‘മെൽബണിൽ നിന്ന് ഉമ്മൻചാണ്ടിക്ക് മരുന്ന് എത്തിക്കണം; അവസാനകാലത്ത് അത്രയെങ്കിലും ചെയ്യാനായല്ലോ’; നടൻ മമ്മൂട്ടിയുടെ പി.ആർ.ഒ

ഓസ്ട്രേലിയയിലെ മെല്‍ബണിലെ ഒരു ഫാർമസിയില്‍ മാത്രം ലഭിക്കുന്ന മരുന്ന് ഉമ്മൻചാണ്ടിയുടെ ചികിത്സയക്ക് അത്യാവശ്യമായി വന്നപ്പോള്‍ അത് നാട്ടിലേക്ക് എത്തിച്ച സംഭവം വിവരിക്കുന്ന എഫ് ബി പോസ്റ്റുമായി നടന്‍ മമ്മൂട്ടിയുടെ പി. ആർ. ഒ.റോബർട്ട് കുര്യാക്കോസ്. ഉമ്മൻ ചാണ്ടിയുടെ മകളുടെ ഫോൺ കോളിനെ പറ്റിയായിരുന്നു റോബർട്ടിനു പറയാനുളളത്.
ആസ്‌ട്രേലിയയിൽ നിന്നും അപ്പക്ക് മരുന്ന് എത്തിക്കണമെന്ന് പറഞ്ഞായിരുന്നു ഫോൺ കോള്‍.കടമ്പകൾ ഏറെയുളള ജോലിയാണെന്നറിഞ്ഞിട്ടും അതൊക്കെ മാറ്റി വച്ച് അത് ചെയ്യാൻ കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ് റോബർട്ട് കുര്യാക്കോസ്. അവസാനകാലത്ത് അത്രയെങ്കിലും ചെയ്യാനായതിൽ, ദൈവത്തിന് നന്ദി പറയുകയാണ് തന്റെ ഫേസ് ബുക്ക് പേജിലൂടെ റോബർട്ട് കുര്യാക്കോസ്.
അതേസമയം ഉമ്മൻചാണ്ടിയുടെ അസുഖത്തിന്റെ അവസാനഘട്ട ചികിത്സായുടെ ഭാഗമായി മെൽബണിൽ നിന്നും കുറെ മരുന്നുകൾ വാങ്ങിച്ചു നാട്ടിലേക്കു അയക്കാനുള്ള ദൗത്യം ഭാഗ്യവശാൽ വന്നു ചേർന്നത് മദനൻ ചെല്ലപ്പാനിലായിരുന്നു. അത് ജീവിത്തിൽ മറക്കാനാകാത്ത ഒരു സംഭവമായിട്ടാണ് കാണുന്നതെന്നും അവസാനം എന്റെ സുഹൃത്തും മുൻ MAV ഭാരവാഹിയും ആയ ശ്രീ ജെറി ജോൺ വളരെ സുരക്ഷിതമായി മരുന്നുകൾ നാട്ടിലെത്തിച്ചുവെന്നും മദനൻ ഫേസ്ബുക്കിൽ കുറിച്ചു .
റോബർട്ട് കുര്യക്കോസിന്റെ ഫേസ്ബുക്കിന്റെ പൂർണ രൂപം
മാർച്ച് മാസം അഞ്ചിന് രാവിലെ ഒരു കോൾ വന്നു. ഉമ്മൻ ചാണ്ടി സാറിന്റെ മകൾ മരിയ ആയിരുന്നു ഫോണിൽ.
” അപ്പക്ക് ഡോക്ടർ എഴുതിയ ഒരു മരുന്നുണ്ട്. ആ മരുന്ന് ഏറ്റവും ടോപ് ആയിട്ടുള്ള ഒരു മരുന്നാണ്. അത് ആസ്‌ട്രേലിയയിലെ മെൽബണിൽ ഉള്ള ഒരു ഫർമസിയിൽ ആണ് ഉള്ളത്. നാളെ വൈകുന്നേരം എങ്കിലും അത് ബാംഗ്ലൂരിൽ ലഭിക്കണം. ചികത്സക്ക് ഏറ്റവും അത്യാവശ്യം ഉള്ള മരുന്നാണ് എങ്ങനെയും എത്തിക്കണം. “
ചെറിയ ടാസ്ക് അല്ല. ഇന്ത്യയിലെ പോലെ നേരെ ചെന്നാൽ മരുന്ന് കിട്ടില്ല. സാധാരണ ഫർമസിയിൽ പോലും മരുന്ന് ലഭിക്കുവാൻ ഇവിടെ ഒരുപാട് കടമ്പകൾ കടക്കണം.
പക്ഷെ എന്റെ ഈ ആശങ്ക ഞാൻ മരിയയോട് പങ്കു വച്ചില്ല. കാരണം സ്വന്തം അപ്പക്ക് ലോകത്ത് ലഭ്യമായ ഏറ്റവും നല്ല ആ മരുന്ന് ഞങ്ങൾ അറേൻജ് ചെയ്യും എന്ന ചെറുതല്ലാത്ത വിശ്വാസം ആണ് അവർക്കുള്ളത് എന്ന് അറിയാം.
