Advertisement

തോരാതെ പെരുമഴ; സംസ്ഥാനത്ത് കനത്ത നാശനഷ്ടങ്ങള്‍; കുട്ടനാട്ടില്‍ മടവീഴ്ച

July 6, 2023
Google News 2 minutes Read
Kerala rains Kuttanadu attappadi Malappuram live updates

സംസ്ഥാനത്ത് ഇടടതവില്ലാതെ പരക്കെ മഴ പെയ്യുന്നതിനെത്തുടര്‍ന്ന് വിവിധ ജില്ലകളില്‍ കനത്ത നാശനഷ്ടം. ജില്ലകളില്‍ പലസ്ഥലത്തും റോഡില്‍ മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസപ്പെടുന്ന സ്ഥിതിയുണ്ടായി. ശക്തമായ കാറ്റിലും മഴയിലും വീടുകള്‍ തകര്‍ന്നു. കുട്ടനാട്ടില്‍ മടവീഴ്ച റിപ്പോര്‍ട്ട് ചെയ്തു. (Kerala rains Kuttanadu attappadi Malappuram live updates)

ആലപ്പുഴ കുട്ടനാട്ടില്‍ അഞ്ചിടത്ത് ജലനിരപ്പ് അപകട നിലയിലാണ്. നെടുമുടി, പള്ളാത്തുരുത്തി, കാവാലം, മങ്കൊമ്പ് , ചമ്പക്കുളം എന്നിവിടങ്ങളിലാണ് ജല നിരപ്പുയര്‍ന്നത്. ചമ്പക്കുളം ഇളമ്പാടം മാനംകേരി പാടത്ത് മട വീഴ്ചയുണ്ടായി. കിഴക്കന്‍ വെള്ളം ഇരച്ചെത്തി. 350 ഓളം വീടുകളിലേക്ക് വെള്ളം കയറുന്നു. രണ്ടുദിവസത്തിനുള്ളില്‍ വിതയ്ക്കാന്‍ ഒരുങ്ങിയിരുന്ന പാടത്താണ് വെള്ളം കയറിയത്.

പാലക്കാട് അട്ടപ്പാടിയില്‍ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായിട്ടില്ല. ഇന്നലെ മരം വീണ് 33കെവി ലൈന്‍ പൊട്ടിയിരുന്നു. ഇതോടെയാണ് അട്ടപ്പാടി മേഖല പൂര്‍ണ്ണമായി ഇരുട്ടിലായത്.

Read Also:‘കലാപമല്ല വേണ്ടത് എല്ലാവരും സമാധാനത്തോടെ ജീവിക്കണം’; സാഫ് കപ്പില്‍ മണിപ്പൂര്‍ പതാകയുമയി ജിക്‌സണ്‍ സിങ്

കനത്ത മഴയില്‍ കൊല്ലം ജില്ലയില്‍ 1.43 കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് വിലയിരുത്തല്‍.ജൂലൈ ഒന്നു മുതല്‍ 1,43,03,000 രൂപയുടെ നഷ്ടമാണുണ്ടായത്. 35 വീടുകള്‍ ഭാഗികമായും രണ്ടു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. മലയോര മേഖലയില്‍ മഴ തുടരുകയാണ്. കരുനാഗപ്പള്ളി ശ്രായിക്കാട്, കൊല്ലം താന്നി, ഇരവിപുരം എന്നിവടങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമായി തുടരുകയാണ്.

തൃശൂരില്‍ കനത്ത മഴ തുടരുകയാണ്. ആറ് ഇടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. മിന്നല്‍ ചുഴലി വീശിയ ചാലക്കുടിയിലെ കൂടപ്പുഴയില്‍ വൈദ്യുതി ബന്ധം ഇനിയും പുനസ്ഥാപിക്കാനായില്ല. വിവിധ ഭാഗങ്ങളില്‍ മരം കടപുഴകി ദേശീയ പാതയില്‍ ഉള്‍പ്പെടെ ഗതാഗതം തടസപ്പെട്ടു. 66 പേരെ മാറ്റി പാര്‍പ്പിച്ചു.

ആലപ്പുഴ പറവൂരില്‍ നെല്‍പാടം വെള്ളത്തില്‍ മുങ്ങി. 50 ഏക്കറുള്ള ഇളയിടത്തുരുത്ത് പാടമാണ് മുങ്ങിയത്.10 ദിവസം മുമ്പ് വിത്തുവിതച്ച പാടമാണിത്.

സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴ തുടരാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ യല്ലോ മുന്നറിയിപ്പ് നല്‍കി. മലയോര മേഖലകളില്‍ ഇന്നും മഴ കനക്കും. സംസ്ഥാനത്ത് ജാഗ്രത തുടരും. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുന്നു.കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

Story Highlights: Kerala rains Kuttanadu attappadi Malappuram live updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here