കൊലപാതക കേസിൽ ഒളിവിൽ പോയ പ്രതി 28 വർഷങ്ങൾക്ക് ശേഷം പിടിയിൽ

കൊലപാതക കേസിൽ ഒളിവിൽ പോയ പ്രതി 28 വർഷങ്ങൾക്ക് ശേഷം പിടിയിൽ. ചെട്ടികുളങ്ങര, കണ്ണമംഗലം, പേള ചേന്നത്തു വീട്ടിൽ ജയപ്രകാശ് കൊലചെയ്യപ്പെട്ട കേസിൽ ഒളിവിൽ പോയ രണ്ടാം പ്രതിയായ ശ്രീകുമാറാണ് മാവേലിക്കര പോലീസിന്റെ പിടിയിലായത്. കോഴിക്കോട് ഹോട്ടൽ ജോലി ചെയ്തു വരികയായിരുന്നു ഇയാൾ. ( man arrested after 28 years in murder case )
1995 ജനുവരി 12 നാണ് കേസിനാസ്പദമായ സംഭവം. മിലിട്ടറി ഉദ്യോഗസ്ഥനായ ചെട്ടികുളങ്ങര കണ്ണമംഗലം പേള ചേന്നത്തു വീട്ടിൽ ജയപ്രകാശുമായി കാട്ടുവള്ളി ക്ഷേത്ര ഗ്രൗണ്ടിൽ വച്ച് പ്രമോദ്, ശ്രീകുമാർ, ജയചന്ദ്രൻ എന്നിവർ മുൻപുണ്ടായ തർക്കവിഷയത്തെ സംബന്ധിച്ച് സംസാരിക്കുന്നതിനിടയിൽ സംഘട്ടനം ഉണ്ടായി. ഇതിൽ ഗുരുതരമായി പരുക്കേറ്റ ജയപ്രകാശിനെ ആശുപത്രിയിൽ പ്രവേശിപിച്ചെങ്കിലും മരിച്ചു. തുടർന്ന് കേസിലെ രണ്ടാം പ്രതിയായ ശ്രീകുമാർ ഒളിവിൽ പോയി. മാവേലിക്കര പോലീസ് കൊലപാതകകുറ്റം ചുമത്തി രജിസ്റ്റർ ചെയ്ത കേസിൽ മറ്റു പ്രതികളായ പ്രദീപും, ജയചന്ദ്രനും കോടതിയിൽ ഹാജരായി വിചാരണ നടപടികളുമായി മുൻപോട്ടുപോയി, എന്നാൽ ശ്രീകുമാർ ഒളിവിൽ പോയതിനാൽ മാവേലിക്കര അഡിഷണൽ ഡിസ്ട്രിക് & സെഷൻസ് കോടതി ഈയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചുകൊണ്ട് മറ്റു രണ്ടു പേരുടെ വിചാരണ നടത്തിയിരുന്നു.
കോടതിയിൽ നിന്നും പിടികിട്ടാപുള്ളിയായി വാറന്റ് ഉത്തരവായിട്ട് പിടിക്കപ്പെടാതെ 27 വർഷമായി ഒളിവിൽ കഴിഞ്ഞു വരുന്ന ശ്രീകുമാറിനെ പിടികൂടുന്നതിനായി ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐപിഎസ് പ്രേത്യേക അന്വേഷണം സംഘത്തെ നിയോഗിച്ചിരുന്നു. അന്വേഷണം ആരംഭിച്ചു. ശ്രീകുമാറിന്റെ നാട്ടിൽ നിന്നും കിട്ടിയ വിവരം അനുസരിച്ച് അയാൾ ഒളിവിൽ പോയി താമസിച്ചിരുന്ന മംഗലാപുരം, മൈസൂർ ബാംഗ്ലൂർ എന്നിവിടങ്ങളിൽ നടത്തിയ അന്വേഷണങ്ങളിൽ, ഈ സ്ഥലങ്ങളിൽ ഇയാൾ ഇലക്ട്രിഷ്യൻ ആയി ജോലി ചെയ്ത ശേഷം അവിടെ നിന്നും കോഴിക്കോട് ജില്ലയിൽ എത്തി ഹോട്ടൽ ജോലിയും കല്പണിയും ചെയ്തു താമസിക്കുകയാണെന്ന് മനസിലായി. തുടർന്ന് കോഴിക്കോട് ജില്ലയിലെ എല്ലാ ഹോട്ടലുകളും കല്പണി കോൺട്രാക്ടർമാരെയും കേന്ദ്രികരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് 27 വർഷക്കാലമായി ഒളിവിൽ കഴിഞ്ഞു വന്ന ശ്രീകുമാറിനെ കണ്ടെത്തുന്നത്. കോഴിക്കോട് വന്ന് ഹോട്ടൽ ജോലി ചെയ്ത് വരുന്നതിനിടയിൽ വിവാഹം കഴിച്ചു കുടുംബത്തോടൊപ്പം ആയിരുന്നു താമസിച്ചുവന്നിരുന്നത്. ചെങ്ങന്നൂർ ഡി വൈ എസ് പി ബിനുകുമാറും സംഘവുമാണ് പ്രതിയെ പിടികൂടിയത്. ശ്രീകുമാറിനെ മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മാജിസ്ട്രേറ്റ് കോടതി-1ൽ ഹാജരാക്കും.
Story Highlights: man arrested after 28 years in murder case