ട്വിറ്ററിന്റെ റീബ്രാന്‍ഡിങ്; മസ്‌കിന്റെ എക്‌സ് ഡോട്ട് കോമിന്റെ ലക്ഷ്യം ‘സൂപ്പര്‍ ആപ്പ്’ ആകാനോ?

റീബ്രാന്‍ഡിങ്ങിലൂടെ ട്വിറ്ററിനെ അടിമുടി മാറ്റിയിരിക്കുകയാണ് ഇലോണ്‍ മസ്‌ക്. ട്വിറ്റര്‍ ലോഗോയില്‍ മാത്രമല്ല പുതിയ മാറ്റം പ്രകടമായിരിക്കുന്നത്. കമ്പനിക്ക് കീഴിലുള്ള ഔദ്യോഗിക വെരിഫൈഡ് അക്കൗണ്ടുകള്‍ക്കൊപ്പമുള്ള കമ്പനി ബാഡ്ജും പുതിയ ലോഗോ ആയി മാറി. ഞായറാഴ്ചയാണ് മസ്‌ക് പുതിയ മാറ്റത്തെക്കുറിച്ച് സൂചനകള്‍ നല്‍കിയത്. ഇന്നലെയോടെ ട്വിറ്റര്‍ എക്‌സ് എന്ന പേരിലേക്ക് മാറുകയും ചെയ്തു.
ട്വിറ്ററിന്റെ നീല പക്ഷിക്ക് പകരം എക്‌സ് എന്ന അക്ഷരമാണ് പുതിയ ലോഗോ. എന്നാല്‍ ഈ മാറ്റമോ പരിഷ്‌കരണമോ പെട്ടെന്നുണ്ടായതല്ല. ട്വിറ്റര്‍ മസ്‌ക് ഏറ്റെടുത്തതിന് പിന്നാലെ ഒക്ടോബറില്‍ തന്നെ കമ്പനിയുടെ ഔദ്യോഗിക നാമം എക്സ് കോര്‍പ്പ് എന്ന് മാറ്റിയിരുന്നു. ഈ എക്‌സ് എന്നത് പുതിയ ആശയവുമല്ല. എക്‌സ് എവരിതിങ് ആപ്പ് എന്ന പേരില്‍ ട്വിറ്ററിനെ മാറ്റിയെടുക്കുമെന്ന് മസ്‌ക് കഴിഞ്ഞവര്‍ഷം തന്നെ പ്രഖ്യാപിച്ചിരുന്നു.
1999ല്‍ മസ്‌ക് സ്ഥാപിച്ച വെബ്‌സൈറ്റിന്റെ പേര് എക്‌സ് ഡോട്ട് കോം എന്നായിരുന്നു. ഇപ്പോള്‍ ഈ പോര്‍ട്ടലില്‍ കയറിയാല്‍ ട്വിറ്ററിലേക്കാണ് പോകുന്നത്. 1999ല്‍ മസ്‌കും ഗ്രെഗ് കൂരിയും ചേര്‍ന്ന് സ്ഥാപിച്ച ഓണ്‍ലൈന്‍ ബാങ്കിങ് കമ്പനിയായിരുന്നു എക്‌സ് ഡോട്ട് കോം. പിന്നീട് ഇത് ഓണ്‍ലൈന്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ പേ പാല്‍ ആയി പരിണമിച്ചിരുന്നു.
എക്‌സ് എന്ന പേരുമാറ്റം ചൈനയുടെ വി ചാറ്റ് പോലൊരു സൂപ്പര്‍ ആപ്പാക്കി മാറ്റാനുള്ള മസ്‌കിന്റെ ശ്രമമെന്നാണ് സൂചന. ചൈനയിലെ ആഗോളതലത്തില്‍ വലയി തോതില്‍ പ്രചാരം ലഭിച്ച ആപ്പായിരുന്നു വി ചാറ്റ്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയില്‍ വി ചാറ്റിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വീ ചാറ്റ് ഇപ്പോള്‍ ബാങ്കിങ് സേവനം ഉള്‍പ്പെടെയുള്ളവ ഉപയോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. സമാനമായ മാറ്റങ്ങള്‍ പുതിയ എക്‌സില്‍ എത്തിക്കാനുള്ള നീക്കത്തിലാണ് മസ്‌ക്. എക്‌സ് ഡോട്ട് കോമുമായി സംയോജിപ്പിച്ച സ്ഥിതിക്ക് അടുത്ത് തന്നെ പേപാലിലെ സേവനങ്ങള്‍ ഉടനെ ട്വിറ്ററില്‍ പ്രത്യക്ഷപ്പെടുമെന്നാണ് സൂചന.
Story Highlights: Elon Musk Twitter rebranding X
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here