ഫുട്ബോളിലെ സൗദി അറേബ്യൻ മുല്ലപ്പൂ വിപ്ലവം; തട്ടകത്തിലെത്തുന്നത് വമ്പന്മാർ
സൂപ്പർ ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞ സീസണിൽ അൽ നാസറിലേക്ക് ചേക്കേറിയത് ഒരു വിപ്ലവത്തിന് തുടക്കം കുറിച്ചാണ്. ലോകഫുട്ബോളിലേക്ക് പണമൊഴുക്കുന്ന സൗദി വിപ്ലവത്തിന്. റൊണാൾഡോ ഈ വർഷം ജനുവരിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും സൗദി ക്ലബ് അൽ നാസറിലേക്ക് ചേക്കേറിയത് റെക്കോർഡ് സാലറിക്കാണ്. ഒരു വർഷം 200 മില്യൺ ഡോളറുകളാണ് താരത്തിന് ലഭിക്കുന്ന ശമ്പളം. അതായത്, ഏകദേശം 1600 കോടി ഇന്ത്യൻ രൂപ. ഇത്തരത്തിലുള്ള ഉയർന്ന സാലറി യൂറോപ്പിലെ ഫുട്ബോൾ താരങ്ങളെ സൗദിയിലേക്ക് ആകർഷിക്കുയാണ്. Saudi Arabia Football revolution
ഒരു കാലത്ത് യൂറോപ്യൻ ലീഗുകളിലെ ക്ലബ്ബുകൾ ഫുട്ബോളിൽ ആധിപത്യം സ്ഥാപിക്കാനായി പണമൊഴുക്കി താരങ്ങളെ വാങ്ങി. ലീഗുകളിലെ താരകൈമാറ്റത്തിൽ മില്ല്യണുകൾ പൊടിഞ്ഞു വീണു. കൂടാതെ, യുവേഫ ചാമ്പ്യൻസ് ലീഗ് വൻ പോരാട്ടങ്ങൾക്ക് വേദിയൊരുക്കിയപ്പോൾ മഹത്തായ ഫുട്ബോൾ പാരമ്പര്യം പേറുന്ന ബ്രസീലിന്റെയും അര്ജെന്റിനയുടെയും ലീഗുകൾ കാളി ആരാധകരിലെ തുടർ തലമുറകൾക്ക് അപരിചിതമായി. യൂറോപ്പിന്റെ ഈ നീക്കമാണ് സൗദിയും നടത്തിയത്. ആദ്യമായി ആരും പ്രതീക്ഷിക്കാത്ത നീക്കത്തിലൂടെ റൊണാൾഡോയെ എത്തിച്ചപ്പോൾ ലീഗ് ചർച്ചകളിൽ ഇടം നേടി. 38 വയസുള്ള താരത്തിന്റെ കളി മികവിനപ്പുറം അവർക്ക് വേണ്ടിയിരുന്നത് CR7 എന്ന വാണിജ്യമൂല്യമായിരുന്നു. അതിൽ അവർ വിജയിക്കുകയും ചെയ്തു.
