Advertisement

സ്ഥലകാലങ്ങളെ ഭേദിച്ച് ഒരു മൂണ്‍വാക്ക്; അതിരുകളില്ലാത്ത സംഗീതവഴികളിലൂടെ തേരോട്ടം നടത്തിയ പോപ്പ് രാജാവ്; എം ജെയുടെ ഓര്‍മകള്‍ക്ക് 14 വയസ്

June 25, 2023
Google News 2 minutes Read
Michael Jackson death anniversary

പോപ്പ് രാജാവ് മൈക്കല്‍ ജാക്‌സണ്‍ വിട പറഞ്ഞിട്ട് 14 വര്‍ഷം. തന്റെ സംഗീതവും നൃത്തവും കൊണ്ട് ലോകത്തെ ത്രസിപ്പിച്ച ആ കലാകാരന്‍ ദിസ് ഈസ് ഇറ്റ് എന്ന ആല്‍ബത്തിന്റെ പണിപ്പുരയിലിരിക്കുമ്പോഴാണ് നമ്മെ വിട്ടുപിരിഞ്ഞത്. അമേരിക്കയിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് സംഗീത ലോകത്തെ മുടിചൂടാമന്നനായി മാറിയ ആ കലാകാരന്റെ ജീവിതത്തിലൂടെ…. (Michael Jackson death anniversary)

അമേരിക്കന്‍ സംഗീതത്തിലെയും സമൂഹത്തിലേയും കറുപ്പിനും വെളുപ്പിനുമിടയില്‍ ജീവിച്ച കലാകാരനായിരുന്നു മൈക്കല്‍ ജാക്‌സണ്‍. പോപ്പ് സംഗീതം ആസ്വദിക്കാത്തവരെക്കൂടി തന്റെ നൃത്തച്ചുവടുകളിലൂടെ തന്നിലേക്കടുപ്പിച്ച ആഗോള സെലിബ്രിറ്റി. കറുത്ത വര്‍ഗക്കാര്‍ക്ക് നീതി നിഷേധിക്കപ്പെട്ട ഒരു കാലത്ത് ഇന്ത്യാനയിലെ ഒരു പട്ടണത്തിലെ സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ജാക്‌സണ് സംഗീതമായിരുന്നു എല്ലാം. സംഗീത വീഡിയോകളുടെ അധിപനായിരുന്ന മൈക്കല്‍ ജാക്‌സന്റെ ഗാനങ്ങള്‍ക്ക് കറുത്തവനായിരുന്നതിനാല്‍, തുടക്കത്തില്‍ എം ടി വി യില്‍ അപ്രഖ്യാപിത നിരോധനമായിരുന്നു. ത്രില്ലെര്‍ എന്ന ലോക പ്രശസ്ത ആല്‍ബത്തിന് ശേഷം പക്ഷേ, ഇതിനു മാറ്റം വന്നു

പ്രണയം, വര്‍ണവിവേചനം, പരിസ്ഥിതി അവബോധം, ഏകാന്തത തുടങ്ങിയവയൊക്കെയായിരുന്നു ജാക്‌സണ്‍ തന്റെ ഗാനങ്ങളിലൂടെ സ്പര്‍ശിച്ച പ്രധാന വിഷയങ്ങള്‍. സ്മൂത്ത് ക്രിമിനല്‍ എന്ന ഗാനത്തിന്റെ വീഡിയോക്ക് വേണ്ടി നിര്‍മിച്ച പ്രത്യേക ആന്റി ഗ്രാവിറ്റി ഷൂ വിന്റെ പേറ്റന്റ് ജാക്‌സന്റെ പേരിലാണ്.ബ്രസീലിലെ ഫവേലകളില്‍ ചിത്രീകരിച്ച ദേ ഡോണ്ട് കെയര്‍ എബൗട്ട് അസ് എന്ന പ്രതിഷേധ ഗാനം നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയെങ്കിലും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടി.

Read Also: ‘ഞാന്‍ അജ്ഞാതനായി തന്നെയിരിക്കട്ടെ’; വിഷു ബമ്പര്‍ വിജയി സമ്മാനത്തുക വാങ്ങി മടങ്ങി; പേര് വെളിപ്പെടുത്തരുതെന്ന് ആവശ്യം

പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം ഉള്‍ക്കൊള്ളുന്ന എര്‍ത്‌സോങ് ഏറെ പ്രശസ്തി പിടിച്ചു പറ്റി. 1991 ല്‍ പുറത്തിറങ്ങിയ ഡേയ്ഞ്ചറസ് എന്ന ആല്‍ബം ലോകത്തെ ഏറ്റവും മൂല്യമേറിയ സംഗീതജ്ഞനാക്കി ജാക്‌സനെ മാറ്റി.ബ്രിട്‌നി സ്പിയേഴ്‌സ് മുതല്‍ ലേഡി ഗാഗയും, പ്രഭുദേവയും വരെ നൂറുകണക്കിന് കലാകാരന്മാരുടെ പ്രചോദനമായിരുന്നു ജാക്‌സണ്‍. സംഗീത ലോകത്തും പുറത്തും വിവാദങ്ങളുടെ തോഴനായിരുന്ന ജാക്‌സന്റെ അന്ത്യവും ദുരൂഹമായിരുന്നു. 2009 ജൂണ്‍ 25 നു തന്റെ അമ്പതാം വയസ്സില്‍ മരണത്തിനു കീഴടങ്ങിയ ജാക്‌സന്റെ സംസ്‌കാര ചടങ്ങുകള്‍ ലോകത്താകമാനം മുന്നൂറു കോടിയോളം ആളുകള്‍ തത്സമയം വീക്ഷിച്ചെന്നാണ് കണക്ക്. വര്‍ഷമെത്ര കഴിഞ്ഞാലും, ആ മാസ്മരിക സംഗീതവും നൃത്തച്ചുവടുകളും ആസ്വാദകരെ എന്നെന്നും ത്രസിപ്പിക്കും.

Story Highlights: Michael Jackson death anniversary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here