മരുന്ന് സംഘടിപ്പിച്ചാലും ഏറ്റവും അടുത്ത ഫ്ളൈറ്റിൽ യാത്ര ചെയ്യുന്ന ആരെങ്കിലും അത് കൊണ്ട് പോകാൻ തയ്യാറാവണം.
ആദ്യ അന്വേഷണത്തിൽ അന്നോ പിറ്റേന്ന് രാവിലെയോ യാത്ര ചെയ്യുന്ന ആരെയും സംഘടിപ്പിക്കാൻ കഴിഞ്ഞില്ല. പെട്ടന്ന് ആണ് അടുത്ത സുഹൃത്തായ റോണി യെ ഓർമ്മ വന്നത്.
ഫ്ളൈ വേൾഡ് ട്രാവൽ ഗ്രൂപ്പിന്റെ ചെയർമാനാണ്. കേരളത്തിലേക്കുള്ള എല്ലാ ഫ്ളൈറ്റിലും ആസ്‌ട്രേലിയയിൽ നിന്ന് അവർക്ക് ഒരു കസ്റ്റമർ ഉണ്ടാവും.
എന്റെ പ്രതീക്ഷ തെറ്റിയില്ല.
മെൽബണിൽ നിന്നും യാത്ര ചെയ്യുന്ന അഞ്ചു പേരുടെ കൊണ്ടാക്ട് റോണി തന്നു. പകുതി ആശ്വാസമായി. ഇനി ആ മരുന്ന് സംഘടിപ്പിക്കണം.ഡോക്ടറുടെ കുറുപ്പിന്റെ ഫോട്ടോ മാത്രം ആണ് കയ്യിൽ. മെൽബണിൽ നിന്നും 20 കിലോമീറ്റർ അകലെയുള്ള ആ ഫർമസി അടക്കാൻ കേവലം ഒരു മണിക്കൂറും. ഒട്ടും അമാന്തിച്ചില്ല.. ആസ്‌ട്രേലിയൻ മമ്മൂട്ടി ഫാൻസിന്റെ പ്രസിഡന്റും മെൽബൺ മലയാളി അസോസിയേഷൻ പ്രസിഡന്റുമായ മദനൻ ചെല്ലപ്പനെ വിളിച്ചു, കാര്യം പറഞ്ഞു.
ഏതോ സിനിമയുടെ അവസാനരംഗത്ത് കാണുന്നത് പോലെ ആണ് മദനൻ പിന്നെ പ്രവർത്തിച്ചത്. പറഞ്ഞ സമയം കൊണ്ട് മരുന്നും സംഘടിപ്പിച്ച്, മെൽബണിൽ നിന്ന് യാത്ര ചെയ്യുന്ന മലയാളിയെയും സംഘടിപ്പിച്ച് പറഞ്ഞ സമയത്ത് മരുന്ന് നാട്ടിൽ എത്തിച്ചു.
അന്ന് തുടങ്ങി കഴിഞ്ഞ മാസം വരെയും മുടങ്ങാതെ അത് ഇവിടെ നിന്നും ഏകോപിപ്പിച്ചു.
നാട്ടിൽ എത്തിച്ചു.
ഓർമ്മ വച്ച കാലം മുതൽ ഉമ്മൻചാണ്ടി സാറിന്റെ ഉപകാരങ്ങൾ മാത്രം ലഭിച്ചു പോന്ന ഞങ്ങൾക്ക് അദ്ദേഹത്തിന് വേണ്ടി അവസാനകാലത്ത് അത്രയെങ്കിലും ചെയ്യാനായല്ലോ…
ദൈവത്തിന് നന്ദി
മദനൻ ചെല്ലപ്പന്റെ ഫേസ്ബുക്ക് പോസ്റ്റ്
വളരെ സങ്കടകരമായ വാർത്ത ആയിരുന്നു എനിക്ക് ശ്രീ ഉമ്മൻ ചാണ്ടി മരിച്ച വിവരം, വ്യെത്യസ്ത രാഷ്ട്രീയ പാർട്ടികളിൽ പെട്ടവർ ആയതിനാൽ അദ്ദേഹത്തെ ഞാൻ ഒന്ന് രണ്ടു തവണ മാത്രമേ നേരിട്ട് കണ്ടിട്ടുള്ളൂ.. ഒരിക്കൽ എന്റെ നാട്ടിൽ ഇലക്ഷന് പ്രചാരണവുമായി ബന്ധപ്പെട്ടു വന്നപ്പോളും, പിന്നീട് ഒരിക്കൽ കോട്ടയം ടൗണിൽ വച്ചും….
