കോട്ടയത്ത് ബസ് ഉടമയെ മർദിച്ച സംഭവം: സിപിഐഎം ജില്ലാ കമ്മിറ്റിയംഗം അറസ്റ്റിൽ

കോട്ടയം തിരുവാർപ്പിൽ സ്വകാര്യ ബസുടമയെ മർദ്ദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സിപിഐഎം കോട്ടയം ജില്ലാ കമ്മിറ്റിയംഗം കെ.ആർ അജയ് ആണ് അറസ്റ്റിലായത്. ഇന്ന് രാവിലെ തൊഴിൽ തർക്കത്തെ തുടർന്ന് സിഐടിയു നിർത്തിവച്ച സ്വകാര്യ ബസ് സർവീസ് പുനരാരംഭിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഉടമ രാജ്മോഹന് മർദനമേറ്റത്. അതേസമയം, മർദനത്തിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.
തൊഴിൽ തർക്കത്തെ തുടർന്ന് തിരുവാർപ്പിൽ സിഐടിയു കൊടികുത്തി നിശ്ചലമാക്കിയ ബസ് പൊലീസ് സംരക്ഷണത്തോടെ ഓടിക്കാൻ കഴിഞ്ഞദിവസം ഹൈക്കോടതി അനുമതി നൽകിയിരുന്നു. തുടർന്ന് ഇന്ന് രാവിലെ ബസുടമ രാജ്മോഹൻ സർവീസ് പുനരാരംഭിക്കാനായി എത്തി. സിഐടിയു നാട്ടിയ കൊടി നീക്കം ചെയ്യുന്നതിനിടെ സിപിഐഎം പ്രവർത്തകൻ മർദിച്ചെന്നാണ് രാജ്മോഹന്റെ പരാതി.
അതേസമയം രാജ്മോഹനെ മർദിച്ചിട്ടില്ലെന്നാണ് സിഐടിയു പറയുന്നത്. കൊടിതോരണം നശിപ്പിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു വിശദീകരണം. ബസ് സർവീസ് നടത്തുന്നതിന് തടസമില്ലെന്നും സിഐടിയു അറിയിച്ചു. സംഭവത്തിന് പിന്നാലെ ബിജെപി പ്രവർത്തകർ കുമരകം പൊലീസ് സ്റ്റേഷൻ ഉപരോധിച്ച് പ്രതിഷേധിച്ചു. സംഭവത്തിൽ ഉൾപ്പെട്ട എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
Story Highlights: Bus owner beaten up in Kottayam: CPIM district committee member arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here