കേരളത്തിൽ അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത

ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നു. ഇതിന്റെ സ്വാധീനഫലത്താൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് (ജൂലൈ രണ്ട്) മുതൽ ബുധനാഴ്ച (ജൂലൈ 5) വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും, തിങ്കളാഴ്ച (ജൂലൈ 3) മുതൽ ബുധനാഴ്ച (ജൂലൈ 5) വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും, ബുധനാഴ്ച (ജൂലൈ 5) ചിലയിടങ്ങളിൽ അതിതീവ്ര മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തായി ചക്രവാതചുഴി നിലനിൽക്കുന്നതായും അറിയിപ്പിൽ പറയുന്നു.
ഉയർന്ന തിരമാല ജാഗ്രത നിർദേശം:
കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) ഇന്ന് (ജൂലൈ രണ്ട് ) രാത്രി 11.30 വരെ 2.5 മുതൽ 2.9 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 35 സെൻ്റി മീറ്ററിനും 80 സെൻ്റി മീറ്ററിനും ഇടയിൽ മാറി വരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകി. മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.
Story Highlights: Widespread rain is likely in Kerala for five days
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here