Advertisement

എംപിയിൽ വ്യവസായിയെ കൊലപ്പെടുത്തി മൃതദേഹം ആറ് കഷ്ണങ്ങളാക്കി കുഴിച്ചിട്ടു

July 17, 2023
Google News 1 minute Read
Madhya Pradesh man killed over Rs 90,000 debt

മധ്യപ്രദേശിൽ സാമ്പത്തിക തർക്കത്തെ തുടർന്ന് 45 കാരനായ വ്യവസായിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി കുഴിച്ചിട്ടു. പലചരക്ക് വ്യാപാരി വിവേക് ​​ശർമ്മയാണ് കൊല്ലപ്പെട്ടത്. ഇയാൾ ബന്ധുവിൽ നിന്ന് 90,000 രൂപ കടം വാങ്ങിയിരുന്നു. രൂപ തിരികെ നൽകാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ്.

മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് ക്രൂരമായ കൊലപാതകം. കഴിഞ്ഞ ബുധനാഴ്ച മുതലാണ് വിവേക് ശർമ്മയെ കാണാതായത്. ജൂലൈ 12 ന് മെഡിക്കൽ റെപ്രസന്റേറ്റീവായ ബന്ധു മോഹിതിനെ കാണാൻ വീട്ടിൽ നിന്ന് ഇറങ്ങിയ ശർമ്മയെ പിന്നീട് കാണാതാവുകയായിരുന്നു. രാത്രി വൈകിയും ശർമ്മയെ കാണാതായതോടെ കുടുംബം അന്വേഷിച്ചിറങ്ങി. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടാകാത്തതിനെ തുടർന്ന് കോട്വാലി പൊലീസിനെ സമീപിച്ചു.

പൊലീസ് അന്വേഷണത്തിൽ ശർമ്മയുടെ മോട്ടോർ സൈക്കിൾ ഗുണ ജില്ലയിലെ ഗോപികൃഷ്ണ സാഗർ അണക്കെട്ടിന് സമീപം കണ്ടെത്തി. തുടരന്വേഷണത്തിൽ അണക്കെട്ടിന് സമീപമുള്ള കുഴിയിൽ നിന്ന് ശരീരഭാഗങ്ങൾ കണ്ടെത്തിയതോടെയാണ് ക്രൂരമായ കുറ്റകൃത്യം പുറത്തറിയുന്നത്. മൃതദേഹത്തിന് തല ഉണ്ടായിരുന്നില്ല. കൈയിലെ മോതിരം കണ്ടാണ് ബോഡി ശർമ്മയുടേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞത്.

അന്വേഷണത്തിൽ ബന്ധുവായ മോഹിതിനെക്കുറിച്ച് പൊലീസിന് സുപ്രധാന സൂചനകൾ ലഭിച്ചു. തുടർന്ന് മോഹിതിനെ കേന്ദ്രീകരിച്ചായി അന്വേഷണം. അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാനാണ് മോഹിത് ആദ്യം ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കൊലപാതക വിവരം മോഹിത് വെളിപ്പെടുത്തി. ഭാര്യാസഹോദരന്റെ സർക്കാർ ക്വാർട്ടേഴ്‌സ് വളപ്പിൽ വച്ചാണ് ഈ ക്രൂരകൃത്യം നടത്തിയതെന്ന് മോഹിത് മൊഴി നൽകി.

ചായയിൽ മയക്കുമരുന്ന് കലർത്തിയാണ് കൊലപാതകം നടത്തിയത്. അബോധാവസ്ഥയിലായ ശർമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദ്ദേഹം ആറു കഷണങ്ങളാക്കി. പിന്നീട് വിവേകിന്റെ ശരീരഭാഗങ്ങൾ ഹൈവേയിൽ നിന്ന് 50 അടി അകലെ എറിഞ്ഞതായി മോഹിത് പൊലീസിനോട് പറഞ്ഞു. ഗോപി സാഗർ അണക്കെട്ടിലേക്കുള്ള റോഡിന്റെ വശത്തും ചില ഭാഗങ്ങൾ കുഴിച്ചിട്ടു. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് മൃതദേഹം പൂർണമായും പൊലീസ് കണ്ടെടുത്തത്.

Story Highlights: Madhya Pradesh man killed over Rs 90,000 debt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here