Advertisement

രാജി മാത്രമല്ല; പുറത്തുനില്‍ക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ നിര്‍ണായക തീരുമാനങ്ങള്‍

July 18, 2023
Google News 2 minutes Read
Oommen Chandy's critical decisions to stay out

രാജി മാത്രമല്ല തന്ത്രപരമായ വിട്ടുനില്‍ക്കലുകളും ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തില്‍ നിര്‍ണായകമായിരുന്നു. മന്ത്രിസഭയില്‍ നിന്നുള്ള ഉമ്മന്‍ചാണ്ടിയുടെ രാജി 1994ല്‍ മുഖ്യമന്ത്രി കെ. കരുണാകരനെ തന്നെ പരസ്യമായി വെല്ലുവിളിച്ചു കൊണ്ടായിരുന്നു. 1980ല്‍ ഇ. കെ നായനാര്‍ മന്ത്രിസഭയിലും 2001ല്‍ എ. കെ ആന്റണിയുടെ മന്ത്രിസഭയിലും ചേരാനുള്ള അവസരം വേണ്ടെന്നു വച്ചതും രാഷ്ട്രീയ തന്ത്രജ്ഞതയായാണ് പിന്നീട് വിലയിരുത്തപ്പെട്ടത്.

1980ല്‍ ഇ കെ നായനാര്‍ മന്ത്രിസഭ രൂപീകരിക്കുമ്പോള്‍ ആന്റണി കോണ്‍ഗ്രസില്‍ നിന്ന് ആദ്യം ഉയര്‍ന്ന പേര് ഉമ്മന്‍ചാണ്ടിയുടേത് ആയിരുന്നു. 1977ലെ കെ കരുണാകരന്‍ മന്ത്രിസഭയിലും തുടര്‍ന്നുവന്ന ആന്റണി മന്ത്രിസഭയിലും തൊഴില്‍ മന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് സ്വാഭാവികമായി ലഭിക്കുമായിരുന്നു മന്ത്രിസ്ഥാനം. അന്ന് പി. സി ചാക്കോയും ആര്യാടന്‍ മുഹമ്മദും വക്കം പുരുഷോത്തമനും മന്ത്രിമാരായപ്പോള്‍ പുറത്തു നില്‍ക്കാന്‍ ആയിരുന്നു ഉമ്മന്‍ചാണ്ടിയുടെ തീരുമാനം. ഒന്നരവര്‍ഷം കൊണ്ട് നായനാര്‍ മന്ത്രിസഭ വീണപ്പോള്‍ വീണ്ടും വന്ന കരുണാകരന്‍ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായി.

ട്രൗസറില്‍ നിന്ന് പാന്റ്‌സിലേക്കു പൊലീസിനെ മാറ്റിയ ആഭ്യന്തരമന്ത്രിയുടെ പിറവി അങ്ങിനെ ആയിരുന്നു. 1991ലെ കെ കരുണാകരന്‍ മന്ത്രിസഭയില്‍ ധനമന്ത്രി. പി വി നരസിംഹറാവുവിന്റെ നേതൃത്വത്തില്‍ രാജ്യത്ത് സമ്പൂര്‍ണ സാമ്പത്തിക പരിഷ്‌കരണം നടന്ന സമയം. അന്നു കേരളത്തിന്റെ ഗതി മാറ്റിയ ബജറ്റുകളാണ് ഉമ്മന്‍ചാണ്ടി അവതരിപ്പിച്ചത്. മികച്ച ധനമന്ത്രി എന്ന പേരുമായി മുന്നേറുമ്പോഴാണ് കെ കരുണാകരനില്‍ അവിശ്വാസം തുറന്നുപറഞ്ഞുള്ള രാജി. ഐഎസ്ആര്‍ഒ ചാരക്കേസിലൂടെ കെ കരുണാകരന്റെ പുറത്തുപോകലിനും എ കെ ആന്റണിയുടെ മടങ്ങിവരവിനും വഴിവച്ചത് ആ രാജി ആയിരുന്നു.

Read Also: ചുവപ്പുനാടയില്‍ കുരുങ്ങിയ ജീവിതങ്ങള്‍ക്ക് വെളിച്ചം നല്‍കി; ജനസമ്പര്‍ക്ക പരിപാടിയിലൂടെ ജനസ്പന്ദനമറിഞ്ഞ നേതാവ്

2001ല്‍ എ കെ ആന്റണി മുഖ്യമന്ത്രി ആകുമ്പോള്‍ ഏറ്റവും വലിയ അത്ഭുതമായിരുന്നു മന്ത്രിസഭയിലെ ഉമ്മന്‍ചാണ്ടിയുടെ അസാന്നിധ്യം. പതിറ്റാണ്ടുകള്‍ക്കു മുന്‍പേ ഏറ്റെടുത്ത് ഒഴിഞ്ഞ യുഡിഎഫ് കണ്‍വീനര്‍ പദവിയുമായി എല്ലാ കണ്ടുനില്‍ക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. രാജ്യമെങ്ങും കോണ്‍ഗ്രസ് അനുകൂല തരംഗമുണ്ടായ 2004ലെ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസിന് അടിതെറ്റി. ആന്റണിക്ക് പടിയിറങ്ങേണ്ടി വന്നു. പകരം മറ്റൊരു പേര് ഉണ്ടായിരുന്നില്ല. മന്ത്രിസഭയില്‍ നിന്നു സ്വയം വിട്ടുനിന്ന ഉമ്മന്‍ചാണ്ടി അങ്ങനെ മുഖ്യമന്ത്രിയായി സര്‍ക്കാരിനെ നയിച്ചു.

Story Highlights: Oommen Chandy’s critical decisions to stay out

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here