കെ.വി തോമസുമായി കൂടിക്കാഴ്ച നടത്തി ഇ.ശ്രീധരൻ; ഹൈസ്പീഡ് റെയിൽവേ സംബന്ധിച്ച് സർക്കാരിന് ഗൈഡൻസ് നൽകാൻ തയ്യാറാണെന്ന് ശ്രീധരൻ

മെട്രോ മാൻ ഇ ശ്രീധരനുമായി ചർച്ച നടത്തി കെ.വി തോമസ്. മലപ്പുറം പൊന്നാനിയിലെ ഇ.ശ്രീധരന്റെ വസതിയിലായിരുന്നു കൂടിക്കഴ്ച. ഇ.ശ്രീധരനുമായുള്ള കൂടുകാഴ്ച മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമെന്ന് കെ.വി തോമസ് ട്വന്റിഫോറിനോട് പറഞ്ഞു. കൂടിക്കാഴ്ചയിൽ കെ റെയിൽ ചർച്ചയായെന്ന് കെ.വി തോമസ്
പറഞ്ഞു. ഹൈസ്പീഡ് റെയിൽ, കെ-റെയിൽ എന്നിവ കേരളത്തിന് വേണമെന്നും അത് കേരളത്തിന്റെ സ്വപ്നപദ്ധതിയാണെന്നും അദ്ദേഹം പ്രതികരിച്ചു. ( kv thomas meets e sreedharan )
‘തുടങ്ങി വച്ചിടത്ത് ചില തടസങ്ങൾ ഉണ്ട്. ഈ സാഹചര്യത്തിൽ ഇതെങ്ങനെ മുന്നോട്ടു കൊണ്ടുപോകാമെന്നാണ് നോക്കുന്നത്. ഇ.ശ്രീധരൻ ഹൈസ്പീഡ് റെയിലിന് എതിരല്ല. ഇക്കാര്യം അദ്ദേഹം തന്നെ വ്യക്തമാക്കിയതാണ്. രൂപമാറ്റങ്ങൾ സംബന്ധിച്ച ഡീറ്റെയിൽഡ് നോട്ട് ഇ.ശ്രീധരൻ നൽകും. അത് മുഖ്യമന്ത്രി പരിശോധിച്ച ശേഷം തുടർ നടപടികൾ കൈക്കൊള്ളും’ കെ.വി തോമസ് പറഞ്ഞു.
വികസന കാര്യത്തിൽ സംസ്ഥാന സർക്കാരുമായി സഹകരിക്കുമെന്ന് കെ.വി തോമസുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇ.ശ്രീധരൻ വ്യക്തമാക്കി. സർക്കാർ പ്രതിനിധിയായാണ് കെ.വി തോമസ് വന്നതെന്ന് ഇ.ശ്രീധരൻ പറഞ്ഞു. കെ-റെയിൽ പ്രായോഗികമല്ല, ഹൈസ്പീഡ് റെയിൽവേയാണ് കേരളത്തിന് വേണ്ടത്. അത്തരം പദ്ധതിക്ക് സർക്കാരിന് ഗൈഡൻസ് നൽകാൻ തയ്യാറാണെന്നും ശ്രീധരൻ അറിയിച്ചു.
Story Highlights: kv thomas meets e sreedharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here