Advertisement

ഒന്നാം ഏകദിനത്തിൽ വിൻഡീസിനെ തകർത്ത് ടീം ഇന്ത്യ; ഇഷാൻ കിഷന് അർധ സെഞ്ച്വറി

July 28, 2023
Google News 2 minutes Read
Ind Vs WI 1st ODI: Ishan Kuldeep shine; India win by 5 wickets

വെസ്റ്റ് ഇൻഡീസിന് എതിരെയുള്ള ആദ്യ ഏകദിനത്തിൽ അഞ്ച് വിക്കറ്റിൻറെ തകർപ്പൻ ജയവുമായി ടീം ഇന്ത്യ. 115 റൺസെന്ന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 22.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് വിജയ തീരത്തെത്തിയത്. 46 പന്തിൽ 52 റൺസുമായി ഇഷാൻ കിഷനാണ് ബാറ്റിങ്ങിൽ തിളങ്ങിയത്. മറ്റ് താരങ്ങൾക്ക് ബാറ്റിംഗിന് അവസരം കൊടുക്കാനായി വിരാട് കൊഹ്ലി ക്രീസിലിറങ്ങാതിരുന്നപ്പോൾ നായകൻ രോഹിത് ശർമ്മ ഏഴാമനായാണ് ക്രീസിലെത്തിയത്.

ഇഷാൻ കിഷന് ഓപ്പണിംഗിൽ ശുഭ്‌മാൻ ഗില്ലിനൊപ്പം അവസരം കൊടുക്കുകയായിരുന്നു. എന്നാൽ 16 പന്തിൽ 17 റൺസുമായി ഗിൽ പുറത്തായി. ജെയ്‌ഡൻ സീൽസിൻറെ പന്തിൽ സ്ലിപ്പിൽ ബ്രാണ്ടൻ കിംഗിനായിരുന്നു ക്യാച്ച്. തുടർന്നെത്തിയ സൂര്യകുമാർ യാദവ് (25 പന്തിൽ 19) നന്നായി ബാറ്റ് വീശിയെങ്കിലും ഗുഡകേഷ് മോട്ടീയെ സ്വീപ് കളിക്കാൻ ശ്രമിച്ച് എൽബിയിൽ മടങ്ങി. നാലാമനായി ക്രീസിലെത്തിയ ഹാർദിക് പാണ്ഡ്യയ്ക്ക് അധികം ആയുസുണ്ടായിരുന്നില്ല. 7 പന്തിൽ 5 റണ്ണെടുത്ത് ഹാർദിക്കും കൂടാരം കയറി. 52 റൺസുമായി മുന്നേറിയ ഇഷാൻ കിഷനെയും മോട്ടി മടക്കി. 1 റണ്ണുമായി ഷർദുൽ ഠാക്കൂറും കൂടാരം കയറിയതോടെ രവീന്ദ്ര ജഡേജയും(16), രോഹിത് ശർമ്മയും(12) ചേർന്ന് ടീമിനെ വിജയ തീരത്തെത്തിക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ്. കേവലം 23 ഓവറിൽ 114 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. നാലു വിക്കറ്റ് പിഴുത കുൽദീപും 3 വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും ചേർന്നാണ് വിൻഡീസിനെ വീഴ്ത്തിയത്. ക്യാപ്റ്റൻ ഷായ് ഹോപ്പ് (43) ഒഴികെയുള്ള ബാറ്റർമാരെല്ലാം നിരാശപ്പെടുത്തിയതോടെ വിൻഡീസ് 114 റൺസിൽ ഒതുങ്ങുകയായിരുന്നു.

അലിക്ക് അഥനേസിന്റെ 22 റൺസ് ആണ് വിൻഡീസ് നിരയിലെ രണ്ടാമത്തെ മികച്ച സ്‌കോർ. ക്യാപ്റ്റൻ ഷായ് ഹോപ്പിനെയും അലിക്ക് അഥനേസിനെയും കൂടാതെ രണ്ടക്കം കടന്നത് ഓപണർ ബ്രാൻഡൻ കിങ്ങും (17) ഷിംറോൺ ഹെറ്റ്‌മെയറും(11) മാത്രമാണെന്നത് വിൻഡീസിന്റെ തകർച്ചയുടെ ആഴം വ്യക്തമാക്കുന്നു.

കളി ആരംഭിച്ച് മൂന്നാം ഓവറിൽ തന്നെ വിൻഡീസിന് ആദ്യ പ്രഹരമേറ്റു. കൈൽ മയേഴ്‌സിനെ ക്യാപ്റ്റൻ രോഹിത് ശർമയുടെ കൈയിലെത്തിച്ച് ഹർദിക് പാണ്ഡ്യയാണ് വിക്കറ്റുവേട്ട ആരംഭിച്ചത്. അഥനേസിനെ മടക്കി അരങ്ങേറ്റക്കാരൻ മുകേഷ് കുമാറും കിങ്ങിനെ തിരിച്ചയച്ച് ഷർദുൽ താക്കൂറും ഇരട്ട പ്രഹരം ഏർപ്പിച്ചെങ്കിലും ഒരറ്റത്ത് ഷായ് ഹോപ്പ് ഉറച്ചുനിന്നു. ജഡേജയും കുൽദീപും എത്തിയതോടെ വെസ്റ്റ് ഇൻഡീസ് ബാറ്റർമാർ ഒന്നൊന്നായി കൂടാരം കയറുകയായിരുന്നു.

Story Highlights: Ind Vs WI 1st ODI: Ishan, Kuldeep shine; India win by 5 wickets

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here