റൊണാൾഡോയുടെ പേരിൽ ഒരു സീസൺ അതിജീവിച്ച സൗദി ലീഗ് ഇന്ന് ലക്ഷ്യമിടുന്നത് യൂറോപ്പിലെ മുൻ നിര താരങ്ങളെയാണ്. സൗദി ക്ലബ്ബുകളെ യൂറോപ്പിലെ താരങ്ങളുമായി ബന്ധപ്പെടുത്തി ദിനം പ്രതി വരുന്നത് ഒട്ടനവധി റിപ്പോർട്ടുകൾ. നിലവിൽ ഒരു പിടിയോളം കളിക്കാർ സൗദി അറേബ്യൻ ക്ലബ്ബുകളുടെ ഭാഗമായിട്ടുണ്ട്. ഈ ട്രാൻസ്ഫർ വിൻഡോയിൽ സൗദി ലീഗ് ചാമ്പ്യൻമാരായ അൽ ഇത്തിഹാദ് ബാലൺ ഡി ഓർ ജേതാവ് കരിം ബെൻസെമയെ ടീമിലെത്തിച്ച് ഫുട്ബോൾ ആരാധകരെ ഞെട്ടിച്ചിരുന്നു. ഒപ്പം, ചെൽസിയിൽ നിന്നും ഫ്രഞ്ച് ലോകകപ്പ് ജേതാവ് എംഗോളോ കാന്റെയും അതെ ക്ലബ്ബിന്റെ ഭാഗമായി. സെനഗലിന്റെ കാലിദൊ കൗലിബാലിയെയും ബാഴ്സ നോട്ടമിട്ടിരുന്ന വോൾവ്‌സിന്റെ പോർച്ചുഗൽ മിഡ്ഫീൽഡർ റൂബൻ നെവെസിനേയും സൗദി ക്ലബ് അൽ ഹിലാൽ തട്ടകത്തിലെത്തിച്ചു. കൂടാതെ, ചെൽസിയുടെ ഗോൾകീപ്പർ എഡ്വേർഡ് മെൻഡി അൽ അഹ്ലിയുമായും മുന്നേറ്റ താരം ഹക്കിം സീയച്ചും അൽ നാസറുമായും കരാറിൽ ഒപ്പുവെക്കാൻ തീരുമാനിച്ചതായും റിപ്പോർട്ടുകളുണ്ട്.
കൂടാതെ, റൊമേലു ലുക്കാക്കു, റോബർട്ടോ ഫിർമിഞ്ഞോ, മാഴ്‌സെലോ ബ്രോസോവിച്ച്, തോമസ് പാർടി, ബെർണാർഡോ സിൽവ, വിൽഫ്രിഡ് സാഹ, സൗൾ തുടങ്ങിയ താരങ്ങളെയും തട്ടകത്തിൽ എത്തിക്കാൻ സൗദി ക്ലബ്ബുകൾ ലക്ഷ്യമിടുന്നു.
ആദ്യമായല്ല, യൂറോപ്പിലേയും സൗത്ത് അമേരിക്കയിലേയും ഫുട്ബോൾ താരങ്ങൾ മറ്റ് വൻകരകളിൽ ബൂട്ടണിയുന്നത്. ഒരു കാലത്ത് പ്രായാധിക്യം മൂലം വേഗത കുറയുന്ന താരങ്ങൾ കരിയർ അവസാനിപ്പിക്കാൻ തെരഞ്ഞെടുത്തത് അമേരിക്കയും ചൈനയുമായിരുന്നു. കക്കയും ഫ്രാങ്ക് ലാംപാർഡും സ്റ്റീവൻ ജെറാഡും ദിദിയർ ദ്രോഗ്ബയും ഡേവിഡ് ബെക്കാമും അടക്കമുള്ളവർ അമേരിക്കയിലെ മേജർ ലീഗ് സോക്കറിൽ പന്ത് തട്ടിയവരാണ്. കൂടാതെ, ലോകകപ്പ് ജേതാവ് ലയണൽ മെസ്സി അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയുമായി കരാർ ഒപ്പിടാൻ ഒരുങ്ങുകയാണ്. ഈ മാസത്തോടെ പിഎസ്ജിയുമായുള്ള താരത്തിന്റെ കരാർ അവസാനിക്കും. വൻ തുക വാഗ്ദാനം നൽകി സൗദി ക്ലബ് അൽ ഹിലാൽ താരത്തെ ടീമിലെത്തിക്കാൻ നീക്കം നടത്തിയിരുന്നു. എന്നാൽ, അമേരിക്കയിലേക്ക് നീങ്ങാനായിരുന്നു മെസിയുടെ തീരുമാനം.
