രണ്ടാം ടി20യിലും മിന്നി മിന്നുമണി; 4 ഓവറിൽ 9 റൺസ് മാത്രം വിട്ട് നൽകി 2 വിക്കറ്റ്

ബംഗ്ലാദേശിനെതിരായ രണ്ടാം ടി20 മത്സരത്തിൽ ബൗളിങ്ങിൽ തിളങ്ങി മലയാളി താരം മിന്നുമണി. തന്റെ രണ്ടാം ഇന്റർനാഷണൽ മത്സരം മാത്രം കളിക്കുന്ന മിന്നുമണി തുടക്കക്കാരിയുടെ പരിഭവമേതുമില്ലാതെ പന്തെറിഞ്ഞ് 4 ഓവറിൽ 9 റൺസ് മാത്രം വിട്ട് നൽകി 2 വിക്കറ്റാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ പതിവില്ലാതെ തകർച്ച നേരിട്ട് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 95 റൺസ് മാത്രമാണ് നേടിയത്. ഓപ്പണിങ് വിക്കറ്റിൽ 33 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി എന്നതല്ലാതെ മറ്റാർക്കും തിളങ്ങാനായില്ല.
95 റൺസ് പ്രതിരോധിക്കാനിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക്ത്രൂ സമ്മാനിച്ചത് മിന്നു മണിയാണ്. കഴിഞ്ഞ മത്സരത്തിലേതുപോലെ ഷമീമ സുൽത്താനയെ മിന്നു തന്നെ പുറത്താക്കുകയായിരുന്നു. ബംഗ്ലാ സ്കോർ 30 എത്തിനിൽക്കുമ്പോൾ റിതുവിനെ വിക്കറ്റിന് മുന്നിൽ കുടുക്കുകയും ചെയ്തു മിന്നു. 4 ഓവറിൽ ഒരോവർ മെയ്ഡൻ ആക്കാനും മിന്നുവിന് കഴിഞ്ഞു.
ഇന്ത്യൻ ബാറ്റിങ്ങിൽ പത്താമതായി ബാറ്റിങ്ങിനിറങ്ങിയ മിന്നു 3 പന്തിൽ ഒരു ബൗണ്ടറിയടക്കം 5 റൺസ് നേടി. വരും മത്സരങ്ങളിൽ മിന്നുവിന്റെ ബാറ്റർ എന്ന നിലയിൽ കൂടിയുള്ള മികവ് പുറത്തെടുക്കാനുള്ള അവസരം കൂടുതൽ ലഭിക്കുമെന്നാണ് മലയാളികളുടെ പ്രതീക്ഷ.
Story Highlights: Minnu Mani in great form 2 wickets in 4 overs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here