ജീവിതത്തിന്റെ നിസാരതയേയും ഭാരമില്ലായ്മയേയും തൊടുന്ന ഫിലസോഫിക്കല്‍ ഫിക്ഷന്‍; ജീവിതത്തിന്റെ പാളം തെറ്റിക്കുന്ന തമാശ…; കുന്ദേരയെ വായിക്കുമ്പോള്‍

- ഈ വേര്‍പാടിനെ ലോകസാഹിത്യത്തിലെ മറ്റൊരു യുഗാന്ത്യമെന്നു തന്നെ വിശേഷിപ്പിക്കാം
- കാഫ്കയും കാമ്യുവും സാരം എഴുപതുകളുടെയും എണ്‍പതുകളുടെയും മോഹഭംഗമലയാളിയുടെ എഴുത്തുകാരായിരുന്നുവെങ്കില്‍ തൊണ്ണൂറുകളുടെ എന്റെ തലമുറയുടെ എഴുത്തുകാരനാണ് മിലന്‍ കുന്ദേര
അധികാരത്തിന് എതിരെയുള്ള മനുഷ്യന്റെ സമരം മറവിയ്ക്കു മേല്‍ ഓര്‍മ്മയുടെ സമരമെന്ന് പറഞ്ഞ കുന്ദേര യാത്രയായിരിക്കുന്നു. ഈ വേര്‍പാടിനെ ലോകസാഹിത്യത്തിലെ മറ്റൊരു യുഗാന്ത്യമെന്നു തന്നെ വിശേഷിപ്പിക്കാം. മലയാളികള്‍ക്ക് ഏറെ പരിചിതനായ ഈ ചെക്ക് എഴുത്തുകാരനെ ഞാനാദ്യമറിയുന്നത് കയ്യില്‍ കിട്ടുന്നതെന്നും ആര്‍ത്തിയോടെ വായിക്കുന്ന പഠനകാലത്താണ്. തൃശ്ശൂര്‍ ശ്രീ കേരള വര്‍മ്മാ കോളേജിലെ ലൈബ്രറിയില്‍ നിന്നെടുത്ത ‘ദി ജോക്കാണ്’ ഞാന്‍ വായിക്കുന്ന ആദ്യത്തെ കുന്ദേരാ നോവല്‍. കമ്യൂണിസ്റ്റു ചെക്കോസ്ലോവാക്യയാണ് പശ്ചാത്തലം. ‘ഒപ്റ്റിമിസം ഈസ് ദി ഒപ്പിയം ഓഫ് മാന്‍ കൈന്‍ഡ് ലോങ് ലിവ് ട്രോട്‌സ്‌കി!’ഈയൊരൊറ്റ തമാശയില്‍ ജീവിതത്തിന്റെ പാളം തെറ്റി പോകുന്ന ലുഡിക്ക് എന്ന ചെറുപ്പക്കാരന്റെ കഥ പറയുന്നു ‘ദി ജോക്ക്’. കുന്ദേരയുടെ ആദ്യ നോവലായി 1967 ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ദി ജോക്ക് അങ്ങേയറ്റത്തെ അധികാര കേന്ദ്രീകരണത്തിന്റെ ഭീതിദമായ വിവരണമാണ്. ഒരു പെണ്‍കുട്ടിയുടെ മതിപ്പു കിട്ടാനായി ട്രോട്‌സ്‌കിയെ കുറിച്ച് പോസ്റ്റുകാര്‍ഡില്‍ കുറിച്ചിടപ്പെടുന്ന തമാശക്കു ചുറ്റും കറങ്ങുന്ന നോവല്‍ താമസിയാതെ നിരോധിക്കപ്പെട്ടു. സ്വകാര്യമായിരിക്കേണ്ട ഒരു തമാശ സര്‍വ്വാധികാരത്തിന്റെ ചാരക്കണ്ണുകളില്‍ പെട്ട് ഒരു ചെറുപ്പക്കാരന്റെ ജീവിതം വെന്തുരുകുന്നതെങ്ങിനെയെന്ന് പറയുന്ന നോവല്‍ കമ്യൂണിസ്റ്റു ചെക്കോസ്ലോവാക്യയില്‍ നാടോടി പാരമ്പര്യങ്ങളുടെയും മതത്തിന്റെയും മാറുന്ന ഭൂമികകളിലൂടെയും സഞ്ചരിച്ചു. അതോടെ കുന്ദേരയുടെ പേര് കരിമ്പട്ടികയില്‍ ചേര്‍ക്കപ്പെടുകയും അദ്ധ്യാപക ജോലിയില്‍ നിന്നും അദ്ദേഹത്തെ പറഞ്ഞു വിടുകയും ചെയ്തു. പ്രാഗിലെ ഫിലിം അക്കാദമിയില്‍ ലോകസാഹിത്യം പഠിപ്പിക്കുകയായിരുന്നു അതുവരെ അദ്ദേഹം. (Writer Kabani Civic writes on Milan Kundera)
കാഫ്കയും കാമ്യുവും സാരം എഴുപതുകളുടെയും എണ്‍പതുകളുടെയും മോഹഭംഗമലയാളിയുടെ എഴുത്തുകാരായിരുന്നുവെങ്കില്‍ തൊണ്ണൂറുകളുടെ എന്റെ തലമുറയുടെ എഴുത്തുകാരനാണ് മിലന്‍ കുന്ദേര. ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാര്‍ സൃഷ്ടിച്ച പുതിയ പോസ്റ്റ് കൊളോണിയല്‍ സാഹിത്യത്തിനോടൊപ്പം ഞങ്ങള്‍ കുന്ദേരയേയും പ്രിയമോടെ വായിച്ചു.
