4 മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുവന്ന 2 പേർ തിരുവനന്തപുരത്ത് പിടിയിൽ

തമിഴ്നാട്ടിൽ നിന്ന് നാലു മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ട് വന്ന രണ്ട് പേർ തിരുവനന്തപുരത്ത് പിടിയിൽ. നാടോടികളായ നാരായണൻ, ശാന്തി എന്നിവരാണ് പിടിയിലായത്. ഭിക്ഷാടനത്തിനായാണ് കുഞ്ഞിനെ കടത്തിയതെന്നാണ് സംശയം. കുഞ്ഞിനേയും പ്രതികളെയും തമിഴ്നാട് പൊലീസിന് കൈമാറി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് നാടോടികളായ നാരായണനും ശാന്തിയും ചേർന്ന് നാലുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുവന്നത്. നാഗർകോവിൽ വടശേരി പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. വടശേരി ബസ് സ്റ്റാൻഡിൽ ഉറങ്ങുകയായിരുന്ന മറ്റൊരു നാടോടി ദമ്പതികളുടെ കുഞ്ഞിനെ ഇവർ തട്ടിയെടുത്തു.
ശേഷം ഏറനാട് എക്സ്പ്രസിൽ തിരുവനന്തപുരത്ത് എത്തി. തുടർന്ന് തമിഴ്നാട് പൊലീസ് കേരള പൊലീസിന് വിവരം കൈമാറിയിരുന്നു. ഭിക്ഷാടനത്തിനായാണ് കുഞ്ഞിനെ കടത്തിയതെന്നാണ് സംശയം. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതിനിടെയാണ് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ വെച്ച് സംശയം തോന്നിയ കുഞ്ഞിനെ പരിശോധിച്ചത്.
പരിശോധനയിൽ തട്ടിക്കൊണ്ട് വന്ന കുഞ്ഞാണെന്ന് സ്ഥിരീകരിച്ചു. വളർത്താനാണ് കുഞ്ഞിനെ കൊണ്ടുവന്നതെന്നാണ് പൊലീസ് ചോദ്യം ചെയ്യലിൽ ഇവർ പറഞ്ഞത്. എന്നാൽ ഭിക്ഷാടനത്തിനായാണ് കുഞ്ഞിനെ എത്തിച്ചതെന്ന് തമിഴ്നാട് പൊലീസ് പറയുന്നു. അതേസമയം കുഞ്ഞിനേയും പ്രതികളെയും ചിറയിൻകീഴ് പൊലീസ് തമിഴ്നാട് പൊലീസിന് കൈമാറിയിട്ടുണ്ട്.
Story Highlights: 2 arrested in Thiruvananthapuram for abducting a 4-month-old baby
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here