‘ഭരണകൂടം വേട്ടയാടുമ്പോള്‍ ആത്മവിശ്വാസം നല്‍കി ചേര്‍ത്തുപിടിക്കുന്ന നായകന്‍’; ഇതാണ് നേതാവെന്ന് വി.ഡി സതീശന്‍

കെ സുധാകരനെയും വി ഡി സതീശനെയും ചേര്‍ത്തുനിര്‍ത്തി രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയെ കാണാനെത്തിയതായിരുന്നു കേരളത്തില്‍ നിന്നുള്ള നേതാക്കള്‍. രാഹുല്‍ ഗാന്ധിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് പ്രതിപക്ഷ നേതാവും രാഹുലിനെ പുകഴ്ത്തി ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചു. നേതൃത്വം കൂടെയുണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ കൂടുതല്‍ കരുത്ത് നല്‍കുന്നതാണെന്നും ഇതാണ് നേതാവെന്നുമാണ് വി ഡി സതീശന്റെ വാക്കുകള്‍. ഭരണകൂടം വേട്ടയാടുമ്പോള്‍ ഒപ്പമുള്ളവര്‍ക്ക് ആത്മവിശ്വാസം നല്‍കി ചേര്‍ത്തുപിടിക്കുന്ന നായകനാണ് രാഹുല്‍ ഗാന്ധിയെന്നും വി ഡി സതീശന്‍ വിശേഷിപ്പിച്ചു.(VD Satheesan about Rahul Gandhi after delhi meeting)
ഭീഷണിയുടേയും പകപോക്കലിന്റേയും രാഷ്ട്രീയത്തെ കോണ്‍ഗ്രസ് ഭയപ്പെടാറില്ലെന്ന് കെ സുധാകരന്റെയും വി ഡി സതീശന്റെയും കൈകോര്‍ത്ത് നില്‍ക്കുന്ന ചിത്രം രാഹുല്‍ ഗാന്ധി പങ്കുവച്ചിരുന്നു. സുധാകരനും വി ഡി സതീശനും രാഹുല്‍ ഗാന്ധിയുടെ വസതിയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. കേരളത്തിലെ പ്രശ്നങ്ങളില്‍ ഹൈക്കമാന്‍ഡിന്റെ പിന്തുണ ലഭിച്ചെന്ന് സുധാകരന്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. കേരളത്തിലെ സാഹചര്യം ഹൈക്കമാന്‍ഡിനെ ബോധിപ്പിച്ചു. സുധാകരനെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് കേരളത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വര്‍ പ്രതികരിച്ചു. കേരളത്തില്‍ നേതൃമാറ്റം ആലോചനയില്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കേസെടുത്ത സാഹചര്യം ഹൈക്കമാന്‍ഡിനെ ബോധ്യപ്പെടുത്തുകയായിരുന്നു നേതൃത്വവുമായുള്ള കൂടിക്കാഴ്ചയില്‍ കേരളത്തിലെ നേതാക്കളുടെ ലക്ഷ്യം. സുധാകരനെതിരെ കേസെടുത്തിട്ടും സമര മുഖങ്ങളില്‍ യൂത്ത് കോണ്‍ഗ്രസിന്റെ സാന്നിധ്യം ഇല്ല എന്ന പരാതി സംസ്ഥാന നേതൃത്വത്തിനുണ്ട്. സംഘടന തെരഞ്ഞെടുപ്പില്‍ വോട്ട് ഉറപ്പിക്കുക മാത്രമാണ് ഇത്രയും പ്രശ്നങ്ങള്‍ നടക്കുമ്പോഴും യൂത്ത് കോണ്‍ഗ്രസിന്റെ ശ്രദ്ധയെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ പരാതി.
Story Highlights: VD Satheesan about Rahul Gandhi after delhi meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here