Advertisement

ഇന്റലിജൻസ് വീഴ്ചയോ? ഐഎസ്‌ഐ ഗൂഢാലോചനയോ?; പാകിസ്താൻ ‘ഭാഭി’ ഇന്ത്യയിലെത്തിയത് എങ്ങനെ?

July 15, 2023
2 minutes Read
How Did Pakistani 'Bhabhi' Come To India?

സീമ ഹൈദർ അഥവാ പാകിസ്താൻ ‘ഭാഭി’…ഗെയിമിംഗ് ആപ്പിലൂടെ പ്രണയത്തിലായ കാമുകനെ തേടി നാല് കുട്ടികൾക്കൊപ്പം രാജ്യാതിർത്തികൾ കടന്ന് ഇന്ത്യയിലെത്തിയ പാക് വനിതാ. ഒരു കൗതുക വാർത്ത എന്നതിലുപരി, ദേശീയ സുരക്ഷയിൽപ്പോലും ചോദ്യങ്ങൾ ഉയർത്തുന്ന ഗുരുതരമായ വീഴ്ചകളിലേക്കും ഈ സംഭവം വിരൽ ചൂണ്ടുന്നു. ഉത്തർപ്രദേശിലെ നോയിഡയിൽ കാമുകൻ സച്ചിൻ മീണയ്‌ക്കൊപ്പം ഒരു മാസത്തിലേറെയായി സീമ ഹൈദർ കഴിഞ്ഞിട്ടും ആരും അറിഞ്ഞിരുന്നില്ല.

വിവാഹത്തിന്റെ നിയമസാധ്യതയെക്കുറിച്ച് യുവതി അഭിഭാഷകനോട് സംസാരിച്ചിരുന്നില്ലെങ്കിൽ ഒരുപക്ഷെ വിവരം പുറത്ത് വരില്ലായിരുന്നു. ജൂലൈ നാലിന് സീമയും സച്ചിനും അറസ്റ്റിലാകുന്നത് വരെ അയൽവാസികൾ പോലും ഇക്കാര്യം അറിഞ്ഞിരുന്നില്ല എന്നതാണ് മറ്റൊരു വസ്തുത. പാകിസ്താനിൽ തൻ്റെ പേരിലുള്ള സ്ഥലം 12 ലക്ഷം രൂപയ്ക്ക് വിറ്റ പണവുമായി, നേപ്പാൾ വഴിയാണ് സീമ ഹൈദര്‍ അനധികൃതമായി ഇന്ത്യയിൽ എത്തിയത്. PUBG ഗെയിമിംഗ് ആപ്പ് വഴി 2019 മുതൽ യുവാവുമായി തനിക്ക് ബന്ധമുണ്ടെന്ന യുവതിയുടെ വെളിപ്പെടുത്തലും ഗൗരവതരമാണ്.

യഥാർത്ഥത്തിൽ ആരാണ് സീമ ഹൈദർ? ഇതൊരു പ്രണയകഥ മാത്രമാണോ? പാകിസ്താൻ യുവതിയുടെ ഇന്ത്യൻ പ്രവേശനം തീവ്രവാദ ഗൂഢാലോചനയുടെ ഭാഗമോ? ഇങ്ങനെ എണ്ണമറ്റ ചോദ്യങ്ങൾക്കുള്ള ഉത്തരം എത്രയും വേഗം കണ്ടത്തേണ്ടത് രാജ്യസുരക്ഷയെ സംബന്ധിച്ച് പ്രധാനമാണ്. ഇംഗ്ലീഷിൽ പ്രാവീണ്യമുള്ള, കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കാൻ അറിയാവുന്ന സീമ ഹൈദർ ഒരു പാകിസ്താൻ ചാരയാണെന്ന് കരുതുന്നവർ ചെറുതല്ല. ഐഎസ്‌ഐയുടെ വലിയ ഗൂഢാലോചനയുടെ ഭാഗമാണ് ഹൈദർ എന്ന് കരുതുന്നവരുമുണ്ട്. അതിർത്തി കടന്നുള്ള പ്രണയത്തിന്റെ ഒരു സാധാരണ കേസായി ചിലർ വിശേഷിപ്പിക്കുന്നു.

