ഭൂമി പോക്കുവരവിന്റെ വിവരം മറുച്ചുവച്ച തഹസീല്‍ദാര്‍ക്ക് 20,000 രൂപ പിഴ; നടപടിയുമായി വിവരാവകാശ കമ്മിഷന്‍

ഭൂമി പോക്കുവരവിന്റെ വിവരം മറച്ചുവച്ച തഹസീല്‍ദാര്‍ക്ക് 20,000 രൂപ പിഴയും വിജിലന്‍സ് അന്വേഷണവും. പന്തളം വില്ലേജില്‍ ക്രമ വിരുദ്ധമായി പട്ടയവും ഭൂമിപതിവും നടത്തി എന്ന ആരോപണത്തില്‍ സംസ്ഥാന വിവരാവകാശ കമ്മിഷനാണ് വിജിലന്‍സ് അന്വേഷിക്കാന്‍ ഉത്തരവായത്. വ്യാജ രേഖകളിലൂടെ അനര്‍ഹര്‍ക്ക് പട്ടയം നല്‍കി, മരണപ്പെട്ടയാളുടെ അനന്തരാവകാശിക്ക് വില്‍പത്രത്തിന്റെ മറവില്‍ അന്യവ്യക്തികളുടെ ഭൂമി പോക്കുവരവ്‌ചെയ്തു നല്കി തുടങ്ങിയ ആരോപണങ്ങളാണ് കമ്മിഷന് മുന്നിലെത്തിയത്. ഭൂമി കൈമാറ്റവിവരം യഥാര്‍ത്ഥ അവകാശികളില്‍നിന്ന് മറച്ചുവച്ച എക്‌സിക്യൂട്ടീവ് മജിസ്‌ത്രേട്ട് കൂടിയായ അടൂര്‍ തഹസീല്‍ദാര്‍ 20,000 രൂപ പിഴ അടയ്ക്കാനും വിവരാവകാശ കമ്മിഷണര്‍ എ.എ.ഹക്കിം ഉത്തരവായി. (rs 20,000 fine for tehsildar hid the information of land transactions)
അടൂര്‍ തഹസീല്‍ദാര്‍ ജോണ്‍സാം പന്തളം വില്ലേജില്‍ വ്യക്തമായ രേഖകളുടെ പിന്‍ബലമില്ലാതെ നടന്ന ഭൂമി കൈമാറ്റങ്ങളില്‍ ജാഗ്രത പുലര്‍ത്തിയില്ലെന്നും പരാതിക്കാരില്‍നിന്ന് വിവരം മറച്ചു വച്ചു എന്നും കമ്മിഷന്‍ തെളിവെടുപ്പില്‍ കണ്ടെത്തി. പന്തളം വില്ലേജില്‍ റീസര്‍വേ 564/1ല്‍ പലരുടെ പേരില്‍പെട്ട ഒരേക്കര്‍ ഏഴ് സെന്റ് ഭൂമി 2008 ഫെബ്രുവരി 12 ന് പട്ടയമായി നല്‍കിയോ, തൊട്ടടുത്ത ദിവസം 565/1 ല്‍ നിന്ന് 10 സെന്റ് ഭൂമി പതിച്ചു നല്കിയോ തുടങ്ങിയ വിവരങ്ങള്‍ അന്വേഷിച്ച ഉടമകളായ കായംകുളം ഗോവിന്ദമുട്ടം രാജേന്ദ്രനും മറ്റുള്ളവര്‍ക്കും വ്യക്തമായ മറുപടി റവന്യൂ വകുപ്പിന്റെ ഓഫീസുകളില്‍ നിന്ന് ലഭിച്ചില്ല.
Read Also: ജൂൺ മാസത്തിൽ കെഎസ്ആർടിസിയുടെ ടിക്കറ്റ് വരുമാനം മാത്രം 201 കോടിയിലധികം രൂപ; കണക്ക് ട്വൻ്റിഫോറിന്
അതിനിടെ മരണപ്പെട്ട പട്ടയമുടമയുടെ വില്‍പത്രത്തില്‍ പരാമര്‍ശമുണ്ടെന്ന കാരണം കണ്ടെത്തി ഇത്രയും ഭൂമി അദ്ദേഹത്തിന്റെ മകന്റെ പേരില്‍ പോക്കുവരവ് നടത്തി കൊടുക്കുകയും ചെയ്തു. ഈ സര്‍വേകളില്‍ പുതിയ ഉടമയ്ക്ക് സ്ഥലമില്ലെന്ന് 2009 ല്‍ അടൂര്‍ മുന്‍സിഫ് കോടതിയും 2014 ല്‍ പത്തനംതിട്ട ജില്ലാ കോടതിയും വിധിച്ച രേഖകള്‍ രാജേന്ദ്രന്‍ ഹാജരാക്കിയിട്ടും തിരുത്തല്‍ നടപടിയുണ്ടായില്ല. രാജേന്ദ്രന്റെവക 33 സെന്റ് ഭൂമി കൂടി 2017 ല്‍ കയ്യേറി മതില്‍കെട്ടി കുളങ്ങള്‍ കുഴിച്ച് മണല്‍ കടത്തിയെന്നും ഇതിന്റെയെല്ലാം രേഖ ആവശ്യപ്പെട്ടിട്ട് ലഭിച്ചില്ലെന്നും ആരോപിച്ചുള്ള ഹരജിയിലാണ് കമ്മിഷണര്‍ എ.എ. ഹക്കിം തെളിവെടുപ്പും വിസ്താരവും നടത്തിയത്. രേഖകള്‍ നല്‍കാതിരുന്നതിനും വിവരം മറച്ചു വച്ചതിനുമാണ് തഹസീല്‍ദാര്‍ക്ക് 20,000 രൂപ പിഴയിട്ടത്. വ്യാജ പട്ടയം, അനധികൃത പോക്കുവരവ്, ഭൂമി കയ്യേറ്റം, അതില്‍ റവന്യൂ ഉദ്യോഗസ്ഥരുടെ പങ്ക് തുടങ്ങിയ ആരോപണങ്ങള്‍ സംബന്ധിച്ചാണ് വിജിലന്‍സ് അന്വേഷണത്തിന് കമ്മിഷന്‍ ഉത്തരവായത്.
Story Highlights: rs 20,000 fine for tehsildar hid the information of land transactions
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here