ഒരു കാലത്ത് ഫുട്ബോൾ ട്രാൻസ്ഫർ ജാലകത്തിൽ വിപ്ലവം സൃഷ്ടിച്ച രാജ്യമായിരുന്നു ചൈന. വൻ തുക സാലറി നൽകിയാണ് അവരും താരങ്ങളെ എത്തിച്ചത്. അങ്ങനെ മറൗൻ ഫെല്ലെയ്‌നി, പൗളീന്യോ, കാർലോസ് ടെവസ്, മഷറാനോ, ഇനിയേസ്റ്റ എന്നിവർ ചൈനീസ് ലീഗിന്റെ ഭാഗമായി. എന്നാൽ, ചൈനീസ് ഫുട്ബോൾ അസോസിയേഷൻ ലീഗിലെ വിദേശ കളിക്കാരുടെ എണ്ണത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. ക്ലബ്ബുകൾക്ക് മേൽ ചുമത്തിയ പുതിയ നികുതി നിയമങ്ങൾ ചൈനീസ് ലീഗിന്റെ പ്രതാപം അവസാനിപ്പിച്ചു.
Read Also: റെഡ് കാർഡ്, സെല്‍ഫ് ഗോൾ സമനിലയിൽ ഒതുങ്ങി ഇന്ത്യ; ഇന്ത്യ1-1 കുവൈറ്റ്
എന്നാൽ ചൈനയിൽ നിന്നും ഭിന്നമായി, സർക്കാർ തന്നെയാണ് സൗദി ഫുട്ബോൾ വികസനത്തിന് നേതൃത്വം നൽകുന്നത്. ലോകത്തെ ഏറ്റവും മികച്ച ലീഗുകളിൽ ഒന്നാക്കി മാറ്റുക എന്ന ലക്ഷ്യം മുൻ നിർത്തി ആഭ്യന്തര ലീഗിൽ കൂടുതൽ നിക്ഷേപം നടത്താൻ തീരുമാനിച്ചത് സൗദിയിലെ പെട്ടെന്നുള്ള ഫുട്ബോൾ വിപ്ലവത്തിന് തിരികൊളുത്തി. നീക്കത്തിന്റെ ഭാഗമായി, സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) ജൂണിൽ രാജ്യത്തെ പ്രധാനപ്പെട്ട നാല് ക്ലബ്ബുകളെ ഏറ്റെടുത്തു. അൽ ഹിലാൽ, അൽ എത്തിഹാദ്, അൽ നാസർ, അൽ അഹ്‍ലി എന്നിവയാണ് ആ നാല് ക്ലബ്ബുകൾ. ഇതുവഴി ആ ക്ലബ്ബുകൾക്ക് ട്രാൻസ്ഫെറുകളിൽ കൂടുതൽ നിക്ഷേപം നടത്താൻ സാധിക്കും. ഇംഗ്ലണ്ടിലെ പ്രീമിയർ ലീഗ് ക്ലബ് ന്യൂകാസിൽ യുണൈറ്റഡിന്റെ ഉടമസ്ഥർ കൂടിയാണ് പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്.
ന്യൂകാസിൽ കൂടാതെ, മാഞ്ചസ്റ്റർ സിറ്റി, പിഎസ്ജി തുടങ്ങിയ ക്ലബ്ബുകളുടെ ഉടമകൾ മിഡിൽ ഈസ്റ്റിൽ നിന്നാണ്. ഇംഗ്ലണ്ടിൽ ഏറ്റവും അധികം പാരമ്പര്യമുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഏറ്റെടുക്കാൻ ഖത്തറിൽ നിന്നും ശ്രമങ്ങളുണ്ട്. അതെ, സൗദി അറേബ്യ ഒരു വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്. ഫുട്ബോളിലെ ഒരു മുല്ലപ്പൂ വിപ്ലവം.
Story Highlights: Saudi Arabia Football revolution
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here