രാഹുലിന്റെ ഹര്‍ജി മാറ്റി; ഗുജറാത്ത് സര്‍ക്കാരിനും പൂര്‍ണേഷ് മോദിക്കും നോട്ടിസ്

രാഹുല്‍ഗാന്ധിക്കെതിരായ അപകീര്‍ത്തിക്കേസില്‍ വിധി സ്റ്റേ ചെയ്യണമെന്ന അപ്പീലില്‍ തീരുമാനം വൈകും. കേസ് ഇന്ന് പരിഗണിച്ച സുപ്രിംകോടതി പരാതിക്കാരനായ പൂർണേഷ് മോദിക്കും ഗുജറാത്ത് സർക്കാരിനും നോട്ടീസ് അയച്ചു. പത്തു ദിവസത്തിനകം മറുപടി നൽകണം. ഓഗസ്റ്റ് 4 ന് കേസ് വീണ്ടും പരിഗണിക്കും.
അപകീര്‍ത്തിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഒരു പാര്‍ലമെന്റ് സെഷന്‍ രാഹുല്‍ ഗാന്ധിക്ക് നഷ്ടമായി. ഇന്നലെ മുതല്‍ ആരംഭിച്ച പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനവും രാഹുലിന് നഷ്ടമാകുന്ന സ്ഥിതിയാണ്. അതിനാല്‍ ശിക്ഷാ വിധിക്ക് അടിയന്തര സ്റ്റേ അനുവദിക്കണമെന്ന് രാഹുലിന്റെ അഭിഭാഷകനായ മനു അഭിഷേക് സിങ് വി ആവശ്യപ്പെട്ടു.
എന്നാല്‍ കേസില്‍ പരാതിക്കാരനും ഗുജറാത്ത് സര്‍ക്കാരിനും നോട്ടീസ് അയക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് പത്തുദിവസത്തിനകം നോട്ടീസിന് മറുപടി നല്‍കാന്‍ പരാതിക്കാരനോട് കോടതി നിര്‍ദേശിച്ചത്. കേസ് വീണ്ടും പരിഗണിക്കുന്നത് ഓഗസ്റ്റ് നാലിലേക്ക് മാറ്റി. ജസ്റ്റിസ് ബി ആര്‍ ഗവായ്, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിൽ കോലാറിൽ വച്ച് നടത്തിയ പ്രസംഗത്തിൽ മോദി സമുദായത്തെ ഒന്നടങ്കം രാഹുൽ ഗാന്ധി അപമാനിച്ചുവെന്നാണ് കേസ്. ‘എല്ലാ കള്ളൻമാർക്കും മോദി എന്ന പേര് പൊതുവായി വരുന്നത് എന്തുകൊണ്ടാണ്‘- എന്നായിരുന്നു രാഹുലിന്റെ പരാമർശം.
ഇതിനെതിരെ ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേഷ് മോദി നൽകിയ അപകീർത്തി കേസിൽ സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതി രാഹുൽ ഗാന്ധിക്ക് രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ചു. ഇതോടെ രാഹുലിന്റെ ലോക്സഭാംഗത്വത്തിന് അയോഗ്യത വന്നു. സൂറത്ത് കോടതി വിധിക്കെതിരെ രാഹുൽ നൽകിയ അപ്പീൽ ഗുജറാത്ത് ഹൈക്കോടതിയും തള്ളിയിരുന്നു.
Story Highlights: SC Notices Rahul Gandhi’s plea in ‘Modi Surname’ defamation case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here