‘മോൻസനെ എന്തിന് ശത്രുവാക്കണം?’; ട്വന്റിഫോറിനോട് കെ.സുധാകരൻ

സാമ്പത്തിക തട്ടിപ്പ് കേസ് പ്രതിയായ മോൻസൻ മാവുങ്കലിനെ എന്തിന് ശത്രുവാക്കണമെന്ന് കെ.സുധാകരൻ. ട്വന്റിഫോർ എക്സിക്യൂട്ടിവ് എഡിറ്റർ കെ.ആർ ഗോപീകൃഷ്ണൻ നടത്തിയ അഭിമുഖത്തിലായിരുന്നു കെ.സുധാകരന്റെ പരാമർശം. തനിക്കെതിരെ മോൻസൻ ഒരു ആരോപണവും ഉന്നയിച്ചിട്ടില്ലെന്നും ആവശ്യമില്ലാതെ എന്തിന് ഒരാളെ ശത്രുവാക്കണമെന്നും കെ.സുധാകരൻ പറഞ്ഞു. മോൻസനോട് തനിക്ക് യാതൊരു മമതയുമില്ലെന്നും മോൻസനുമായി തനിക്കുള്ളത് യാദൃശ്ചിക ബന്ധം മാത്രമെന്നും കെപിസിസി അധ്യക്ഷൻ ട്വന്റിഫോറിനോട് പറഞ്ഞു. ( k sudhakaran 24 interview )
തനിക്കെതിരായ കേസ് പാർട്ടിക്ക് തിരിച്ചടിയാകുമോ എന്ന് ആശങ്കപ്പെട്ട് താൻ രാജിവയ്ക്കാൻ ഒരുങ്ങിയിരുന്നുവെന്നും, മനഃസാക്ഷി കുത്ത് കൊണ്ടാണ് കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാൻ തീരുമാനിച്ചതെന്നും കെ.സുധാകരൻ പറഞ്ഞു. എന്നാൽ രാജി വേണ്ടെന്ന് പാർട്ടി തീരുമാനമെടുക്കുകയായിരുന്നു.
അനൂപുൾപ്പെടെയുളള പരാതിക്കാരുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും മോൻസനും പരാതിക്കാരും തമ്മിലുള്ള ഇടപാട് തനിക്ക് അറിയില്ലെന്നും കെ.സുധാകരൻ പറഞ്ഞു. പരാതിക്കാർ സിപിഐഎം നേതാക്കളുടെ കയ്യിലെ പാവയാണെന്നും കെ.സുധാകരൻ. തനിക്കെതിരായ കേസുകൾക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയാണെന്നും തനിക്കെതിരായ പൊലീസ് നീക്കം ശശിയുടെ നിർദേശം അനുസരിച്ചാണെന്നും കെ.സുധാകരൻ പറഞ്ഞു. പി ശശിയാണ് തങ്ങളെ നിയന്ത്രിക്കുന്നതെന്ന് അടുപ്പമുളള പൊലീസ് ഉദ്യോഗസ്ഥർ തന്നോട് പറഞ്ഞിട്ടുണ്ടെന്നും കെ.സുധാകരൻ ട്വന്റിഫോറിനോട് വ്യക്തമാക്കി.
Story Highlights: k sudhakaran 24 interview
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here