ചെക്ക് കമ്യൂണിസ്റ്റു പാര്‍ട്ടി അംഗമായിരുന്ന മിലന്‍ കുന്ദേര ആദ്യം പാര്‍ട്ടിയില്‍ നിന്നു പുറത്താകുന്നത് കമ്യൂണിസ്റ്റു വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് 1950 ലാണ്. പിന്നീട് 1968 ല്‍ അന്ന് പാര്‍ട്ടി ഫസ്റ്റ് സെക്രട്ടറി ആയിരുന്ന അലക്‌സാണ്ടര്‍ ഡബ് ചെക്കിന്റെ കലാപത്തെ അനുകൂലിച്ചാണ് പാര്‍ട്ടിയില്‍ നിന്നു പുറത്തു പോകുന്നത്. ‘പ്രാഗ് വസന്തം’ എന്നറിയപ്പെടുന്ന ഈ സ്വാതന്ത്ര്യ പ്രസ്ഥാനം സ്റ്റാലിനിസത്തിനെതിരായ ആഗോള ശബ്ദത്തിന്റെ ഉച്ചസ്ഥായിയായിരുന്നു. കുന്ദേരയുടെ ഈ ജീവിത ചരിത്രവിശദാംശങ്ങളും മലയാളികളായ വായനക്കാരെ ആകര്‍ഷിച്ചിട്ടുണ്ടാകാം.
തുടര്‍ന്ന് ചെക്കോസ്ലോവാക്യയിലെ സര്‍ക്കാര്‍ അദ്ദേഹത്തിന്റെ രചനകള്‍ നിരോധിക്കുകയും 1979 ല്‍ പൗരത്വം റദ്ദാക്കുകയും ചെയ്തു. 1975 മുതല്‍ ഫ്രാന്‍സിലായിരുന്ന മിലന്‍ കുന്ദേരയ്ക്ക് 1981 ല്‍ ഫ്രഞ്ചു സര്‍ക്കാര്‍ പൗരത്വം നല്‍കി. അവിടെ വെച്ചാണ് അദ്ദേഹം തന്റെ ഏറ്റവും പ്രശസ്തമായ, ദി അണ്‍ബെയറബിള്‍ ലൈറ്റ്‌നെസ് ഓഫ് ബീയിംഗ് ‘ അടക്കമുള്ള കൃതികളെഴുതുന്നത്. 1995 ല്‍ അദ്ദേഹം ഫ്രഞ്ചില്‍ എഴുതാന്‍ തുടങ്ങി. ‘സ്ലോനെസ്സ്’ ആയിരുന്നു ഫ്രഞ്ചുഭാഷയിലെ ആദ്യ നോവല്‍. 2014 ല്‍ ദി ഫെസ്റ്റിവല്‍ ഓഫ് ഇന്‍സിഗ്‌നിഫിക്കന്‍സും. 2019 ല്‍ ചെക്കു സര്‍ക്കാര്‍ അദ്ദേഹത്തിന് പൗരത്വം തിരിച്ചു നല്‍കി.
