വാസമുണ്ടെന്നും സുധാകരൻ പ്രതികരിച്ചു.

തട്ടിപ്പ് കേസിൽ കെ.സുധാകരന്റെ അറസ്റ്റ് ഇന്നലെയാണ് രേഖപ്പെടുത്തിയത്. ആറ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്. മോൻസൻ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ കെ. സുധാകരനെ രണ്ടാം പ്രതിയായാണ് പ്രതി ചേർത്തത്. ഇതിന് പിന്നാലെ കെ. സുധാകരൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു.

തൻ്റെ ഭാഗത്ത് ഒരു തെറ്റുമില്ലെന്നും എന്തെങ്കിലും തെളിവുണ്ടെങ്കിൽ കൊണ്ടുവരട്ടെയെന്നുമുള്ള നിലപാടിലാണ് സുധാകരൻ. തനിക്ക് ഒന്നിനോടും ഭയമില്ല. “എന്ത് മൊഴി ഉണ്ടെങ്കിലും, എന്റെ മനസ്സിൽ ഒരു കുറ്റബോധവുമില്ലാത്തിടത്തോളം, ഞാൻ ഒന്നിനെയും ഭയപ്പെടുന്നില്ല. തെളിവുണ്ടെങ്കിൽ കൊണ്ടുവരട്ടെ, അവിടെ വച്ച് കാണാം. പക്ഷെ എനിക്കൊരു വിശ്വാസമുണ്ട്. ഞാൻ എന്ത് ചെയ്തു, ചെയ്തില്ല എന്ന് എനിക്കല്ലേ അറിയൂ? എൻ്റെ മനഃസാക്ഷിക്കനുസരിച്ച് ഞാൻ പറയുന്നു…എൻ്റെ ഭാഗത്ത് നിന്ന് ഒരു പാളിച്ചയും പാകപ്പിഴയും വന്നിട്ടില്ല. ആരെയും ദുരുപയോഗം ചെയ്തിട്ടില്ല, കൈക്കൂലിയും വാങ്ങിയിട്ടില്ല.” – സുധാകരൻ പറഞ്ഞു.

“ജീവിതത്തിൽ രാഷ്ട്രീയത്തിൽ ഒരിക്കലും കൈക്കൂലി വാങ്ങിയിട്ടില്ല, പൊളിറ്റിക്കൽ എത്തിക്സ് ഉള്ളയാളാണ്. ‘അവോയ്ഡ് ത്രീ ഡബ്ല്യു’ എന്നതാണ് എൻ്റെ പോളിസി. ആ പ്രിൻസിപ്പലിനെ പ്രാവർത്തികമാക്കുന്ന രാഷ്ട്രീയ പ്രവർത്തകനാണ് ഞാൻ. അതുകൊണ്ട് എനിക്ക് ആരെയും ഭയക്കേണ്ട കാര്യമില്ല. എല്ലാ കാര്യങ്ങളും സത്യസന്ധമായി മാത്രമേ ചെയ്തിട്ടുള്ളു. കോടതിയിൽ എനിക്ക് പൂർണ വിശ്വാസമുണ്ട്. അറസ്റ്റിൽ ആശങ്കയില്ല, അറസ്റ്റ് ചെയ്യുന്നെങ്കിൽ ചെയ്യട്ടെ… കടൽ താണ്ടി വന്നവനാണ്, കൈത്തോട് കാട്ടി പേടിപ്പിക്കരുത്” – സുധാകരൻ കൂട്ടിച്ചേർത്തു.

Story Highlights: Monson Mavunkal fraud case K Sudhakaran reaction

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top