Advertisement

മണിപ്പൂര്‍ കൂട്ടബലാത്സംഗത്തില്‍ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു; മൗനം വെടിഞ്ഞ് സംസ്ഥാന വനിതാ കമ്മിഷനും

July 21, 2023
3 minutes Read
Manipur gang rape All accused remanded to 11day police custody

മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിച്ച് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ നാല് പ്രതികളെ 11 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മെയ് നാലിന് നടന്ന സംഭവത്തില്‍ വ്യാഴാഴ്ചയാണ് പ്രതികളെ അറസ്റ്റുചെയ്തത്. സംസ്ഥാനത്ത് ഇന്റര്‍നെറ്റിനുള്ള വിലക്ക് പിന്‍വലിച്ചതിന് പിന്നാലെയാണ് ദൃശ്യം പുറത്ത് വന്നത്. രണ്ട് സ്ത്രീകളോട് പൈശാചികമായ രീതിയില്‍ ആള്‍ക്കൂട്ടം പെരുമാറുന്നതിന്റെ വീഡിയോ രാജ്യമാകെ പ്രചരിച്ചതിന് പിന്നാലെ പൊലീസും ഭരണസംവിധാനങ്ങളും അനങ്ങിതുടങ്ങി. കേസ് രജിസ്റ്റര്‍ ചെയ്ത് 70 ആം ദിവസം ആദ്യ അറസ്റ്റുണ്ടായി. നിലവില്‍ നാല് ആകെ പേരാണ് കസ്റ്റഡിയിലുള്ളത്.(Manipur gang rape All accused remanded to 11day police custody)

സംഭവത്തില്‍ പ്രതികരണവുമായി മണിപ്പൂര്‍ വനിതാ കമ്മീഷന്‍ രംഗത്തെത്തി. ദേശീയ വനിതാ കമ്മിഷന് വിഷയത്തില്‍ കത്തയച്ചിട്ടുണ്ടെന്നും കുറ്റകൃത്യത്തില്‍ ഉടന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ലല്ലംചുംങ്കി പറഞ്ഞു. മണിപ്പൂര്‍ സ്ത്രീകള്‍ ആക്രമിക്കപ്പെട്ടത് പൊറുക്കാനാവാത്ത പ്രവൃത്തിയാണ്. സംഭവത്തില്‍ വനിതാ കമ്മിഷന്‍ വളരെ ആശങ്കാകുലരാണ്. സ്ത്രീകള്‍ക്കെതിരായ ഏത് തരത്തിലുമുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കണം. പുരുഷന്മാരുടെ ‘മസില്‍ പവര്‍’ സ്ത്രീകള്‍ക്ക് മേല്‍ പ്രയോഗിക്കരുതെന്നും കമ്മിഷന്‍ പ്രതികരിച്ചു.

അതേസമയം വിഷയത്തില്‍ ദേശീയ വനിതാ കമ്മീഷനെതിരെ ഗുരുതര ആരോപണമാണ് ഉയരുന്നത്. ജൂണ്‍ 12ന് അക്രമം നേരിട്ട സ്ത്രീകള്‍ക്ക് വേണ്ടി പരാതി നല്‍കിയിട്ടും നടപടിയെടുക്കാതെ അവഗണിച്ചതായാണ് റിപ്പോര്‍ട്ട്. മണിപ്പൂര്‍ ട്രൈബല്‍ അസോസിയേഷനെ കൂടാതെ രണ്ട് ആക്ടിവിസ്റ്റുകളും പരാതി മെയില്‍ വഴി അയച്ചിരുന്നു. എന്നാല്‍, എന്‍സിഡബ്ല്യുവില്‍ നിന്ന് ഇവര്‍ക്ക് പ്രതികരണമൊന്നും ലഭിച്ചിരുന്നില്ല. പിന്നീട് വീഡിയോ വൈറലായി, വന്‍ പ്രതിഷേധം ഉയര്‍ന്നതോടെയാണ് വനിതാ കമ്മീഷനും വിഷയത്തില്‍ ഇടപെട്ടത്.

ബുധനാഴ്ചയാണ് കലാപകാരികള്‍ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി റോഡിലൂടെ നടത്തിക്കുന്നതിന്റെ മനുഷ്യത്വരഹിതമായ വീഡിയോ പുറത്തുവന്നത്. രണ്ട് മാസം മുന്‍പ് നടന്ന ക്രൂരതയുടെ വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലായതോടെ മണിപ്പുര്‍ വിഷയത്തില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. മണിപ്പൂര്‍ വിഷയത്തില്‍ മൗനം വെടിഞ്ഞ പ്രധാനമന്ത്രി സംഭവം ലജ്ജാകരമാണെന്ന് പറഞ്ഞു. അതേസമയം സംസ്ഥാനത്ത് കുകി മെയ്‌തേയി വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം ഏറ്റവുമൊടുവില്‍ പുറത്തുവന്ന ബലാത്സംഗ കേസ് വരെ എത്തിയ ശേഷം മാത്രമാണ് പ്രധാനമന്ത്രി മൗനം വെടിയാന്‍ തയ്യാറായതെന്ന വിമര്‍ശനങ്ങള്‍ വ്യാപകമാണ്.

Read Also: മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി ലൈംഗികാതിക്രമം; യുവതികളിൽ ഒരാൾ കാർഗിൽ സൈനികന്റെ ഭാര്യ

വീഡിയോയുടെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി സ്വമേധയാ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ഇത് അംഗീകരിക്കാനാകില്ലെന്നും സംഭവത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ സുപ്രിംകോടതിക്ക് നടപടിയെടുക്കേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്.

Story Highlights: Manipur gang rape All accused remanded to 11day police custody

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top