Read Also: ലോക പ്രശസ്ത സാഹിത്യകാരന്‍ മിലന്‍ കുന്ദേര അന്തരിച്ചു
ഏറെ ജനപ്രിയതയുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ കമ്യു, മാര്‍കേസ്,സാര്‍ത്ര് എന്നിവര്‍ക്കു നല്‍കിയ അത്ര ഗൗരവമുള്ള വായന മലയാളികള്‍ക്കിടയില്‍ കുന്ദേരയ്ക്കുണ്ടായിട്ടില്ല. ആഴത്തിലുള്ള രാഷ്ട്രീയ ജീവിതമുണ്ടായിരുന്നെങ്കിലും എഴുത്തില്‍ നസീം ഹിക്മത്തോ ടാഗോറോ അഡോണിസോ ആയിരുന്നില്ല ഈ എഴുത്തുകാരന്‍ എന്നതായിരിക്കാം അതിനൊരു കാരണം. എന്നാല്‍ കുന്ദേര വായനക്കാരെ ആഴത്തില്‍ സ്വാധീനിച്ച എഴുത്തുകാരനും എഴുത്തിനു പുറത്തുള്ള രാഷ്ട്രീയ നിലപാടിനാല്‍ അതിപ്രശസ്തനുമായിരുന്നു. ജീവിതത്തിലെ രാഷ്ട്രീയവും എഴുത്തിലെ ജനപ്രിയതയും ചേര്‍ന്ന ഈ മിശ്രിതമായിരിക്കും ഈ എഴുത്തുകാരനെ മലയാളികളുടെ സ്വന്തം എഴുത്തുകാരനാക്കിയത്. രാഷ്ട്രീയം കൃതികളില്‍ വരുന്നുണ്ടെങ്കിലും, പലതിലും പശ്ചാത്തലം പരാജയപ്പെട്ട പ്രാഗു വസന്തമാണെങ്കിലും മയക്കോവ്‌സിക്കിയോ പാസ്തര്‍നാക്കോ സോള്‍ഷനിസ്റ്റനോ ആയിരുന്നില്ല ഈ ചെക്ക് എഴുത്തുകാരന്‍.
അദ്ദേഹത്തിന് കമ്യൂണിസവുമായുള്ള ബന്ധം തീര്‍ച്ചയായും മലയാളികള്‍ക്കിടയിലുള്ള സ്വീകാര്യത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ചെക്ക് കമ്യൂണിസ്റ്റു പാര്‍ട്ടിയില്‍ അംഗത്വമുള്ളയാളായിരുന്നു കുന്ദേര, അദ്ദേഹത്തിന്റെ ആദ്യ കൃതികള്‍ തന്നെ കമ്യൂണിസ്റ്റു പാര്‍ട്ടിക്കു വേണ്ടി എഴുതിയ കവിതകളാണ്. എന്നിട്ടും പാര്‍ട്ടിയില്‍ നിന്ന് രണ്ടു പ്രാവശ്യം അദ്ദേഹം പുറത്താക്കപ്പെട്ടു. കമ്യൂണിസ്റ്റു പാര്‍ട്ടിയുമായുള്ള ദീര്‍ഘകാലത്തെ പ്രണയവും പിന്നീട് വന്ന നൈരാശ്യവും അദ്ദേഹത്തിന്റെ കൃതികളില്‍ മുഴുവനായും പ്രതിഫലിച്ചിട്ടില്ല. കുറച്ചെല്ലാം പ്രതിഫലിച്ചു എന്നു മാത്രമേ പറയാനാകൂ.
കുന്ദേരയെ വ്യത്യസ്തനാക്കുന്ന മറ്റൊരു കാര്യം ഇരു ഭാഷകളിലെ എഴുത്താണ്. രണ്ടു ഭാഷകളില്‍ അദ്ദേഹം എഴുതി ചെക്കു ഭാഷയിലും പിന്നീട് ഫ്രഞ്ചു ഭാഷയിലും, തന്നെ നാടുകടത്തിയ ചെക്കോ സ്ലോവാക്യയുടെ ഭാഷയില്‍ ഇനി താനെഴുതില്ലെന്നും തന്റെ ഭാഷ ഫ്രഞ്ചാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. രണ്ടു ഭാഷകളില്‍ ഒരു പോലെ സര്‍ഗ്ഗരചന നടത്തിയ എഴുത്തുകാര്‍ ലോകസാഹിത്യത്തില്‍ തന്നെ ചുരുക്കമാണ്. അതും രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായിരുന്നു ആ ദ്വിഭാഷാ എഴുത്തെന്നത് അദ്ദേഹത്തെ വ്യത്യസ്തനാക്കി.
