Advertisement

ജനസാ​ഗരം; ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര എം.എൽ.എ ഹോസ്റ്റൽ ജം​ഗ്ഷനിൽ

July 18, 2023
Google News 2 minutes Read
Oommen Chandy passed away; dead body was brought to Thiruvananthapuram

ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര എം.എൽ.എ ഹോസ്റ്റൽ ജം​ഗ്ഷനിലെത്തി. ചാക്കയിലും പേട്ടയിലും ആംബുലൻസ് നിർത്തുകയും നൂറു കണക്കിനാളുകൾ ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. ഓരോ സ്ഥലത്തു നിന്നും നിരവധി ആളുകൾ വിലാപയാത്രയെ അനുഗമിക്കുകയാണ്.
ഉമ്മൻ ചാണ്ടിയുടെ ഭൗതികദേഹം പുതുപ്പള്ളിയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്കാണ് സംസ്‌കരിക്കുന്നത്.

ബെംഗളൂരുവിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചത്. സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലാണ് പൊതുദർശനത്തിന് വയ്ക്കുന്നത്. വൈകുന്നേരത്തോടെ ഭൗതികദേഹം സെക്രട്ടേറിയറ്റിന് സമീപമുള്ള സെന്റ് ജോർജ് ഓർക്കഡോക്‌സ് കതീഡ്രലിൽ പൊതുദർശനത്തിന് വയ്ക്കും. പിന്നാലെ ഇന്ദിരാ ഭവനിലും പൊതുദർശനത്തിന് സൗകര്യമൊരുക്കും. രാത്രിയോടെ തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലേക്ക് മാറ്റും.

നാളെ കോട്ടയത്ത് തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് വച്ചതിന് ശേഷം രാത്രിയോടെ പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകും. വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്കാണ് പുതുപ്പള്ളി പള്ളിയിൽ സംസ്‌കാരം നടക്കുക. ഇന്ന് പുലർച്ചെ 4.25ന് ബംഗളൂരുവിൽ വച്ചായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചത്. ക്യാൻസർ ബാധിതനായി ഏറെ നാൾ ചികിത്സയിലായിരുന്നു അദ്ദേഹം.

ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ ജനകീയനായ രാഷ്ട്രീയ നേതാവ്, മന്ത്രി, മുഖ്യമന്ത്രി എന്നീ നിലകളിൽ കേരളത്തിൻ്റെ വികസനത്തിനും ജനങ്ങളുടെ നന്മയ്ക്കും വേണ്ടി എന്നും നിലകൊണ്ട ഉമ്മൻ ചാണ്ടിയുടെ നിര്യാണം ഏറെ ദു:ഖമുണ്ടാക്കുന്നുവെന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി അനുസ്മരിച്ചു. പതിറ്റാണ്ടുകളായുള്ള സ്നേഹബന്ധവും സൗഹൃദവുമാണ് അദ്ദേഹവുമായി ഞാൻ വെച്ച് പുലർത്തി പോന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ഡയറക്ടർ, നോർക്ക വൈസ് ചെയർമാൻ, സ്മാർട്ട് സിറ്റി പ്രത്യേക ക്ഷണിതാവ് എന്നി നിലകളിൽ അദ്ദേഹവുമായി വളരെ അടുത്ത് ഇടപഴകാൻ എനിക്ക് സാധിച്ചിട്ടുണ്ട്.

ജനകീയനും മനുഷ്യസ്നേഹിയുമായ ഒരു ഭരണാധികാരികൂടിയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയായിരിക്കുമ്പോൾ അദ്ദേഹം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ജനസമ്പർക്ക പരിപാടി ഇതിനൊരു ഉദാഹരണമാണ്. തളരാതെ മണിക്കൂറുകളോളം പ്രവർത്തിച്ച് ദുരിതമനുഭവിക്കുന്ന അസംഖ്യം ആളുകൾക്കാണ് ഇതിലൂടെ അദ്ദേഹം ആശ്വാസം പകർന്നത്. ഐക്യരാഷ്ട്ര സഭ ആഗോളതലത്തിൽ പൊതുസേവനത്തിനു നൽകുന്ന പുരസ്കാരം 2013 ൽ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിനു ലഭിച്ചത് ഈ ഒരു പരിപാടിക്കായിരുന്നു എന്നത് അഭിമാനാർഹമാണ്. ഭരണനേതൃത്വത്തിൽ ഇല്ലാത്തപ്പോഴും ജനക്ഷേമപരമായ അനേകം കാര്യങ്ങളാണ് അദ്ദേഹം ഏറ്റെടുത്ത് നടത്തിയത്. ജനങ്ങൾക്ക് വേണ്ടി വിശ്രമമില്ലാതെ ജനങ്ങളോടൊപ്പം പ്രവർത്തിച്ച കേരളത്തിന്റെ ജനകീയനായ നേതാവ് ഉമ്മൻ ചാണ്ടിയുടെ ആത്മാവിൻ്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നതായും യൂസഫലി പറഞ്ഞു.

Story Highlights: Oommen Chandy passed away; dead body was brought to Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here