‘അപകടസമയത്ത് കൂടുതൽ പേരും ഉറക്കത്തിലായിരുന്നു’; തോട്ടട അപകടത്തിൽ നിന്ന് രക്ഷപ്പെട്ട നീതു ട്വൻ്റിഫോറിനോട്

അപകടസമയത്ത് കൂടുതൽ പേരും ഉറക്കത്തിലായിരുന്നു എന്ന് കണ്ണൂർ തോട്ടടയിൽ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട നീതു ട്വൻ്റിഫോറിനോട്. 12.30നു ശേഷമായിരുന്നു അപകടം. അപകടത്തിന് പിന്നാലെ നിരവധി യാത്രക്കാർ അബോധാവസ്ഥയിലായി എന്നും തിരുവല്ല സ്വദേശിനി പ്രതികരിച്ചു.
മിക്ക ആളുകളും ഉറക്കത്തിലായിരുന്നു. ലൈറ്റൊക്കെ ഓഫായിരുന്നു. 10.30ഒക്കെ കഴിഞ്ഞപ്പോൾ ഭക്ഷണം കഴിക്കാൻ നിർത്തിയിരുന്നു. ഇടിയുടെ ആഘാതത്തിൽ ഉറക്കത്തിൽ നിന്നെണീറ്റു. ഇടതുവശത്തേക്ക് ബസ് മറിയുന്നതാണ് ഞാൻ കണ്ടത്. ഫ്രണ്ട് ഗ്ലാസ് തകർന്നു. അതുവഴിയാണ് ആളുകൾ രക്ഷപ്പെട്ടത്. കുറച്ച് യാത്രക്കാർ അബോധാവസ്ഥയിലായിരുന്നു. ചിലരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നാട്ടുകാരെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അവരൊക്കെ ഒരുപാട് സഹായിച്ചു എന്നും നീതു പറഞ്ഞു.
മണിപ്പാലിൽ നിന്ന് തിരുവല്ലയിലേക്കായിരുന്നു കല്ലട ബസിൻ്റെ യാത്ര. മണിപ്പാലിലും മംഗളൂരുവിലും പഠിക്കുന്ന വിദ്യാർഥികളും ബസിലുണ്ടായിരുന്നു. ബസിൻ്റെ പിന്നിലാണ് ലോറി ഇടിച്ചത്.
ബസ് യാത്രക്കാരനാണ് മരിച്ചത്. അപകടത്തിൽ ബസ് തലകീഴായി മറിഞ്ഞു. ഇരു വാഹനത്തിലെയും ഡ്രൈവർമാർ അടക്കം 24 പേർക്കാണ് പരുക്കേറ്റിരുന്നത്. 8 പേരുടെ നില ഗുരുതരമാണ്. കണ്ണൂർ ഭാഗത്തേക്ക് മീൻ കയറ്റി വരികയായിരുന്നു ലോറി. അപകടത്തിൽ ബസ് മൂന്ന് തവണ തലകീഴായി മറിഞ്ഞു എന്ന് ദൃക്സാക്ഷികൾ പറയുന്നു.
അപകടത്തിൽ ചികിത്സയിലായിരുന്ന പലരെയും ഡിസ്ചാർജ് ചെയ്തു. മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 19 പേരിൽ 9 പേരെയും ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച 11 പേരിൽ 6 പേരെയും ഡിസ്ചാർജ് ചെയ്തു. പരുക്കേറ്റ ഒരു സ്ത്രീയുടെ നില അതീവഗുരുതരമാണ്. ഇവർക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി.
Story Highlights: thottada accident survivor response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here