‘ഉമ്മന്‍ചാണ്ടി ഇല്ലായിരുന്നെങ്കില്‍ തനിക്കൊരു കുടുംബജീവിതം ഉണ്ടാകില്ലായിരുന്നു’; വിതുമ്പി എ.കെ ആന്റണി

ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ വിതുമ്പി എ കെ ആന്റണി. വ്യക്തിജീവിതത്തിലുണ്ടായ ഏറ്റവും വലിയ നഷ്ടമാണ് ഉമ്മന്‍ചാണ്ടിയുടെ വിയോഗമെന്ന് എ കെ ആന്റണി പ്രതികരിച്ചു. ഉമ്മന്‍ചാണ്ടി ഇല്ലായിരുന്നെങ്കില്‍ തനിക്കൊരു കുടുംബജീവിതം ഉണ്ടാകില്ലായിരുന്നു. തമ്മില്‍ ഒരു രഹസ്യങ്ങളുമില്ല. അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും എല്ലാകാര്യങ്ങളും മനസുതുറന്ന് സംസാരിക്കുന്ന വ്യക്തിയായിരുന്നും ഉമ്മന്‍ചാണ്ടിയെന്ന് എകെ ആന്റണി പറഞ്ഞു. വികാരാധീനനായാണ് എ കെ ആന്റണി പ്രതികരിച്ചു.
‘ഉമ്മന്‍ചാണ്ടിയുടെ വേര്‍പാട് കേരളത്തിലെ ജനങ്ങള്‍ക്കുണ്ടായ ഏറ്റവും വലിയ നഷ്ടമാണ്. കേരളത്തിലെ കോണ്‍ഗ്രസിനും യുഡിഎഫിനുമുണ്ടായ നഷ്ടം. ഈ പൊതുജീവിതത്തില്‍ എനിക്കുണ്ടായ ഏറ്റവും വലിയ നഷ്ടവും എന്റെ കുടുംബത്തിനുണ്ടായ നഷ്ടവുമാണ് ഉമ്മന്‍ചാണ്ടിയുടെ വിയോഗം. ഉമ്മന്‍ചാണ്ടിയും മറിയാമ്മുമ്മയും ഇല്ലായിരുന്നെങ്കില്‍ എന്റെ കുടുംബമില്ല. എന്റെ ഭാര്യ എല്‍സിയെ എനിക്കായി കണ്ടെത്തിയത് ഉമ്മന്‍ചാണ്ടിയുടെ ഭാര്യയാണ്.
കേരളംകണ്ട ഏററവും വലിയ ജനകീയ നായകന്മാരില്‍ ഒരാളാണ് ഉമ്മന്‍ചാണ്ടി. എങ്ങനെ ജനങ്ങളെ സഹായിക്കാം എന്നായിരുന്നു ജീവിതത്തിലുടനീളം അദ്ദേഹം ചിന്തിച്ചത്. തന്റെ സഹായം തേടി വരുന്ന ആരെയും അദ്ദേഹം നിരാശരായി മടക്കിയിട്ടില്ല. എല്ലാത്തിലും ഉപരി സാധാരണ ജനങ്ങളെ സ്‌നേഹിച്ചു അദ്ദേഹം. കേരളത്തിലെ ജനങ്ങള്‍ക്കാണ് ഏറ്റവും വലിയ നഷ്ടം. സംസ്ഥാനത്തിന്റെ വികസനത്തിന് ഏറ്റവുമധികം സംഭാവന ചെയ്ത നേതാവ്. കേരളത്തില്‍ കെ എസ് യുവിനെയും കോണ്‍ഗ്രസിനെയും യുഡിഎഫിനെയും യൂത്ത് കോണ്‍ഗ്രസിനെയും ശക്തിപ്പെടുത്തിയ നേതാവ്. വിദ്യാര്‍ത്ഥി രാഷ്ട്രീയ ജീവിതം മുതല്‍ ഏന്റെ ഏറ്റവും അടുത്ത സുഹൃത്ത്. ഞാന്‍ എല്ലാം തുറന്നുപറയുന്ന സുഹൃത്ത്. ഞങ്ങള്‍ തമ്മില്‍ രഹസ്യങ്ങളില്ല. ഹൃദയം തുറന്ന് സംസാരിച്ച സുഹൃത്താണ്. അടുത്ത നാളുകളിലൊക്കെ അദ്ദേഹത്തെ കാണുമ്പോള്‍ വേദനയായിരുന്നു.വ്യക്തിജീവിതത്തില്‍ എനിക്കുണ്ടായ ഏറ്റവും വലിയ നഷ്ടമാണ് ഉമ്മന്‍ചാണ്ടിയുടെ വിട’. എ കെ ആന്റണി പറഞ്ഞു.
Read Also: പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ്; 53 വര്‍ഷം ജന്മനാട്ടില്‍ നിന്ന് ജനപ്രതിനിധിയായ ജനനേതാവ്
ഇന്ന് പുലര്‍ച്ചെ 4.25ന് ബംഗളൂരുവില്‍ വച്ചായിരുന്നു ഉമ്മന്‍ചാണ്ടിയുടെ അന്ത്യം. ക്യാന്‍സര്‍ ബാധിതനായി ഏറെ നാള്‍ ചികിത്സയിലായിരുന്നു. മകന്‍ ചാണ്ടി ഉമ്മനാണ് മരണ വിവരം അറിയിച്ചത്. 2004-06, 2011-16 കാലങ്ങളില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി. കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ. മറിയം, അച്ചു ഉമ്മന്‍, ചാണ്ടി ഉമ്മന്‍ എന്നിവര്‍ മക്കളാണ്. രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് വീടിനടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംസ്‌ക്കാരം ജന്മനാടായ പുതുപ്പള്ളിയില്‍ നടക്കും. പൊതു ദര്‍ശനമടക്കമുള്ള കാര്യങ്ങള്‍ പാര്‍ട്ടി തീരുമാനിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Story Highlights: AK Antony about Oommen Chandy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here