തലസ്ഥാന മാറ്റത്തോട് സർക്കാർ ഒരു തരത്തിലും യോജിക്കില്ല, ഹൈബിയുടേത് പക്വത ഇല്ലാത്ത സമീപനം; വി ശിവൻകുട്ടി

തലസ്ഥാന മാറ്റത്തോട് സർക്കാർ ഒരു തരത്തിലും യോജിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഹൈബി ഈഡന്റേത് പക്വത ഇല്ലാത്ത സമീപനം. ശശി തരൂരും പ്രതിപക്ഷനേതാവും ഇത് സംബന്ധിച്ച അഭിപ്രായം വ്യക്തമാക്കണമെന്നും വി ശിവൻകുട്ടി പറഞ്ഞു.(V Sivankutty Against Hibi Eden MP)
ഹൈബി ഈഡൻ എംപിയുടെ സ്വകാര്യബില്ലിന്റെ പിന്നിലുള്ളത് ഗൂഢ താല്പര്യമാണ്. ഇക്കാര്യത്തിൽ കേരളത്തിലെ സുവ്യക്തമായ നിലപാടുണ്ട്. ഇക്കാര്യം സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.
സ്വകാര്യ ബില്ലിനോട് അനുബന്ധിച്ച് തയ്യാറാക്കിയ ഫിനാഷ്യൽ മെമ്മോറാണ്ടത്തിൽ തലസ്ഥാന മാറ്റത്തിന് എത്ര തുക വേണ്ടി വരുമെന്നത് അറിയില്ലെന്ന് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഹൈബി ഈഡൻ കൃത്യമായ ഗൃഹപാഠം നടത്തിയില്ല എന്നാണ് ഇത് കാണിക്കുന്നതെന്നും വി ശിവൻകുട്ടി കുറിച്ചു.
കേരളത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളി വിടാനുള്ള ഗൂഢനീക്കം ആണോ ഇത് എന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാനാവില്ല. കേരളത്തോട് കൂടുതൽ അടുത്ത് കിടക്കുന്ന സംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ആന്ധ്ര എന്നിവിടങ്ങളിൽ ഒക്കെ കേരളത്തിന് സമാനമായ രീതിയിലാണ് തലസ്ഥാനം സ്ഥിതിചെയ്യുന്നത്.
കോൺഗ്രസിന് കേന്ദ്രത്തിലും കേരളത്തിലും ഭരണമുണ്ടായിരുന്ന കാലഘട്ടത്തിൽ ഹൈക്കോടതി ബഞ്ച് അടക്കമുള്ള സുപ്രധാന ആവശ്യങ്ങളോട് പോലും അനുകൂലമായല്ല പ്രതികരിച്ചത്. സ്വകാര്യ ബില്ല് കോൺഗ്രസിന്റെ രാഷ്ട്രീയ തീരുമാനമാണെന്നത് അത്ഭുതപ്പെടുത്തുന്നു. ഇക്കാര്യത്തിൽ ശശിതരൂർ എംപിയുടെ പ്രതികരണം അറിയാൻ ആഗ്രഹമുണ്ടെന്നും വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
Story Highlights: V Sivankutty Against Hibi Eden MP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here