‘കണ്ണീർപൂക്കളെപ്പോലും കൂരമ്പുകളാക്കുന്നവരോടാണ്’; അന്വേഷണത്തിൽ വീഴ്ചയെന്ന വിമർശനങ്ങളോട് പ്രതികരിച്ച് പൊലീസ്

ആലുവയിൽ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ കേസിൻ്റെ അന്വേഷണത്തിൽ വീഴ്ചയെന്ന വിമർശനങ്ങളോട് പ്രതികരിച്ച് പൊലീസ്. പരാതി ലഭിച്ചത് മുതൽ ഊർജിതമായ അന്വേഷണം നടത്തിയെന്ന് പൊലീസ് പറയുന്നു. രാവിലെ തന്നെ പ്രതിയെ കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തി. കുഞ്ഞിനെ ജീവനോടെ മാതാപിതാക്കൾക്കരികിൽ എത്തിക്കാനാവാത്തതിൽ മറ്റു മനുഷ്യരെ പോലെ ഓരോ പൊലീസ് ഉദ്യോഗസ്ഥനും വേദനയാണ് എന്നും പൊലീസ് വിശദീകരിച്ചു. കുഞ്ഞിന് ആദരാഞ്ജലി അർപ്പിച്ച് ഫേസ്ബുക്ക് പേജിൽ പങ്കുവച്ച പോസ്റ്റിൻ്റെ കമൻ്റ് ബോക്സിലാണ് പൊലീസിൻ്റെ വിശദീകരണം. (police aluva child murder)
പൊലീസിൻ്റെ പ്രതികരണക്കുറിപ്പ്:
കണ്ണീർപൂക്കളെപ്പോലും കൂരമ്പുകളാക്കുന്നവരോടാണ് .. !! ഇന്നലെ വൈകുന്നേരം 7 മണിക്ക് പരാതി ലഭിക്കുന്നതുമുതൽ പോലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചിരുന്നു. ആ കുഞ്ഞിനെ ജീവനോടെ മാതാപിതാക്കൾക്കരികിൽ എത്തിക്കുകയെന്നതായിരുന്നു ഞങ്ങളുടെ ലക്‌ഷ്യം. CCTV ദൃശ്യങ്ങൾ ശേഖരിച്ചു പരമാവധി വേഗത്തിൽ പ്രതിയെ തിരിച്ചറിയാനായി. രാവിലെ തന്നെ പ്രതിയെ കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആ കുഞ്ഞിനെ ജീവനോടെ മാതാപിതാക്കൾക്കരിലെത്തിക്കാൻ ആയില്ലെന്നത് നിങ്ങളെപ്പോലെ തന്നെ ഓരോ പോലീസുദ്യോഗസ്ഥനും വേദനയാണ്. കാരണം ഞങ്ങളും മാതാപിതാക്കളാണ്. ആ വേദനയാണ് ഈ ആദരാഞ്ജലി പോസ്റ്റിലൂടെ ഞങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
ആലുവയിൽ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ മൃതദേഹം സംസ്കരിച്ചു. ആലുവ കീഴ്മാട് ശ്‌മശാനത്തിലാണ് കുഞ്ഞിൻ്റെ മൃതദേഹം സംസ്കരിച്ചത്. തായിക്കാട്ടുകര എൽപി സ്‌കൂളിലെ അഞ്ചാം ക്ലാസുകാരിയായിരുന്ന കുട്ടിയെ അതേ ക്ലാസിൽ തന്നെ പൊതുദർശനത്തിനു വച്ചിരുന്നു. ആയിരങ്ങളാണ് കുഞ്ഞിന് ആദരാഞ്ജലി അർപ്പിച്ചത്.
Read Also: ആലുവയിൽ അഞ്ച് വയസുകാരിയുടെ കൊലപാതകം; പ്രതി റിമാൻഡിൽ
കേസിലെ പ്രതി അസഫാക്ക് ആലം റിമാൻഡിലാണ്. പ്രതിയെ ആലുവ സബ് ജയിലിലേക്ക് ഇന്നുതന്നെ മാറ്റും. പ്രതിക്കെതിരെ കൊലപാതകം, പോക്സോ, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ എന്നിവയടക്കം 9 വകുപ്പുകളാണ് എഫ് ഐ ആറിൽ ചുമത്തിയിട്ടുള്ളത്.
കൊലപാതകത്തിലെ തുടരന്വേഷണത്തിനായി അന്വേഷണ സംഘം ബിഹാറിലേക്ക് പോവുകയാണ്. പ്രതി അസഫാക്ക് ആലത്തിൻ്റെ പശ്ചാത്തലം അറിയുന്നതിനായാണ് അന്വേഷണസംഘത്തിൻ്റെ തീരുമാനം. സംഘത്തിലെ മൂന്നുപേരാവും പോവുക. പ്രതിക്കെതിരെ കൊലപാതകം, പോക്സോ, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ആകെ 9 വകുപ്പുകൾ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. എഫ്ഐആർ പകർപ്പും വിശദാംശങ്ങളും 24ന് ലഭിച്ചു.
Story Highlights: kerala police facebook post aluva child murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here