സീമ ഹൈദറിന്റെ കേസ് പൊലീസും രഹസ്യാന്വേഷണ ഏജൻസികളും സമഗ്രമായി അന്വേഷിക്കണമെന്ന് ഉത്തർപ്രദേശ് മുൻ ഡിജിപി വിക്രം സിംഗ് ഒരു സ്വകാര്യ ടിവി ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയാൻ കാരണങ്ങൾ ഏറെയുണ്ട്. സാധുവായ വിസയില്ലാതെ ഒരു സാധാരണ പാക് സ്ത്രീക്ക് തന്റെ നാല് കുട്ടികളുമായി അതിർത്തി കടന്ന് ഇന്ത്യൻ ഏജൻസികളുടെ കണ്ണിൽപ്പെടാതെ എങ്ങനെ നോയിഡയിൽ താമസിക്കാൻ കഴിയുമെന്നാണ് അദ്ദേഹം ചോദിക്കുന്നത്. സാധുവായ വിസയില്ലാതെ ഒരു ഇന്ത്യക്കാരന് പാകിസ്താനിലേക്ക് പോയി സ്വതന്ത്രമായി താമസിക്കാൻ കഴിയുമോ എന്ന് വിക്രം സിംഗ് ചോദിക്കുന്നു. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം യുവതിയെ വിട്ടയച്ചതും ഇപ്പോൾ ഗ്രേറ്റർ നോയിഡയിൽ സ്വതന്ത്രമായി താമസിക്കുന്നതും വിചിത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘നിരവധി ചോദ്യങ്ങൾക്ക് ഇപ്പോഴും ഉത്തരം ലഭിച്ചിട്ടില്ല. ഇന്ത്യൻ അന്വേഷകർ യുവതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ദുബായിൽ താമസിക്കുന്ന ഭർത്താവ് ഗുലാം ഹൈദറിനെ വീഡിയോ കോൺഫറൻസിംഗിലൂടെ ബന്ധപ്പെടണം’ – മുൻ ഡിജിപി വിക്രം സിംഗ് പറയുന്നു. നേപ്പാൾ വഴി ഇന്ത്യൻ അതിർത്തി കടന്ന് നോയിഡയിലേക്ക് വരാൻ സീമ ഹൈദറിനെ സഹായിച്ചത് ആരാണെന്ന് അന്വേഷിക്കണമെന്നും ഇന്ത്യയുടെ രഹസ്യാന്വേഷണ ശേഖരണ സംവിധാനത്തിലെ പിഴവുകൾ തുറന്ന് കാട്ടുന്നതാണ് ഈ സംഭമെന്നും സിംഗ് ചൂണ്ടിക്കാട്ടി.

വിവാദങ്ങൾക്കും, വിമർശനങ്ങൾക്കുമിടയിൽ ഐഎസ്‌ഐ ഏജന്റാണെന്ന ആരോപണങ്ങൾ ആവർത്തിച്ച് നിഷേധിക്കുയാണ് സീമ ഹൈദർ. “ഇന്ത്യയിൽ ഐഎസ്‌ഐ നടത്താനിരിക്കുന്ന ഗൂഢാലോചനയുടെ വിത്താണ് താനെന്ന ഊഹാപോഹങ്ങൾ തെറ്റ്. സച്ചിനോട് അഗാധമായ പ്രണയത്തിലാണ്. വിവാഹിതരായതു മുതൽ എന്നെയും കുട്ടികളെയും നന്നായി നോക്കുന്നുണ്ട്” – ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കവെ സീമ ഹൈദർ പറഞ്ഞു. പാകിസ്താനിൽ നിന്ന് തനിക്ക് ബലാത്സംഗ-വധഭീഷണി ലഭിക്കുന്നുണ്ട്. ജീവനിൽ ഭയമുണ്ടെന്നും സീമ ഹൈദർ അവകാശപ്പെടുന്നു.

“ഞാൻ ഒരു തീവ്രവാദിയല്ല, ഒരു സാധാരണ സ്ത്രീയാണ്. എന്നെ പാകിസ്താനിലേക്ക് തിരിച്ചയക്കരുതെന്ന് ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. അല്ലാത്തപക്ഷം ഞാൻ കൊല്ലപ്പെടും. ഞാൻ ഇന്ത്യൻ സംസ്കാരത്തെ സ്നേഹിക്കുന്നു, കൂടാതെ ഹിന്ദുമതം സ്വീകരിച്ചു. എന്നേക്കും ഇവിടെ ജീവിക്കാൻ ആഗ്രഹമുണ്ട്. എന്നെ അപകീർത്തിപ്പെടുത്താൻ സൗദി അറേബ്യയിൽ താമസിക്കുന്ന മുൻ ഭർത്താവ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്”- സീമ ഹൈദർ പറയുന്നു.

സീമയും സച്ചിനും കണ്ടുമുട്ടിയത് എങ്ങനെ?
ഒരു സാധാരണ ബോളിവുഡ് പോട്ട് ബോയിലർ പോലെ കൗതുകമുണർത്തുന്നതാണ് ഈ ദമ്പതികളുടെ പ്രണയകഥ. കൊവിഡ്-19 മഹാമാരിയുടെ കാലത്ത് PUBG എന്ന ഓൺലൈൻ ഗെയിം കളിക്കുന്നതിനിടെയാണ് ഇരുവരും പരസ്പരം പ്രണയത്തിലായത്. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് സീമ ഹൈദര്‍ ഇന്ത്യയിലെത്തിയത്. തന്റെ സ്ഥലം 12 ലക്ഷം രൂപയ്ക്ക് വിറ്റാണ് സീമ ഹൈദര്‍ യുപിക്കാരനായ കാമുകനെ വിവാഹം കഴിക്കാന്‍ നേപ്പാള്‍ വഴി ഇന്ത്യയില്‍ എത്തിയത്. സീമയ്ക്ക് വയസ്സ് 30 ആണെങ്കിലും സച്ചിന് വയസ്സ് 25 ആണ്‌. അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച് ഗ്രേറ്റര്‍ നോയിഡയില്‍ താമസിച്ചതിന് സീമയെ നോയിഡ പൊലീസ് ഈ മാസം ആദ്യം അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ഹിന്ദുമതം സ്വീകരിക്കുകയും കുടുംബപ്പേര് ഒഴിവാക്കുകയും ചെയ്തു.

Story Highlights: How Did Pakistani ‘Bhabhi’ Come To India?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top