സ്‌നേഹരാഷ്ട്രീയ പാഠങ്ങള്‍ അവശേഷിപ്പിച്ച് കുഞ്ഞൂഞ്ഞ് മടങ്ങുന്നു;അവസാനമായി സ്‌നേഹം പകരാന്‍ രാഹുലെത്തി

ജനക്കൂട്ടത്തെ തനിച്ചാക്കി ജനകീയ നേതാവ് ഉമ്മന്‍ ചാണ്ടിയ്ക്ക് ഇനി പുതുപ്പള്ളി പള്ളിയില്‍ അന്ത്യ വിശ്രമം. ഉമ്മന്‍ ചാണ്ടിയുടെ അന്ത്യയാത്ര പുതുപ്പള്ളി പള്ളി അങ്കണത്തിലെത്തി. ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനായി രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ പള്ളിയില്‍ എത്തിയിട്ടുണ്ട്. തിരക്ക് മൂലം രാഹുല്‍ ഗാന്ധിയ്ക്ക് ഉമ്മന്‍ ചാണ്ടിയുടെ പുതിയ വീട്ടിലെ പൊതുദര്‍ശനത്തില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ഉമ്മന്‍ ചാണ്ടിയുടെ അന്ത്യയാത്രയെ വാഹനത്തില്‍ അനുഗമിച്ചാണ് അദ്ദേഹം അവസാനമായി പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞിനെ കാണാനായി എത്തിയത്. രാഹുല്‍ ഗാന്ധി കൂടിയെത്തിയ പശ്ചാത്തലത്തിലാണ് പള്ളിയിലേക്കുള്ള വിലാപ യാത്ര നേരത്തേയാക്കിയത്. പള്ളിയിലും പൊതുദര്‍ശനം തുടരും. (Rahul Gandhi comes to Puthupally church to meet Oommen chandy)
പുതുപ്പള്ളിയുടെ കുടുംബവീട്ടിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ അന്ത്യയാത്ര പുതിയ വീട്ടിലെത്തിയത്. കുടുംബവീട്ടില്‍ പൊതുദര്‍ശനം ഉണ്ടായിരുന്നില്ല. പ്രാര്‍ത്ഥനകള്‍ക്ക് ശേഷം പൊതുദര്‍ശനത്തിനായി അദ്ദേഹത്തിന്റെ ഭൗതിക ശരീരം പുതിയ വീട്ടിലേക്ക് മാറ്റുകയായിരുന്നു.
ആള്‍ത്തിരക്ക് മൂലം അന്ത്യയാത്രയ്ക്കിടെ സമയനിഷ്ഠ പാലിക്കാന്‍ കഴിഞ്ഞിരുന്നില്ല. പുതുപ്പള്ളിയിലെ പുതിയ വീട്ടിലും പ്രാര്‍ത്ഥനകള്‍ തുടരുകയാണ്. സംസ്‌കാരം ഏഴരയോടെ പുതുപ്പളളി പള്ളിയില്‍ നടക്കുമെന്നാണ് അറിയിച്ചിരുന്നത്. സംസ്‌കാരം മണിക്കൂറുകള്‍ വൈകിയേക്കും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃത്രീയന്‍ കാത്തോലിക ബാവയുടെ മുഖ്യകാര്‍മികത്വത്തിലാണ് ശുശ്രൂഷകള്‍ നടക്കുന്നത്.
പതിനായിരക്കണക്കിന് ജനങ്ങളുടെ സ്‌നേഹവായ്പില്‍ അലിഞ്ഞാണ് ഉമ്മന്‍ ചാണ്ടി മടങ്ങുന്നത്. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പുതുപ്പള്ളി പള്ളിയില്‍ നടക്കുന്ന സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും. ഉമ്മന്‍ ചാണ്ടിയ്ക്ക് വേണ്ടി മുദ്രാവാക്യം വിളിച്ചും കണ്ണീര്‍പ്പൂക്കള്‍ അര്‍പ്പിച്ചും കോട്ടയത്തെ ജനലക്ഷങ്ങള്‍ പകരം വയ്ക്കാനില്ലാത്ത മടക്കയാത്രയാണ് ജനകീയനായ നേതാവിന് നല്‍കുന്നത്.
Story Highlights: Rahul Gandhi comes to Puthupally church to meet Oommen Chandy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here