Advertisement

ഉമ്മൻ ചാണ്ടിയ്ക്ക് അന്തിമോപചാരം അർപ്പിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ് എകെ ആൻ്റണിയും വിഎം സുധീരനും

July 18, 2023
Google News 2 minutes Read
antony sudheeran oommen chandy

ഉമ്മൻ ചാണ്ടിയ്ക്ക് അന്തിമോപചാരം അർപ്പിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാക്കളായ എകെ ആൻ്റണിയും വിഎം സുധീരനും. പുതുപ്പള്ളിയിലെ വീട്ടിൽ ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം പൊതുദർശനത്തിനു വച്ചപ്പോഴാണ് ഇരുവരും കാണാനെത്തിയത്. തങ്ങളുടെ പ്രിയപ്പെട്ട സഹപ്രവർത്തകൻ്റെ ചലനറ്റ ശരീരം കണ്ട ഇരുവർക്കും സ്വയം നിയന്ത്രിക്കാനായില്ല. (antony sudheeran oommen chandy)

ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ എത്തിച്ചത് അല്പസമയം മുൻപാണ്. അന്തിമോപചാരമർപ്പിക്കാൻ ആയിരങ്ങളാണ് ഇവിടെ തടിച്ചുകൂടിയിരിക്കുന്നത്. ഒഴുകിയെത്തുന്ന പ്രവർത്തകരെ നിയന്ത്രിക്കാൻ പണിപ്പെടുകയാണ് പൊലീസും നേതാക്കളും. ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ചാക്കയിലും പേട്ടയിലും എത്തിയപ്പോൾ ആംബുലൻസ് നിർത്തുകയും നൂറു കണക്കിനാളുകൾ ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തിരുന്നു.

Read Also: ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം ജഗതിയിലെ പുതുപ്പള്ളി ഹൗസിലെത്തിച്ചു; പ്രവർത്തകരെ നിയന്ത്രിക്കാൻ പണിപ്പെട്ട് പൊലീസ്

ഓരോ സ്ഥലത്തു നിന്നും ആയിരക്കണക്കിന് പേരാണ് വിലാപയാത്രയെ അനുഗമിച്ചത്. ഉമ്മൻ ചാണ്ടിയുടെ ഭൗതികദേഹം പുതുപ്പള്ളിയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്കാണ് സംസ്‌കരിക്കുന്നത്. ബംഗളൂരുവിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചത്. നാളെ കോട്ടയത്ത് തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് വച്ചതിന് ശേഷം രാത്രിയോടെ പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകും. വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്കാണ് പുതുപ്പള്ളി പള്ളിയിൽ സംസ്‌കാരം നടക്കുക. ഇന്ന് പുലർച്ചെ 4.25ന് ബംഗളൂരുവിൽ വച്ചായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചത്. ക്യാൻസർ ബാധിതനായി ഏറെ നാൾ ചികിത്സയിലായിരുന്നു അദ്ദേഹം.

മുൻമന്ത്രി ടി ജോണിന്റെ ബംഗളൂരുവിലെ വസതിയിൽ ഭൗതികശരീരം പൊതുദർശനത്തിന് വച്ച ശേഷമാണ് തിരുവനന്തപുരത്ത് എത്തിച്ചത്. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ദേശീയ പതാക പകുതി താഴ്ത്തി കെട്ടും. ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരമാണ് ഇന്നത്തെ അവധി.

Story Highlights: ak antony vm sudheeran oommen chandy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here