ആദിവാസി യുവാവിന്റെ ശരീരത്തില്‍ മൂത്രമൊഴിച്ച് അപമാനിച്ച് ബിജെപി നേതാവ്; ദൃശ്യങ്ങളും പുറത്ത്; രൂക്ഷവിമര്‍ശനം

ആദിവാസി യുവാവിന്റെ ശരീരത്തില്‍ ബിജെപി നേതാവ് മൂത്രമൊഴിച്ച് അപമാനിച്ചതായി ആരോപണം. മധ്യപ്രദേശിലെ ബിജെപി നേതാവ് പ്രവേശ് ശുക്ലയ്‌ക്കെതിരെയാണ് പരാതി. ബിജെപി എംഎല്‍എ കേദാര്‍ നാഥ് ശുക്ലയുടെ അടുത്ത സഹായി കൂടിയാണ് ഇയാള്‍. സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. (Madhya Pradesh BJP Leader Urinates On Tribal Man’s Face)
മധ്യപ്രദേശിലെ സിധി ജില്ലയിലാണ് സംഭവം നടന്നത്. ഒരു ചവിട്ടുപടിയില്‍ ഇരിക്കുന്ന ആദിവാസി യുവാവിന് അടുത്തെത്തി ബിജെപി നേതാവ് സിഗരറ്റ് കത്തിച്ചുവലിച്ച് യുവാവിന്റെ ശരീരത്തിലേക്ക് മൂത്രമൊഴിക്കുന്നതായുള്ള ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടും ബിജെപി നേതാവിനെതിരെ എന്തുകൊണ്ട് നടപടിയുണ്ടാകുന്നില്ലെന്നും ഇതാണോ ആദിവാസി, ഗോത്ര വര്‍ഗങ്ങളോടുള്ള ബിജെപിയുടെ മനോഭാവമെന്നും കോണ്‍ഗ്രസ് വക്താവ് അബ്ബാസ് ഹഫീസ് വിമര്‍ശിച്ചു. ട്വിറ്ററിലൂടെ വിഡിയോ ഉള്‍പ്പെടെ പങ്കുവച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍.
വിഡിയോ വ്യാപകമായി പങ്കുവയ്ക്കപ്പെടുകയും രാജ്യത്ത് വിവിധയിടങ്ങളില്‍ നിന്നും രോഷം ഉയരുകയും ചെയ്തതോടെ സംഭവത്തില്‍ കടുത്ത നടപടിയെടുക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഉറപ്പുനല്‍കി. കുറ്റക്കാരനെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ശിവരാജ് സിംഗ് ചൗഹാന്‍ അറിയിച്ചു.
Story Highlights: Madhya Pradesh BJP Leader Urinates On Tribal Man’s Face
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here