Advertisement

അബ്ദുള്‍ നാസര്‍ മഅദനി ഇന്ന് കേരളത്തിലേക്ക്; അന്‍വാര്‍ശേരിയിലുള്ള പിതാവിനെ കാണും

July 20, 2023
Google News 1 minute Read
Abdul Nasar Madani will reach Kerala

പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തിലേക്ക് വരാന്‍ സാഹചര്യമൊരുങ്ങുകയാണ്. ബംഗളൂരുവില്‍ തുടരുന്ന ജാമ്യ വ്യവസ്ഥയില്‍ സുപ്രിം കോടതി ഇളവ് നല്‍കിയതോടെയാണ് മഅദനി കേരളത്തിലെത്തുന്നത്. കൊല്ലം അന്‍വാര്‍ശേരിയിലുള്ള പിതാവിനെ മഅദനി കാണും. ആരോഗ്യാവസ്ഥ പരിഗണിച്ചും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സംസ്‌ക്കാര ചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്തും ആഘോഷങ്ങളില്ലാതെ എയര്‍പോര്‍ട്ടില്‍ പാര്‍ട്ടി നേതാക്കളും കുടുംബാംഗങ്ങളും മാത്രം മഅദനിയെ സ്വീകരിക്കും.

നിയമസംഹിതകളാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ഇന്ത്യയില്‍ അതേ നിയമത്തിന്റെ ആനുകൂല്യം പറ്റാനാകാതെ, സ്വതന്ത്ര ഇന്ത്യയില്‍ ഇത്രയുമധികം കാലം വിചാരണ തടവുകാരനായി ജീവിക്കുന്ന ഒരേ ഒരു മനുഷ്യനാണ് അബ്ദുള്‍ നാസര്‍ മഅദനി. 1998 മാര്‍ച്ച് 31നാണ് വിചാരണ തടവുകാരനായി മഅദനിയെ തമിഴ്നാട് ജയിലിടച്ചത്. 98ലെ കോയമ്പത്തൂര്‍ സ്ഫോടന പരമ്പര കേസുമായി ബന്ധപ്പെട്ട് ചെയ്ത ഈ അറസ്റ്റിനെ തുടര്‍ന്ന് മഅദനി വിചാരണ തടവുകാരനായി ജയിലില്‍ കിടന്നത് 9 വര്‍ഷം. കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ കുറ്റം ചെയ്തിട്ടുണ്ടോ എന്നറിയാന്‍ മാത്രം ജീവിതത്തിലെ 3287 ദിവസങ്ങള്‍ നഷ്ടപ്പെടുത്തേണ്ടിവന്നു. ജനാധിപത്യ രാജ്യത്ത്, മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് നീണ്ട നീണ്ട തെരുവുപ്രസംഗങ്ങള്‍ നടത്തുന്ന ഇതേ ഇന്ത്യയില്‍ താനൊരു കുറ്റം ചെയ്തിട്ടുണ്ടോ എന്ന് തെളിയിക്കാന്‍ മാത്രമാണ് ഈ 3287 ദിവസങ്ങളെടുത്തത്.

വര്‍ഷങ്ങളായി വിചാരണ തടവുകാരനായി കഴിയുന്ന മഅദനിക്ക് അസുഖബാധിതയായി കഴിയുന്ന മാതാവിനെ കാണാനും സ്വന്തം ചികിത്സയ്ക്ക് പോകാനാകാതെയും പോലും അവകാശമുണ്ടായിരുന്നില്ല. ഒടുവില്‍ കിടപ്പിലായ പിതാവിനെ കാണാന്‍ എത്തിയപ്പോഴോ രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലാകുകയും ചെയ്തു.

