‘ക്രിക്കറ്റിന്റെ വേഗത കൂടി, ലോകകപ്പ് മുമ്പത്തേക്കാൾ മത്സരാത്മകമാകും’; രോഹിത് ശർമ്മ

ഐസിസി ഏകദിന ലോകകപ്പ് ഷെഡ്യൂൾ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ടി20 ക്രിക്കറ്റ് എല്ലാ ഫോർമാറ്റുകളെയും സ്വാധീനിച്ചിട്ടുണ്ടെന്നും ക്രിക്കറ്റിന്റെ വേഗത കൂടിയിട്ടുണ്ടെന്നും രോഹിത്. മറ്റ് ടീമുകൾ മുമ്പത്തേക്കാൾ പോസിറ്റീവായി കളിക്കുന്നുണ്ടെന്നും ഈ ലോകകപ്പ് കൂടുതൽ മത്സരാത്മകമാകുമെന്നും രോഹിത് ശർമ്മ പറഞ്ഞു.
‘ക്രിക്കറ്റിന്റെ വേഗത വർധിച്ചതിനാൽ ഈ ലോകകപ്പ് കൂടുതൽ മത്സരാത്മകമായിരിക്കും. മറ്റ് ടീമുകൾ മുമ്പത്തേക്കാൾ പോസിറ്റീവായി കളിക്കുന്നു. ഇതെല്ലാം ലോകമെമ്പാടുമുള്ള ആരാധകർക്ക് ശുഭപ്രതീക്ഷകളാണ് നൽകുന്നത്. ഒപ്പം ആവേശകരമായ നിമിഷങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ഒക്‌ടോബർ-നവംബർ മാസങ്ങളിൽ മികച്ച തയ്യാറെടുപ്പുകൾ നടത്താനും നല്ല പ്രകടനം നടത്താനും ഞങ്ങൾ ആഗ്രഹിക്കുന്നു’ – രോഹിത് ശർമ്മ പ്രസ്താവിച്ചു.
നേരത്തെ ഈ വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൻ്റെ മത്സരക്രമം പ്രഖ്യാപിച്ചിരുന്നു. ഇംഗ്ലണ്ടും ന്യൂസീലൻഡും തമ്മിൽ ഒക്ടോബർ അഞ്ച് വ്യാഴാഴ്ചയാണ് ഉദ്ഘാടന മത്സരം. അഹ്‌മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബർ എട്ടിനു നടക്കും. ഓസ്ട്രേലിയക്കെതിരെ ചെന്നൈ എം ചിദംബരം സ്റ്റേഡിയത്തിലാണ് ഈ മത്സരം.
പാകിസ്താനെതിരായ നിർണായക മത്സരം ഒക്ടോബർ 15ന് അഹ്‌മദാബാദിലാണ്. മുംബൈയിലും കൊൽക്കത്തയിലുമാണ് സെമിഫൈനൽ മത്സരങ്ങൾ. നവംബർ 15, 16 തീയതികളിലാവും സെമിഫൈനലുകൾ. അഹ്‌മദാബാദിൽ നവംബർ 19ന് ഫൈനൽ മത്സരം നടക്കും.
Story Highlights: Rohit Sharma Reacts As ICC Announces ODI World Cup 2023 Schedule
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here