അദ്ദേഹത്തിന്റെ കൃതികളിലെ ആക്ഷേപഹാസ്യവും തത്വചിന്തയും കലര്‍ത്തിയുള്ള എഴുത്തു രീതി ലോക സാഹിത്യത്തില്‍ തന്നെ അപൂര്‍വ്വമാണ്. ‘ഫിലസോഫിക്കല്‍ ഫിക്ഷന്‍’ എന്നു തന്നെ അദ്ദേഹത്തിന്റെ എഴുത്തു വിദ്യയെ വിളിക്കാം. കഥാപാത്രങ്ങളെ,സ്ഥലങ്ങളെ സാഹചര്യങ്ങളെ ദാര്‍ശനികമായ തലങ്ങളിലേക്കുയര്‍ത്തി, ദാര്‍ശനിക വഴികളിലൂടെ നടത്തിച്ച് തിരികെ കൊണ്ടു വരുന്ന രീതി (മലയാളത്തില്‍ ആനന്ദില്‍ മാത്രം നാം കണ്ടിട്ടുള്ളത്) വായനക്കാരെ ആഴത്തില്‍ സ്വാധീനിച്ചു. ‘ദി അണ്‍ബെയറബിള്‍ ലൈറ്റ്‌നെസ് ഓഫ് ബീയിംഗി’ലാണ് ഇത് ഉച്ചസ്ഥായിയിലെത്തിയത്. രണ്ടു സ്ത്രീകളെയും രണ്ടു പുരുഷന്മാരെയും ഒരു നായയെയും അവരുടെ ജീവിതങ്ങളെയും കുറിച്ചുള്ള ഈ നോവല്‍ 1968 ലെ പ്രാഗു വസന്തത്തെ കുറിച്ചു തന്നെയാണ്. ഒരാള്‍ക്ക് ഒരു ജീവിതം മാത്രമേയുള്ളൂവെന്നും ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ഒരിക്കലേ സംഭവിക്കുള്ളുവെന്നും ഒരിക്കലുമത് ആവര്‍ത്തിക്കില്ലെന്നും അതു കൊണ്ടു തന്നെ സ്വത്വത്തിന്റെ അടിസ്ഥാന സ്വഭാവം ഭാരമില്ലായ്മയാണെന്നുമാണ് ഈ നോവലില്‍ കുന്ദേര പറഞ്ഞു വെക്കുന്നത്. ആ ഭാരമില്ലായ്മ തന്നെയാണ് സ്വാതന്ത്ര്യവും. നോവലിന്റെ രണ്ടു പ്രധാന പ്രമേയങ്ങള്‍ രതിയും പ്രണയവുമാണ്. രണ്ടും ഭാരമില്ലാത്തവ തന്നെ, ക്ഷണികവും.
ലോകസാഹിത്യ ചരിത്രത്തില്‍ വെച്ചു തന്നെ മാധ്യമങ്ങളുമായി അപൂര്‍വ്വമായി മാത്രം ഇടപഴകിയ സാഹിത്യകാരന്‍ കൂടിയാണ് കുന്ദേര. (മറ്റൊരാള്‍ കൂറ്റ് സേയാണ്) അപൂര്‍വ്വമായി മാത്രം കുന്ദേര എഴു ത്തുകാരനായി പൊതുഇടത്തില്‍ പ്രത്യക്ഷപ്പെട്ടു. അതിനേക്കാള്‍ അപൂര്‍വ്വമായി മാത്രം അഭിമുഖങ്ങള്‍ നല്‍കി. മിലന്‍ കുന്ദേരയോട് ആദരവ് പ്രകടിപ്പിക്കാന്‍ ‘പാരീസ് റിവ്യൂ ‘ അദ്ദേഹവുമായുള്ള അഭിമുഖം വരിക്കാരല്ലാത്തവര്‍ക്കും ഇന്ന് തുറന്നു നല്‍കിയിട്ടുണ്ട്. കുന്ദേരയുടെ ‘ദി അണ്‍ബെയറബിള്‍ ലൈറ്റ്‌നെസ്സ് ഓഫ് ബീയിംഗ് ‘ പ്രസിദ്ധീകരിച്ചതിനു പുറകേയാണ് ആ അഭിമുഖം വന്നത്. പുതിയ നോവലിനെ കുറിച്ച് മാധ്യമങ്ങളില്‍ വന്ന പരാമര്‍ശങ്ങളെ കുറിച്ചു ചോദിച്ചപ്പോള്‍ അദ്ദേഹം പറയുന്നു, ‘ഐ ഹാവ് ഹാഡ് ആന്‍ ഓവര്‍ഡോസ് ഓഫ് മൈസെല്‍ഫ്!’. മാധ്യമലോകത്തില്‍ നിന്ന് പൂര്‍ണ്ണമായി മാറി നിന്നിട്ടും അദ്ദേഹം ലോകസാഹിത്യത്തില്‍ മഹാമേരുവായി തന്നെ നിലനില്‍ക്കുകയും ചെയ്തു.
ദി അണ്‍ ബെയറബില്‍ ലൈറ്റ്‌നെസ് ഓഫ് ബീയിംഗ് ‘ഉയിരടയാളങ്ങള്‍’ എന്ന പേരിലും ദി ബുക്ക് ഓഫ് ലാഫ്റ്റര്‍ ആന്റ് ഫൊര്‍ഗെറ്റിംഗ് ‘ചിരിയുടെയും മറവിയുടെയും പുസ്തകം’ എന്ന പേരിലും ഡി സി ബുക്‌സ് മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ ഐഡന്റിറ്റി,വേര്‍പാടിന്റെ നടനം എന്നീ പുസ്തകങ്ങളും മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.
എഴുത്തുകാരിയും പരിഭാഷകയുമാണ് ലേഖിക.
Story Highlights: Writer Kabani Civic writes on Milan Kundera
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here