Advertisement

‘ജനത്തിരക്ക് മൂലം പരിപാടിക്ക് സമയത്ത് എത്തിപ്പെടാന്‍ കഴിയാതിരുന്ന ഉമ്മന്‍ ചാണ്ടിയെ സ്കൂട്ടറിന് പിന്നില്‍ കയറ്റികൊണ്ടുപോയി’; അനുഭവം പങ്കുവച്ച് റോഷി അഗസ്റ്റിൻ

July 19, 2023
3 minutes Read

ജനത്തിരക്ക് മൂലം പരിപാടിക്ക് സമയത്ത് എത്തിപ്പെടാന്‍ കഴിയാതിരുന്ന ഉമ്മന്‍ ചാണ്ടിയെ സ്കൂട്ടറിന് പിന്നില്‍ കയറ്റികൊണ്ടുപോയ അനുഭവം പങ്കിടുകയാണ് മന്ത്രി റോഷി അഗസ്റ്റിന്‍. പൊതുയോഗത്തിന് എത്തേണ്ട സമയം വല്ലാതെ വൈകുന്നതില്‍ ഉമ്മന്‍ ചാണ്ടി സാര്‍ അസ്വസ്ഥനായി. ഇതോടെ ഒപ്പമുണ്ടായിരുന്ന ഞാന്‍ അവിടെ ഉണ്ടായിരുന്ന ഒരു പ്രവര്‍ത്തകന്റെ സ്‌കൂട്ടര്‍ വാങ്ങി.(Roshy Augustine Remembering oommen chandy)

‘പിന്നിലോട്ട് കേറിക്കോ സാറേ…’ എന്നു പറഞ്ഞപ്പോള്‍ അനുസരണയുള്ള കുട്ടിയെപ്പോലെ അദ്ദേഹം എന്റെ പിന്നില്‍ കയറി. തിരക്കിനിടയിലൂടെ ഞങ്ങള്‍ യോഗസ്ഥലത്തേക്ക് പാഞ്ഞു. അതായിരുന്നു ഉമ്മന്‍ ചാണ്ടി സാര്‍. ലാളിത്യമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. ആരോടും ‘നോ’ പറയാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. ഇതിനൊപ്പം മുമ്പൊരിക്കൻ ഹെലികോപ്റ്ററില്‍ കയറ്റി അദ്ദേഹം ഒരു പരിപാടിക്ക് കൊണ്ടുവന്ന അനുഭവവും അദ്ദേഹം ഫേസ്ബുക്കിൽ കുറിക്കുന്നു.

Read Also: വിലാപയാത്ര തിരുവനന്തപുരം കടന്നത് 7 മണിക്കൂറെടുത്ത്; ജനനായകന് വിട നൽകാൻ വഴിക്കിരുവശവും കാത്തുനിക്കുന്നത് ജനസാഗരം

