Advertisement

സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് വെളളിയാഴ്ച വിരമിക്കും

June 28, 2023
Google News 1 minute Read
State police chief Anilkanth will retire on Friday

ഡിജിപിയും സംസ്ഥാന പൊലീസ് മേധാവിയുമായ അനില്‍കാന്ത് വെളളിയാഴ്ച സര്‍വീസില്‍ നിന്ന് വിരമിക്കും. 2021 ജൂണ്‍ 30 മുതല്‍ രണ്ടു വര്‍ഷമാണ് അനില്‍കാന്ത് സംസ്ഥാന പൊലീസ് മേധാവിയായി പ്രവര്‍ത്തിച്ചത്. വിരമിക്കുന്ന പൊലീസ് മേധാവിക്ക് സേന നല്‍കുന്ന വിടവാങ്ങല്‍ പരേഡ് വെളളിയാഴ്ച രാവിലെ 7.45 ന് തിരുവനന്തപുരം പേരൂര്‍ക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടില്‍ നടക്കും. കേരളാ പൊലീസിന്‍റെ ഔദ്യോഗിക യാത്രയയപ്പ് ചടങ്ങ് ഉച്ചയ്ക്ക് 12 ന് പൊലീസ് ആസ്ഥാനത്ത് സംഘടിപ്പിച്ചിട്ടുണ്ട്.

1962 ജനുവരി അഞ്ചിന് ഡല്‍ഹിയിലാണ് അദ്ദേഹം ജനിച്ചത്. ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടി. 1988 ബാച്ചില്‍ ഇന്ത്യന്‍ പോലീസ് സര്‍വ്വീസില്‍ കേരളാ കേഡറില്‍ പ്രവേശിച്ചു. റോഡ് സുരക്ഷാ കമ്മീഷണര്‍ സ്ഥാനത്തുനിന്നാണ് അനില്‍കാന്ത് സംസ്ഥാന പൊലീസ് മേധാവി പദവിയിലെത്തിയത്. എ.എസ്.പി ആയി വയനാട് സര്‍വ്വീസ് ആരംഭിച്ച അദ്ദേഹം തിരുവനന്തപുരം റൂറല്‍, റെയില്‍വേ എന്നിവിടങ്ങളില്‍ എസ്.പി ആയി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ന്യൂഡല്‍ഹി, ഷില്ലോങ് എന്നിവിടങ്ങളില്‍ ഇന്‍റലിജന്‍സ് ബ്യൂറോയില്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ ആയി.

മടങ്ങിയെത്തിയശേഷം പൊലീസ് ട്രെയിനിംഗ് കോളജില്‍ പ്രിന്‍സിപ്പലായി. തുടര്‍ന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായും മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ്.പി ആയും ജോലി ചെയ്തു. സ്പെഷ്യല്‍ ബ്രാഞ്ച്, തിരുവനന്തപുരം റേഞ്ച് എന്നിവിടങ്ങളില്‍ ഡി.ഐ.ജി ആയും സ്പെഷ്യല്‍ ബ്രാഞ്ച്, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ ഐ.ജി ആയും ജോലി നോക്കി. ഇടക്കാലത്ത് അഡിഷണല്‍ എക്സൈസ് കമ്മീഷണര്‍ ആയിരുന്നു.

എ.ഡി.ജി.പി ആയി സ്ഥാനക്കയറ്റം ലഭിച്ചശേഷം കേരള പൊലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആന്‍റ് മാനേജിംഗ് ഡയറക്ടര്‍ ആയിരുന്നു. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ എ.ഡി.ജി.പി ആയും പ്രവര്‍ത്തിച്ചു. ഫയര്‍ഫോഴ്സ്, ബറ്റാലിയന്‍, പോലീസ് ആസ്ഥാനം, സൗത്ത്സോണ്‍, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എ.ഡി.ജി.പി ആയും ജോലി നോക്കി. ജയില്‍ മേധാവി, വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോ തലവന്‍, ഗതാഗത കമ്മീഷണര്‍ എന്നീ തസ്തികകളും വഹിച്ചിട്ടുണ്ട്. വിശിഷ്ടസേവനത്തിനും സ്തുത്യര്‍ഹസേവനത്തിനുമുളള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ലഭിച്ചിട്ടുണ്ട്. അറുപത്തിനാലാമത് ആള്‍ ഇന്ത്യ പൊലീസ് ഗെയിംസ് വിജയകരമായി സംഘടിപ്പിച്ചതിന് കമന്‍റേഷനും 2018 ല്‍ ബാഡ്ജ് ഓഫ് ഓണറും ലഭിച്ചു.

Story Highlights: State police chief Anilkanth will retire on Friday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here