ലീഗ് ഇടതുപക്ഷത്തേക്ക് എന്നത് മനപ്പായസം; ഏകീകൃത സിവില്‍ കോഡില്‍ നിലപാട് പറഞ്ഞ് യുഡിഎഫ് കണ്‍വീനര്‍

ഏകീകൃത സിവില്‍ കോഡില്‍ നിലപാട് വ്യക്തമാക്കി എംഎം ഹസ്സന്‍ ബിഗ് ഫൈറ്റില്‍. ഏകീകൃത സിവില്‍ കോഡില്‍ കോണ്‍ഗ്രസിന് സുവ്യക്തമായ നിലപാടുണ്ടെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ പറഞ്ഞു. മാധ്യമങ്ങളും സിപിഐഎമ്മുമാണ് യുഡിഎഫില്‍ ആശയക്കുഴപ്പമുണ്ടെന്ന് വരുത്തിത്തീര്‍ക്കുന്നത്. ഏക സിവില്‍ കോഡിനെ ഒരിക്കലും കോണ്‍ഗ്രസോ യുഡിഎഫോ അംഗീകരിച്ചിട്ടില്ല. സിപിഐയുടെ നിലപാടിനെ യുഡിഎഫ് വിമര്‍ശിക്കുന്നില്ല. സിപിഐഎമ്മിനെയാണ് വിമര്‍ശിക്കുന്നതെന്നും ഹസ്സന്‍ ബിഗ് ഫൈറ്റില്‍ വ്യക്തമാക്കി.(MM Hassan stand on Uniform civil code)
സുന്നി ഐക്യം സിപിഐഎം ഭയപ്പെടുന്നുണ്ട്. മുസ്ലിം ലീഗ് ഇടതുപക്ഷത്തേക്ക് എന്നത് മനപ്പായസമാണ്. ലീഗ് യുഡിഎഫ് വിടുമെങ്കില്‍ അന്തസായി പറഞ്ഞിട്ട് പോകുമെന്നുമെന്നും എംഎം ഹസ്സന്‍ ബിഗ്‌ഫൈറ്റില്‍ പറഞ്ഞു. ഇടതുമുന്നണിയുടെ അവസ്ഥ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് വരുമ്പോള്‍ അറിയാം. ബിജെപി ഏകീകൃത സിവില്‍ കോഡ് ചര്‍ച്ചയാക്കുന്നത് ഭരണത്തുടര്‍ച്ചയ്ക്ക് വേണ്ടിയാണ്. ഏകീകൃത സിവില്‍ കോഡിനെതിരായി നടത്തുന്ന സിപിഐഎം സെമിനാറില്‍ മുസ്ലിം ലീഗ് പങ്കെടുക്കുമെന്ന് കരുതുന്നില്ല. സിപിഐഎം സെമിനാര്‍ നടത്തുന്നത് രാഷ്ട്രീയ ദുരുദ്ദേശത്തോടുകൂടിയാണെന്ന് ലീഗ് തിരിച്ചറിയും. ഏകീകൃത സിവില്‍ കോഡിനെ സിപിഐഎം വര്‍ഗീയ ചേരിതിരിവിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്.
ഏകീകൃത സിവില്‍ കോഡ് മുസ്ലിങ്ങളെ ബാധിക്കുന്ന പ്രശ്‌നമാണെന്നാണ് എം വി ഗോവിന്ദന്‍ പറഞ്ഞത്. മോദി ഉന്നംവയ്ക്കുന്നതും ഈ ഭൂരിപക്ഷ- ന്യൂനപക്ഷ ധ്രുവീകരണമാണ്. ഗോവിന്ദന്‍ പറയുന്നത് മുസ്ലിങ്ങളെ ബാധിക്കുന്ന വിഷയമാണിതെന്നാണ്. ലീഗിനെ ഏറ്റവും കൂടുതല്‍ പിന്തുണയ്ക്കുന്ന മതസംഘടനയാണ് സമസ്ത. ഗോവിന്ദന്റെ നിലപാട് തള്ളിയ സമസ്ത, ഇത് മുസ്ലിങ്ങളെ മാത്രം ബാധിക്കുന്നതല്ല എന്നാണ് പറയുന്നത് . അങ്ങനെ നോക്കുമ്പോള്‍ മോദി പറഞ്ഞതും എം വി ഗോവിന്ദന്‍ പറയുന്നതും ഒന്നാണ്. ധ്രുവീകരണമാണ് സിപിഐഎമ്മിനുമുള്ളതെന്നും മുസ്ലിം പേഴ്‌സണല്‍ ലോയിലാണ് ബിജെപി കണ്ണുവച്ചിരിക്കുന്നതെന്നും എം എം ഹസ്സന്‍ വ്യക്തമാക്കി.
ഏകീകൃത സിവില്‍ കോഡില്‍ സമസ്ത സിപിഐഎമ്മിന്റെ ക്ഷണത്തിന് പച്ചക്കൊടി കാട്ടിയെങ്കിലും ലീഗിന്റെ കാര്യത്തിന് തീരുമാനമായിട്ടില്ല. സിപിഐഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാന്‍ മുസ്ലിം ലീഗ് നേതൃയോഗം നാളെ ചേരും. രാവിലെ 9.30ക്ക് പാണക്കാട് ചേരുന്ന യോഗത്തില്‍ വിഷയത്തില്‍ അന്തിമ തീരുമാനം കൈയ്യ് കൊള്ളും. നിലവില്‍ സമസ്ത ഉള്‍പ്പടെയുള്ള മത സംഘടനകള്‍ സെമിനാറില്‍ പങ്കെടുക്കുമെന്ന് നിലപാട് വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ ലീഗ് ഈ വിഷയത്തില്‍ എന്ത് നിലപാട് സ്വീകരിക്കും എന്നുള്ളത് ഏറെ നിര്‍ണായകമാണ്.
അതേസമയം സെമിനാറില്‍ പങ്കെടുത്താന്‍ സിപിഐഎം ലീഗിനെ ക്ഷണിക്കുന്നതിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തി. ഉത്തരത്തിലുള്ളത് എടുക്കാന്‍ ശ്രമിക്കുമ്പോള്‍ കക്ഷത്തിലുള്ളത് പോകരുതെന്നാണ് വി ഡി സതീശന്റെ പരിഹാസം. ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ മുസ്ലിം ലീഗിനെ സെമിനാറിലേക്ക് ക്ഷണിച്ചിട്ടേ ഉള്ളൂ. പോയിട്ടിട്ടല്ലോ എന്നും വി ഡി സതീശന്‍ ചോദിച്ചു.
Story Highlights: MM Hassan stand on Uniform civil code
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here