1998 മാര്‍ച്ച് 31ന് അബ്ദുള്‍ നാസര്‍ മഅദനിയെ വീട്ടില്‍ വച്ച് പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യാനുള്ള കാരണം പോലും പൊലീസ് പറയാന്‍ തയ്യാറായില്ല. ഏപ്രിലില്‍ മഅദിനിയെ കോഴിക്കോട് ജില്ലാ കോടതിയില്‍ പൊലീസ് ഹാജരാക്കി. 92 ഫെബ്രുവരിയില്‍ കോഴിക്കോട് വച്ച് നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരിലാണ് കേസെന്ന് പൊലീസ് വാദിച്ചു. 1998 ഫെബ്രുവരി 14ന് നടന്ന കോയമ്പത്തൂര്‍ ബോംബ് സ്ഫോടന കേസില്‍ മഅദനിക്ക് പങ്കുണ്ടെന്നതായി പിന്നീട് അദ്ദേഹത്തിന് മേല്‍ ചുമത്തപ്പെട്ട കുറ്റം. ആദ്യം കേരളത്തിലെ ജയിലിലായിരുന്ന മഅദനിയെ കോയമ്പത്തൂര്‍ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം തമിഴ്നാട് ജയിലിലേക്ക് മാറ്റി. ജാമ്യം നിഷേധിക്കപ്പെടുന്നത് ഉറപ്പാക്കാന്‍ മഅദനിക്ക് മേല്‍ എന്‍എസ്എ എന്ന ദേശീയ സുരക്ഷാ നിയമം ചുമത്തി. ഇതിനിടെ മഅദനിയുടെ ഭാര്യ സുപ്രിംകോടതിയെ സമീപിക്കുകയും സര്‍ക്കാരിനെതിരെ കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. കാര്യമായ തെളിവുകളൊന്നും ഹാജരാക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതോടെ മഅദനിക്കെതിരായ കുറ്റങ്ങള്‍ സുപ്രിംകോടതി റദ്ദുചെയ്തു. പക്ഷേ നീതി മഅദനിക്കൊപ്പം അവിടെയും നിലകൊണ്ടില്ല. അങ്ങനെ, കോയമ്പത്തൂര്‍ സ്ഫോടന കേസുമായി ബന്ധപ്പെട്ട് 1998 മാര്‍ച്ച് 31ന് എറണാകുളത്ത് നിന്ന് അറസ്റ്റിലാകുന്ന മഅദനി തമിഴ്നാട്ടിലെ ജയിലില്‍ വിചാരണ തടവുകാരനായി നീണ്ട 9 വര്‍ഷം കിടന്നു. ഒടുവില്‍ 2007 ഓഗസ്റ്റ് 1ന് കുറ്റക്കാരനല്ലെന്ന് കണ്ട് മഅദനിയെ പ്രത്യേക കോടതി വെറുതെ വിട്ടു.

Read Also: മഅദനിയുടെ ആരോഗ്യവിവരങ്ങൾ തിരക്കി; പിഡിപി നേതാവ് മാധ്യമപ്രവർത്തകയ്ക്ക് അയച്ചത് അശ്ലീല സന്ദേശം, കേസെടുത്ത് പൊലീസ്

ബംഗളൂരു ബോംബ് സ്ഫോടന കേസ്

2008 ജൂലായ് 25 ന് ബംഗളൂരുവില്‍ നടന്ന ഒമ്പത് ബോംബ് സ്‌ഫോടന പരമ്പരയില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ബംഗളൂരു സിറ്റി പൊലീസിന്റെ റിപ്പോര്‍ട്ടനുസരിച്ച്, ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ ഇരട്ട സ്ഫോടനങ്ങളുടെ മുഖ്യ സൂത്രധാരനെന്ന് ആരോപിച്ചാണ് മഅദനിയെ കസ്റ്റഡിയിലെടുത്തത്. നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കുമെന്നാണ് 2014ല്‍ കര്‍ണാടക സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചത്. എന്നാല്‍ ഏഴ് വര്‍ഷത്തിലേറെയായി മഅദനിയുടെ വിചാരണ ഇതുവരെയും പൂര്‍ത്തിയാക്കിയിട്ടില്ല. ഈ കേസിന്റെ വിചാരണ അവസാനിക്കും വരെ ബംഗളൂരു നഗരം വിട്ടുപോകരുതെന്നായിരുന്നു മഅദനിയുടെ ജാമ്യത്തിലെ പ്രധാന വ്യവസ്ഥകളിലൊന്ന്. ഏപ്രില്‍ 17ന് കേരളത്തില്‍ പിതാവിനെ കാണാന്‍ വരാന്‍ സുപ്രിംകോടതി മഅദനിക്ക് ജാമ്യം അനുവദിച്ചെങ്കിലും പൊലീസ് അകമ്പടിയോടെ കേരളത്തിലെത്താന്‍ 60 ലക്ഷം രൂപയാണ് ചിലവിനായി കര്‍ണാടക സര്‍ക്കാര്‍ മഅദനിയോട് വഹിക്കാന്‍ ആവശ്യപ്പെട്ടത്. ഈ വലിയ തുക വഹിക്കാന്‍ കഴിയാതെ വന്നതോടെ കേരളത്തിലേക്കുള്ള യാത്രയും മുടങ്ങിയിരുന്നു.

Story Highlights: Abdul Nasar Madani will reach Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here