പ്രതിപക്ഷ വിശാലസഖ്യത്തിൻ്റെ പേരിനെതിരെ പരാതി; 26 പാർട്ടികൾക്കെതിരെ കേസ്

പ്രതിപക്ഷ വിശാലസഖ്യത്തിന് INDIA എന്ന പേര് നൽകിയ പ്രതിപക്ഷ പാർട്ടികൾക്കെതിരെ കേസ്. ഡോ. അവിനാശ് മിശ്രയെന്ന ആൾ നൽകിയ പരാതിയിലാണ് 26 പ്രതിപക്ഷ പാർട്ടികൾക്കെതിരെ ഡൽഹി ബർക്കംഭ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. രാജ്യത്തിന്റെ പേര് തെറ്റായി ഉപയോഗിച്ചു എന്നാണ് പരാതി. (india name case parties)
പ്രതിപക്ഷ സഖ്യത്തിൻ്റെ പേരിനോട് ജെഡിയു അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന് വിയോജിപ്പെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. സഖ്യത്തിന് ‘ഇന്ത്യ’ എന്ന പേര് നൽകുന്നതിനെ നിതീഷ് കുമാർ എതിർത്തു എന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പേരിനെപ്പറ്റി കോൺഗ്രസ് യോഗത്തിൽ ഒരു ചർച്ചയും നടത്തിയില്ല. തീരുമാനിച്ച പേര് കേട്ടപ്പോൾ നിതീഷ് കുമാർ ഞെട്ടിപ്പോയെന്നും ജെഡിയു വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, ഈ റിപ്പോർട്ടുകളെ നിതീഷ് കുമാർ തള്ളി. തങ്ങൾ ഒറ്റക്കെട്ടാണെന്ന് നിതീഷ് കുമാർ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. കൂടുതൽ പാർട്ടികൾ സഖ്യത്തിൽ ചേരുമെന്നും അദ്ദേഹം പറഞ്ഞു.
Read Also: പ്രതിപക്ഷ സഖ്യത്തിൻ്റെ പേരിൽ താൻ വിയോജിച്ചെന്ന റിപ്പോർട്ടുകൾ തള്ളി നിതീഷ് കുമാർ
Indian National Developmental Inclusive Alliance എന്നതിൻ്റെ ചുരുക്ക രൂപമാണ് INDIA. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണ് ഈ പേര് നിർദ്ദേശിച്ചത്. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തെ പരാജയപ്പെടുന്നതിനായാണ് രാജ്യത്തെ 26 പ്രതിപക്ഷ പാർട്ടികൾ ഒത്തുചേർന്നത്. ബെംഗളൂരുവിൽ വച്ചായിരുന്നു പാർട്ടി നേതാക്കളുടെ കൂടിക്കാഴ്ച. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സിപിഐഎം, ആം ആദ്മി പാർട്ടി, ജനത ദൾ, ഡിഎംകെ, സമാജ്‌വാദി പാർട്ടി, സിപിഐ, മുസ്ലിം ലീഗ്, കേരള കോൺഗ്രസ് തുടങ്ങി വിവിധ പാർട്ടികളാണ് സഖ്യത്തിലുള്ളത്.
ഇതിനു പിന്നാലെ പ്രതിപക്ഷത്തിനെതിരെ ബിജെപി നേതാവ് പരാതി നൽകി. മഹാരാഷ്ട്രയിൽ നിന്നുള്ള ബിജെപി നേതാവ് അശുതോഷ് ദുബെയാണ് പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. രാഷ്ട്രീയ നേട്ടങ്ങൾക്കായി പ്രതിപക്ഷം രാജ്യത്തിന്റെ പേര് ദുരുപയോഗം ചെയ്യുകയാണെന്നാണ് ആരോപണം.
‘INDIA’ എന്ന പേര് പ്രതിപക്ഷം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു. ഇത് രാഷ്ട്രത്തിന്റെ അന്തസ്സിനെ അപമാനിക്കുന്നതിന് തുല്യമാണ്. സഖ്യം ജയിച്ചാൽ ‘ഇന്ത്യ’ വിജയിച്ചെന്ന് ആളുകൾ പറയും. മറിച്ചായാൽ ‘ഇന്ത്യ’ തോറ്റു എന്ന് പ്രചരിക്കും. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഇടപെടൽ ആവശ്യമാണെന്നും രാജ്യത്തിന്റെ അന്തസ്സ് നിലനിർത്താനും, ജനാധിപത്യ തത്വങ്ങൾ സംരക്ഷിക്കാനും നടപടി സ്വീകരിക്കണമെന്നും അശുതോഷ് ദുബെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
Story Highlights: india name complaint case parties
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here