സ്‌കൂട്ടറും ഹെലികോപ്ടറും പിന്നെ ഉമ്മന്‍ ചാണ്ടി സാറും…

ഇടുക്കിയില്‍ ഒരു പൊതുയോഗത്തിന് എത്തിയതാണ് അന്നത്തെ മുഖ്യമന്ത്രി കൂടിയായ ആരാധ്യനായ ഉമ്മന്‍ ചാണ്ടി സാര്‍. ചെറുതോണിയില്‍ നിന്ന് ഇടുക്കി ആര്‍ച്ച് ഡാമിനു മുന്‍ഭാഗത്തുള്ള ഐഡിഎ സ്‌റ്റേഡിയത്തിലേക്കുള്ള യാത്രയിലായിരുന്നു ഞങ്ങള്‍. പതിവു പോലെ ജനക്കൂട്ടം അദ്ദേഹത്തെ പൊതിഞ്ഞു. പൂഴിയിട്ടാല്‍ നിലത്തു വീഴാത്തയത്രയും ജനസഞ്ചയം. റോഡുകള്‍ അക്ഷരാര്‍ഥത്തില്‍ നിശ്ചലമായി. എന്തു ചെയ്യണമെന്ന് നിശ്ചയമില്ലാതെ പൊലീസും സംഘാടകരും.
പൊതുയോഗത്തിന് എത്തേണ്ട സമയം വല്ലാതെ വൈകുന്നതില്‍ ഉമ്മന്‍ ചാണ്ടി സാര്‍ അസ്വസ്ഥനായി. ഇതോടെ ഒപ്പമുണ്ടായിരുന്ന ഞാന്‍ അവിടെ ഉണ്ടായിരുന്ന ഒരു പ്രവര്‍ത്തകന്റെ സ്‌കൂട്ടര്‍ വാങ്ങി. ‘പിന്നിലോട്ട് കേറിക്കോ സാറേ…’ എന്നു പറഞ്ഞപ്പോള്‍ അനുസരണയുള്ള കുട്ടിയെപ്പോലെ അദ്ദേഹം എന്റെ പിന്നില്‍ കയറി. തിരക്കിനിടയിലൂടെ ഞങ്ങള്‍ യോഗസ്ഥലത്തേക്ക് പാഞ്ഞു. അതായിരുന്നു ഉമ്മന്‍ ചാണ്ടി സാര്‍. ലാളിത്യമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. ആരോടും ‘നോ’ പറയാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. ഇക്കാര്യത്തില്‍ എനിക്കുണ്ടായ ഒരു അനുഭവം കൂടി ഇവിടെ പങ്കുവയ്ക്കാം.
2014 ലാണ് സംഭവം. ഇടുക്കി ഫെസ്റ്റ് നടക്കുകയാണ്. സമാപന സമ്മേളത്തിന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി സാറിനെ പങ്കെടുപ്പിക്കണമെന്ന് സംഘാടകര്‍ക്ക് ആഗ്രഹം. ഞാന്‍ ഇക്കാര്യം അദ്ദേഹത്തോട് ഫോണില്‍ പറഞ്ഞപ്പോള്‍ മറ്റു ചില പരിപാടികള്‍ മൂലം അസൗകര്യമാണെന്ന് പറഞ്ഞു. നാലു മണിക്ക് വൈക്കത്ത് ഒരു പരിപാടിയുണ്ടെന്നതായിരുന്നു പ്രധാന തടസ്സം.
സാറ് വരുമെങ്കില്‍ ഹെലികോപ്ടര്‍ സംഘടിപ്പിക്കാം എന്നായി ഞാന്‍. ഞങ്ങള്‍ സാറിനെ കൊണ്ടുവരാന്‍ അത്രയ്ക്ക് ആഗ്രഹിക്കുന്നുണ്ട് എന്ന് മനസിലാക്കിയ അദ്ദേഹം ഒടുവില്‍ സമ്മതിച്ചു. പക്ഷേ ഒരു കാര്യം ആവശ്യപ്പെട്ടു. കൃത്യം നാലു മണിക്ക് എന്നെ വൈക്കത്ത് എത്തിക്കണം. ചെറുതോണിയിലേക്ക് കാറില്‍ എത്തിയ അദ്ദേഹത്തെ ഹെലികോപ്ടര്‍ വാടകയ്ക്ക് എടുത്ത് കൃത്യസമയത്ത് വൈക്കത്ത് എത്തിക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു.
എത്ര അസൗകര്യമുണ്ടെങ്കിലും സ്‌നേഹപൂര്‍ണമായ നിര്‍ബന്ധത്തിനു വഴങ്ങാതിരിക്കാന്‍ അദ്ദേഹത്തിന് കഴിയില്ല. തിരക്കുകള്‍ക്കിടയിലും തനിക്കു സാധിക്കുന്നിടത്തൊക്കെ എത്താനും അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ല. സ്‌കൂട്ടറും ഹെലികോപ്ടറും കാറും കാല്‍നടയായും എല്ലാം അദ്ദേഹം തന്റെ യാത്ര പൂര്‍ത്തിയാക്കി…
ഇനി അവസാന യാത്ര… ജനസാഗരത്തിനു നടുവിലൂടെ ആ യാത്രയും അദ്ദേഹം ചിരിച്ചു കൊണ്ടു പൂര്‍ത്തിയാക്കും.. പ്രാര്‍ഥനകള്‍…

Story Highlights: Roshy Augustine Remembering oommen chandy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top