Advertisement

‘മത്സ്യത്തൊഴിലാളികൾ മന്ത്രിമാർക്കെതിരെ ഒന്നും പറഞ്ഞില്ല’; പ്രതിഷേധത്തിന് പിന്നിൽ രാഷ്ട്രീയമെന്ന് മന്ത്രി ആൻ്റണി രാജു

July 11, 2023
Google News 2 minutes Read
fishermen muthalappozhi antony raju

മുതലപ്പൊഴി സന്ദർശിക്കാനെത്തിയ മന്ത്രിമാർക്ക് നേരെയുണ്ടായ പ്രതിഷേധത്തിൽ പ്രതികരിച്ച് ഗതാഗത മന്ത്രി ആൻ്റണി രാജു. മത്സ്യത്തൊഴിലാളികൾ മന്ത്രിമാർക്കെതിരെ ഒരക്ഷരം പറഞ്ഞിട്ടില്ല എന്ന് ആൻ്റണി രാജു പറഞ്ഞു. കോൺഗ്രസുകാരാണ് ആദ്യം പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധത്തിന് പിന്നിൽ രാഷ്ട്രീയമാണ്. പ്രതിഷേധിച്ചവർ പ്രദേശവാസികളല്ല. അവർ കാരണം പ്രശ്‌നം ഉണ്ടാകരുതെന്ന് കരുതിയാണ് മടങ്ങിയത് എന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. (fishermen muthalappozhi antony raju)

ഫാദർ യൂജിൻ പെരേരക്കെതിരെ കൂടുതൽ പ്രതികരണത്തിനില്ല. പറയാനുള്ളത് മന്ത്രി വി. ശിവൻകുട്ടിയും യൂജിൻ പെരേരയും പറഞ്ഞുകഴിഞ്ഞു. ഇനി ഒരു കൂട്ടിച്ചേർക്കലിന് ഇല്ല. തീരപ്രദേശത്ത് സംഘർഷം ഉണ്ടാക്കാനാണ് കോൺഗ്രസ് ശ്രമം. അത് ജനം മനസിലാക്കണം. പൊലീസ് കേസെടുത്തത് സ്വാഭാവികമാണ്. മന്ത്രിമാർ പരാതി നൽകിയില്ല. രക്ഷാപ്രവർത്തനത്തിന് പോയ മന്ത്രിമാരെ എന്തിന് കോൺഗ്രസ് തടഞ്ഞു? മുതലപ്പൊഴിയിലെ അശാസ്ത്രീയമായ നിർമാണം പരിഹരിക്കും.

Read Also: ‘മുതലപ്പൊഴിയില്‍ നടന്നത് ഭരണകൂടത്തിന്റെ ആസൂത്രണ നീക്കം; കേസെടുക്കുന്നത് നിശബ്ദരാക്കാന്‍’; ഫാ. യൂജിന്‍ പെരേര

മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം അപകടത്തിൽപെട്ട് കാണാതായ മൂന്ന് മത്സ്യതൊഴിലാളികളെ ഇതുവരെ കണ്ടെത്താനായില്ല. മത്സ്യതൊഴിലാളികൾ, നേവി, കോസ്റ്റ് ഗാർഡ്, മറൈൻ എൻഫോഴ്സ്മെന്റ് എന്നിവയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി വരെ ഇവർക്കായി തെരച്ചിൽ നടത്തിയിരുന്നു. സംഘം ഇന്ന് വീണ്ടും തെരച്ചിൽ തുടരും. ഇന്നലെ ഉച്ചയോടെ സ്കൂബ ഡൈവിംഗ് സംഘം സ്ഥലത്ത് എത്തിയെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ മടങ്ങി.

കഴിഞ്ഞ ദിവസം രാവിലെ 5 മണിയോടെയാണ് മുതലപൊഴി തുറമുഖ കവാടത്തിൽ അപകടം നടന്നത്. സംഭവത്തിൽ പുതുക്കുറിച്ചി സ്വദേശിയ മത്സ്യതൊഴിലാളി കുഞ്ഞുമോൻ മരണപ്പെട്ടിരുന്നു.

അപകടം നടന്ന സ്ഥലം സന്ദർശിക്കാൻ ഇന്നലെ എത്തിയ മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു, ജി ആർ അനിൽ എന്നിവരെ നാട്ടുകാർ തടഞ്ഞിരുന്നു. ഫാദർ യൂജിൻ പെരേരയുടെ നേതൃത്വത്തിലാണ് മത്സ്യത്തൊഴിലാളികൾ മന്ത്രിമാരെ തടഞ്ഞത്. പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത് ഫാദർ യൂജിൻ പെരേരയാണെന്ന് മന്ത്രിമാർ ആരോപിച്ചു. ഇതിനു പിന്നാലെ ഫാദർ യൂജിൻ പെരേരയ്ക്കെതിരെ കലാപാഹ്വാനത്തിനു കേസെടുത്തു. കണ്ടാലറിയാവുന്ന 20 പേർക്കെതിരെയും പൊലീസ് കേസെടുത്തു. കലാപാഹ്വാനത്തിനും റോഡ് ഉപരോധത്തിനുമായി രണ്ട് കേസുകളാണ് എടുത്തത്. മുതലപ്പൊഴിയിൽ തുടർച്ചയായി ഉണ്ടാകുന്ന അപകടത്തിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികൾ റോഡ് ഉപരോധിച്ചു. ഇതാണ് കേസിനാധാരമായത്.

Story Highlights: fishermen muthalappozhi antony raju

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here