എഐ തട്ടിപ്പില്‍ മുന്നറിയിപ്പുമായി കേരള പൊലീസ്; ഹെല്‍പ്പ് ലൈന്‍ നമ്പരും പങ്കുവച്ചു

കോഴിക്കോട് നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് വ്യാജ വീഡിയോ കോളിലൂടെ പണംതട്ടിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി പൊലീസ്. പരിചയമില്ലാത്ത നമ്പറില്‍ നിന്നുള്ള സാമ്പത്തിക അഭ്യര്‍ത്ഥന നിരസിക്കണമെന്നും സംശയം തോന്നിയാല്‍ 1930 എന്ന നമ്പറില്‍ വിവരമറിയിക്കണമെന്നും പൊലീസ് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള സാമ്പത്തിക അഭ്യര്‍ത്ഥനയില്‍ വലിയ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. (Kerala police helpline number AI scam Kozhikode)
അതേസമയം കോഴിക്കോട് വ്യാജ വിഡിയോ തട്ടിപ്പിലൂടെ പരാതിക്കാരന് നഷ്ടപ്പെട്ട 40,000 രൂപ കേരള പൊലീസ് സൈബര്‍ ഓപ്പറേഷന്‍ വിഭാഗം തിരിച്ചുപിടിച്ചു. മഹാരാഷ്ട്രയിലെ രത്‌നാകര്‍ ബാങ്കില്‍ നിന്നാണ് പണം കണ്ടെത്തിയിരിക്കുന്നത്. അക്കൗണ്ട് പൊലീസ് ബ്ലോക്ക് ചെയ്തു. അതേസമയം പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. കേരളത്തില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഈ തട്ടിപ്പിന്റെ അന്വേഷണത്തിലാണ് സൈബര്‍ ഓപ്പറേഷന്‍ വിഭാഗത്തിന്റെ നേട്ടം.
Read Also: ജൂൺ മാസത്തിൽ കെഎസ്ആർടിസിയുടെ ടിക്കറ്റ് വരുമാനം മാത്രം 201 കോടിയിലധികം രൂപ; കണക്ക് ട്വൻ്റിഫോറിന്
കോഴിക്കോട് സ്വദേശി രാധാകൃഷ്ണനെ വാട്സാപ്പ് വീഡിയോ കോളിലൂടെ സുഹൃത്താണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് 40,000 രൂപ തട്ടിയെടുത്തത്. ആന്ധ്രാപ്രദേശില്‍ ഒപ്പം ജോലി ചെയ്തിരുന്ന ആളുമായി സാദൃശ്യമുള്ള രൂപമാണ് വീഡിയോകോളില്‍ കണ്ടത്. മാത്രമല്ല പരിചയമുള്ള ആളുകളുടെ പേരുകള്‍ പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്തു.
താന്‍ ഇപ്പോള്‍ ദുബായിയിലാണെന്നും ബന്ധുവിന്റെ ചികിത്സയ്ക്കായി പണം അത്യാവശ്യമാണെന്നും നാട്ടില്‍ എത്തിയാലുടന്‍ തിരിച്ചു നല്‍കാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. ആദ്യം 40,000 രൂപ ആവശ്യപ്പെട്ടയാള്‍ വീണ്ടും 35,000 രൂപ ആവശ്യപ്പെട്ടപ്പോള്‍ സംശയം തോന്നുകയുണ്ടായി. സുഹൃത്തിനെ നേരിട്ട് ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിനിരയായ വിവരം മനസിലായത്. 1930 എന്ന ഹെല്‍പ് ലൈന്‍ നമ്പരില്‍ രജിസ്റ്റര്‍ ചെയ്ത പരാതിയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന് നഷ്ടപ്പെട്ട മുഴുവന്‍ തുകയും കേരള പൊലീസിന്റെ സൈബര്‍ ഓപ്പറേഷന്‍ വിഭാഗം തട്ടിപ്പുകാരില്‍നിന്ന് പിടിച്ചെടുത്ത് തിരികെ നല്‍കുകയായിരുന്നു.
പരിചയമില്ലാത്ത വിഡിയോ, ഓഡിയോ കോളിലൂടെ സാമ്പത്തിക സഹായത്തിനായി അഭ്യര്‍ത്ഥന നടത്തിയാല്‍ പ്രതികരിക്കരുതെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു. ഇത്തരത്തില്‍ വ്യാജകോളുകള്‍ ലഭിച്ചാല്‍ ഉടന്‍ ആ വിവരം കേരളാ സൈബര്‍ ഹെല്‍പ് ലൈന്‍ നമ്പരായ 1930ല്‍ അറിയിക്കണം. ഈ സേവനം 24 മണിക്കൂറും ലഭ്യമാണ്.
Story Highlights: Kerala police helpline number AI scam Kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here