പുതുപ്പളളിയില്‍ ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കാന്‍ കോണ്‍ഗ്രസ്സ്

പുതുപ്പളളിയില്‍ ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കാന്‍ കോണ്‍ഗ്രസ്സ്. മണ്ഡലത്തില്‍ സംഘടനാ സംവിധാനം ശക്തമാക്കാനും തെരഞ്ഞെടുപ്പ് സമിതികള്‍ക്ക് രൂപം നല്‍കാനും നേതൃത്വം നിർദേശം നല്‍കി. ഉമ്മന്‍ ചാണ്ടി അനുസ്മരണ യോഗത്തിന് പിന്നാലെ ഇന്നലെ രാത്രി തിരുവനന്തപുരത്ത് നേതാക്കള്‍ യോഗം ചേർന്ന് പ്രാഥമിക ചർച്ചകള്‍ നടത്തി. എന്നാൽ, സ്ഥാനാർത്ഥിത്വ ചർച്ചകളിലേക്ക് പാർട്ടി കടന്നിട്ടില്ല.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം സ്ഥാനാർത്ഥി പ്രഖ്യാപനമെന്നതാണ് നേതൃത്വത്തിന്‍റെ നിലപാട്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വേളയില്‍ സ്വീകരിച്ചത് പോലെ മുന്നൊരുക്കങ്ങള്‍ ശക്തമാക്കി മേല്‍ക്കൈ നേടാനാണ് നേതൃത്വത്തിന്‍റെ നിർദേശം. തൃക്കാക്കരയില്‍ പരീക്ഷിച്ച തെരഞ്ഞെടുപ്പ് തന്ത്രങ്ങളാകും പുതുപ്പളളിയിലും കോണ്‍ഗ്രസ്സ് പയറ്റുക.
തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങളെ തള്ളി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ രംഗത്തുവന്നിരുന്നു. സജീവ രാഷ്ട്രീയത്തിലേക്ക് വരാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് അച്ചു ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു. മത്സരിക്കുന്നതിന് ചാണ്ടി ഉമ്മന്‍ യോഗ്യനാണ്. എങ്കിലും യോഗ്യതയും സ്ഥാനാര്‍ത്ഥി ആരെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയാണ് തീരുമാനിക്കുകയെന്നും അച്ചു ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.
താന്‍ സ്ഥാനാര്‍ത്ഥിയാകുമെന്നുള്ള ചര്‍ച്ചകള്‍ ശ്രദ്ധയില്‍പ്പെട്ടത് കൊണ്ടാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതെന്ന് അച്ചു ഉമ്മന്‍ പറയുന്നു. അച്ചു ഉമ്മന്‍ എന്ന പേരിനേക്കാള്‍ ഉമ്മന്‍ ചാണ്ടിയുടെ മകള്‍ എന്ന പേരിലാണ് താന്‍ ഇത്രയും കാലം അറിയപ്പെട്ടത്. ഉമ്മന്‍ ചാണ്ടിയുടെ മകള്‍ എന്ന ഐഡന്റിറ്റിയില്‍ തന്നെ മരിക്കുംവരെ ജീവിക്കണമെന്നാണ് ആഗ്രഹമെന്നും മറ്റൊന്നും ആഗ്രഹിക്കുന്നില്ലെന്നും അച്ചു ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.
കുടുംബത്തിലുള്ളവര്‍ എന്നതുപോലെ ഉമ്മന്‍ ചാണ്ടിയ്ക്ക് പുതുപ്പള്ളിയിലെ ഓരോരുത്തരേയും അറിയാമെന്ന് അച്ചു ഉമ്മന്‍ പറയുന്നു. ആ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നവരേയാകും പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി നിശ്ചയിക്കുക എന്ന് ഉറപ്പുണ്ടെന്ന് അച്ചു ഉമ്മന്‍ പറയുന്നു. ഈ അവസരത്തില്‍ താന്‍ സ്ഥാനാര്‍ത്ഥിയാകുമോ എന്ന ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ടോ എന്നും അച്ചു ഉമ്മന്‍ ചോദിച്ചു.
Story Highlights: puthuppally by election congress oommen chandy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here