കേരളത്തിലെ ജനകീയനായ മുഖ്യമന്ത്രിയും കോൺഗ്രസ്സ് പാർട്ടിയുടെ സൗമ്യവും ശാന്തവും ഏതു പ്രതിസന്ധിയിലും പതറാതെ എ പ്പോഴും ചിരിച്ച മുഖവും ആയി കാണപ്പെട്ടിരുന്ന അദ്ദേഹം ഇനിയില്ല എന്നുള്ളത് വിശ്വസിക്കാൻ കഴിയുന്നില്ല……🥲🥲
അദ്ദേഹത്തിന്റെ മരണം ആകസ്മികം ആയിരുന്നില്ല, ഞാൻ പ്രതീക്ഷിച്ചിരുന്നു.. ഈ വര്ഷം തന്നെ ഇങ്ങനെയൊരു കുറിപ്പ് എഴുതേണ്ടി വരുമെന്നും കരുതിയിരുന്നു. കാരണം അദ്ദേഹത്തിന്റെ രോഗവിവരം എനിക്ക് നേരിട്ട് നന്നായി അറിയാമായിരുന്നു. അദ്ദേഹത്തിന്റെ ചികിത്സായുമായി ബന്ധപ്പെട്ടു അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടറോടും കുടുംബാഗങ്ങളോടും പലതവണ സംസാരിക്കാനുള്ള അവസരം എനിക്കുണ്ടായി… അദ്ദേഹത്തിന്റെ അസുഖത്തിന്റെ അവസാനഘട്ട ചികിത്സായുടെ ഭാഗമായി ഇവിടെ മെൽബണിൽ നിന്നും കുറെ മരുന്നുകൾ വാങ്ങിച്ചു നാട്ടിലേക്കു അയക്കാനുള്ള ദൗത്യം ഭാഗ്യവശാൽ എന്റെയടുത്താണ് വന്നു ചേർന്നത്. അത് ജീവിതത്തിൽ മറക്കാനാകാത്ത ഒരു സംഭവമായിട്ടാണ് ഞാൻ കരുതുന്നത്.
അദ്ദേഹത്തിന് മരുന്നുകൾ നാട്ടിൽ എത്തിക്കുന്നതിനുവേണ്ടി ഞാൻ രണ്ടുമൂന്നു മാസം മുൻപ് ഒരു ഫേസ്ബുക് പോസ്റ്റും വിവിധ സോഷ്യൽ മീഡിയ ഗ്രൂപുകളിൽ മെസ്സേജുകളും അയച്ചിരുന്നു… ധാരാളംപേർ മരുന്നുകൾ നാട്ടിലെത്തിക്കാം എന്ന് പറഞ്ഞു എന്നെ contact ചെയ്തിരുന്നു. പക്ഷെ മറ്റു പലരും contact ഫോൺ നമ്പർ പോലും തരാൻ വിസമ്മതിച്ചിട്ടും ഉണ്ടായിരുന്നു… എല്ലാവര്ക്കും എന്റെ നന്ദി അറിയിക്കുന്നു. അവസാനം എന്റെ സുഹൃത്തും മുൻ MAV ഭാരവാഹിയും ആയ ശ്രീ ജെറി ജോൺ വളരെ സുരക്ഷിതമായി മരുന്നുകൾ നാട്ടിലെത്തിച്ചു. അദ്ദേഹത്തിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി !❤️❤️
ഇടയ്ക്കു നാട്ടിൽ വിളിച്ചു അന്വേഷിക്കുമ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെടുന്നുണ്ട് എന്നാണ് അറിഞ്ഞിരുന്നത്.
അദ്ദേഹത്തിന്റെ പല രാഷ്ട്രീയ നിലപാടുകളോടും എനിക്ക് വിയോജിപ്പുകൾ ഉണ്ടെങ്കിലും അദ്ദേഹത്തെ ഞാൻ കാണുന്നത് കോൺഗ്രസിനുള്ളിൽ ഉള്ള ഒരു കമ്മ്യൂണിസ്റ് സഖാവായിട്ടാണ്…. അതുകൊണ്ടാണ് അദ്ദേഹത്തിന് ഇത്രയും ജനകീയത വന്നു ചേർന്നത്. അതുകൊണ്ടാണ്.. അദ്ദേഹത്തിന് പുതുപ്പള്ളി മണ്ഡലത്തിൽ നിന്നും ഇത്രയധികം തുടർ വിജയങ്ങൾ ഉണ്ടായതു…❤️❤️
കോൺഗ്രസിനുള്ളിൽ ഇനി ഇത്രയധികം ജനകീയതയുള്ള ഒരു നേതാവുണ്ടാകാനുള്ള സാധ്യത വളരെ വളരെ വിരളമാണ്…
ശ്രീ ഉമ്മൻ ചാണ്ടി ക്കു എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുമുള്ള പ്രണാമം അർപ്പിക്കുന്നു.🙏🙏🌹🌹
Story Highlights: facebook post by actor mammoottys staff
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here