Advertisement

പ്രധാനമന്ത്രി യുഎസ് സന്ദർശനം; മൂന്ന് യുഎസ് ടെക് ഭീമന്മാർ ഇന്ത്യയിൽ വൻ നിക്ഷേപത്തിന് ഒരുങ്ങുന്നു, പ്രഖ്യാപനങ്ങൾ

June 24, 2023
Google News 1 minute Read

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തെത്തുടർന്ന് മൂന്ന് യുഎസ് ടെക് ഭീമന്മാർ ഇന്ത്യയിൽ വലിയ നിക്ഷേപങ്ങൾക്ക് ഒരുങ്ങുന്നു. ആമസോൺ, ഗൂഗിൾ, മൈക്രോസോഫ്റ്റ് എന്നി കമ്പനികളാണ് ഇന്ത്യയുടെ സാങ്കേതിക വിദ്യയുടെ വളർച്ചയ്ക്കായി മൂലധന നിക്ഷേപങ്ങളും സാങ്കേതിക സഹകരണവും പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത ഏഴ് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 15 ബില്യൺ ഡോളർ അധികമായി നിക്ഷേപിക്കാൻ ആമസോൺ തയ്യാറായിട്ടുണ്ട്. ഇത് കമ്പനിയുടെ ഇന്ത്യയിലെ മൊത്തം നിക്ഷേപം 26 ബില്യൺ ഡോളറായി ഉയർത്തും.

ഗൂഗിൾ തങ്ങളുടെ ആഗോള ഫിൻടെക് ഓപ്പറേഷൻ സെന്റർ ഗുജറാത്തിൽ തുറക്കുമെന്ന് അറിയിച്ചു. മൈക്രോസോഫ്റ്റ് ചെയർമാനും സിഇഒയുമായ സത്യ നാദെല്ല പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യക്കാരുടെ ജീവിതം മെച്ചപ്പെടുത്താൻ സഹായിക്കുന്ന സാങ്കേതികവിദ്യയുടെ, പ്രത്യേകിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ശക്തിയെക്കുറിച്ചും ചർച്ച ചെയ്തു.

“ലോകത്തിലെ ഏറ്റവും ഊർജ്ജസ്വലരായ ഡെവലപ്പേർസും സ്റ്റാർട്ട്-അപ്പ് ഇക്കോസിസ്റ്റങ്ങളും ഉള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യൻ സാങ്കേതികവിദ്യയുടെ വളർച്ചയിൽ മൈക്രോസോഫ്റ്റ് അഗാധമായ പ്രതിജ്ഞാബദ്ധത പുലർത്തുന്നു. ഇത് ഇന്ത്യയെയും ലോകമെമ്പാടുമുള്ള വിപണികളെയും വളർത്തും” മൈക്രോസോഫ്റ്റ് പ്രസ്താവനയിൽ പറഞ്ഞു.

സർക്കാർ സഹായത്തിനായി മൊബൈൽ ഉപകരണങ്ങളിൽ എഐ പ്രവർത്തിക്കുന്ന ചാറ്റ്ബോട്ടായ ജുഗൽബന്ദി മൈക്രോസോഫ്റ്റ് കഴിഞ്ഞ മാസം ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ഒന്നിലധികം ഭാഷകൾ മനസിലാക്കാൻ ഇതിന് സാധിക്കും.

ഇന്ത്യയുടെ ഡിജിറ്റൈസേഷൻ ഫണ്ടിൽ ഗൂഗിൾ 10 ബില്യൺ ഡോളർ നിക്ഷേപിക്കുന്ന കാര്യം പ്രധാനമന്ത്രിയുമായി ഗൂഗിൾ സിഇഒ സുന്ദർ പുച്ചൈ പങ്കുവെച്ചു. “ഞങ്ങളുടെ ഗ്ലോബൽ ഫിൻടെക് ഓപ്പറേഷൻ സെന്റർ ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ തുറക്കുന്നതായി ഞങ്ങൾ പ്രഖ്യാപിക്കുകയാണ്,” പിച്ചൈയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനെക്കുറിച്ചും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനെക്കുറിച്ചും കയറ്റുമതി പ്രാപ്തമാക്കുന്നതിനെക്കുറിച്ചും ഡിജിറ്റലൈസേഷനെക്കുറിച്ചും വ്യക്തികളെയും ചെറുകിട ബിസിനസുകാരെയും ആഗോളതലത്തിൽ മത്സരിക്കാൻ പ്രാപ്തരാക്കുന്നതിനെക്കുറിച്ചും സിഇഒ ആൻഡി ജാസിയും പ്രധാനമന്ത്രിയും സംസാരിച്ചതായി ആമസോണും പ്രസ്താവനയിൽ പറഞ്ഞു.

യുഎസ് സന്ദർശനത്തിന്റെ അവസാന ദിവസം വാഷിംഗ്ടൺ ഡിസിയിലെ വൈറ്റ് ഹൗസിൽ നടന്ന “ഹൈ-ടെക് ഹാൻഡ്‌ഷേക്ക്” മെഗാ ഇവന്റിൽ സെമികണ്ടക്റ്റർസ് മാനുഫാക്ച്ചറിങ്, ബഹിരാകാശം, സ്റ്റാർട്ടപ്പുകൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ വ്യവസായ മേധാവികളുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തി.

“സാമൂഹിക-സാമ്പത്തിക വളർച്ചയ്ക്കായി ഇന്ത്യ-യുഎസ് സാങ്കേതിക സഹകരണം ഉപയോഗപ്പെടുത്തുന്നതിനുള്ള സാധ്യതകളെ കുറിച്ചും നൂതന സംസ്കാരം വളർത്തിയെടുക്കുന്നതിൽ ഇന്ത്യയിലെ പ്രതിഭാധനരായ യുവാക്കളുടെ സംഭാവനയെ കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ഇന്ത്യയുടെ വളർച്ചയെ സഹായിക്കാൻ സിഇഒമാരോട് പ്രസിഡന്റ് ബൈഡനും ആവശ്യപ്പെട്ടു.

ആപ്പിളിന്റെ ടിം കുക്ക്, ഫ്ലെക്‌സ് സിഇഒ രേവതി അദ്വൈതി, ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ, എഫ്എംസി കോർപ്പറേഷൻ പ്രസിഡന്റും സിഇഒയുമായ മാർക്ക് ഡഗ്ലസ്, മൈക്രോസോഫ്റ്റ് മേധാവി സത്യ നാദെല്ല, ഗൂഗിളിന്റെ സുന്ദർ പിച്ചൈ എന്നിവരുമായും കൂടിക്കാഴ്ച നടത്തി.

ബഹിരാകാശ മേഖലയിൽ, ബഹിരാകാശ പര്യവേക്ഷണത്തിനുള്ള ആർട്ടെമിസ് കരാറിൽ ഇന്ത്യ ഒപ്പുവച്ചു. ഈ വർഷം അവസാനത്തോടെ, നാസയും ഐഎസ്ആർഒയും മനുഷ്യ ബഹിരാകാശ യാത്രാ സഹകരണത്തിനുള്ള തന്ത്രപരമായ ചട്ടക്കൂട് വികസിപ്പിക്കുകയാണ്. ചൊവ്വാഴ്ച ന്യൂയോർക്കിൽ വച്ച് സ്‌പേസ് എക്‌സ് മേധാവി ഇലോൺ മസ്‌കുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here