‘മണിപ്പൂർ വിഷയത്തിൽ പ്രതികരിക്കാൻ പ്രധാനമന്ത്രിക്ക് ഒരു വിഡിയോ വേണ്ടിവന്നു’; വിമർശിച്ച് ആനി രാജ

മണിപൂർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് സിപിഐ നേതാവ് ആനി രാജ. വിഷയത്തിൽ പ്രതികരിക്കാൻ പ്രധാനമന്ത്രിക്ക് ഒരു വിഡിയോ വേണ്ടിവന്നുവെന്ന് ആനി രാജ ആരോപിച്ചു. പ്രധാനമന്ത്രിയുടേത് രാഷ്ട്രീയ പ്രതികരണമാണെന്നും, മോദിക്ക് രാജ്യത്തെ ജനങ്ങൾ വോട്ടും സീറ്റും നിലനിർത്താനുള്ള ഉപകരണം മാത്രമാണെന്നും ആനി രാജ കുറ്റപ്പെടുത്തി. ( annie raja about modi response on manipur )
‘ഒരു വിഡിയോ വേണ്ടി വന്നു നമ്മുടെ പ്രധാനമന്ത്രിക്ക് പ്രതികരിക്കാൻ. അദ്ദേഹം ഇത് ഭയക്കുന്നു. ഈ രാജ്യത്തെ പ്രതിപക്ഷ പാർട്ടികളും ജനങ്ങളും ചേർന്ന് ഇത് വലിയ വിഷയമാക്കിയാൽ അടുത്ത തെരഞ്ഞെടുപ്പിൽ പ്രതിസന്ധിയാകുമോ എന്നദ്ദേഹം ഭയക്കുന്നു. അതുകൊണ്ടാണ് രാഷ്ട്രീയ വത്കരിക്കരുതെന്ന് പറഞ്ഞത്. ജനരോഷത്തിൽ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടി ഭരണാധികാരി വർഗം എപ്പോഴും സ്വീകരിക്കുന്ന തന്ത്രമാണ് ഇത്തരം പ്രസ്താവനകൾ നടത്തി ജനരോഷം തണുപ്പിക്കുക എന്നത്’ ആനി രാജ പറഞ്ഞു.
മണിപ്പൂർ കാലപത്തെക്കുറിച്ച് ഇന്നലെയാണ് ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്. ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് രാജ്യത്തിന് ഉറപ്പ് നൽകുകയാണെന്നും മണിപ്പൂരിന്റെ പെൺമക്കൾക്കുണ്ടായ ദുരനുഭവം ഒരിക്കലും പൊറുക്കില്ലെന്നും ആയിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.
അതേസമയം, മണിപ്പൂർ വിഷയം ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സോമി സ്റ്റുഡന്റ്‌സ് ഫെഡറേഷൻ മണിപ്പൂർ സർക്കാരിനെതിരെ നൽകിയ ഹർജിയാണ് പരിഗണിക്കുക.
മണിപ്പൂരിൽ രണ്ടു യുവതികളെ ഒരു സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി പട്ടാപകൽ റോഡിലൂടെ നഗ്‌നരായി നടത്തിയ സംഭവത്തിൽ ഇന്നലെ ശക്തമായ നിലപാട് സുപ്രിംകോടതി സ്വീകരിച്ചിരുന്നു. ദൃശ്യങ്ങൾ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും സർക്കാർ നടപടിയെടുക്കണമെന്നുമടക്കമായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശം.
Story Highlights: annie raja about modi response on manipur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here